പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലും മേലാമുറിയിലും നടന്ന അരുംകൊലകളിലെ പ്രതികൾ പൊലീസ് വലയത്തിൽ. എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 3 പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രതികൾക്കു സഹായം നൽകിയവരും കസ്റ്റഡിയിലുണ്ട്. ആർ എസ് എസ് നേതാവ് ശ്രീനിവാസ് കൃഷ്ണനെ കൊന്നവരെ കുറിച്ചും വിവരങ്ങൾ കിട്ടിയിട്ടുണ്ട്.

സുബൈറിന്റെ പോസ്റ്റ്‌മോർട്ടം ജില്ലാ ആശുപത്രിയിൽ നടക്കുമ്പോൾ പ്രതികൾ അവിടെ ഉണ്ടായിരുന്നു. അവിടെ നിന്നാണ് ബൈക്കിൽ ശ്രീനിവാസനെ കൊല്ലാൻ ഇവർ പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടി. ഇതോടെ സുബൈറിന്റെ വധത്തെ തുടർന്നുള്ള ഗൂഢാലോചനയിൽ ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്ന വിലയിരുത്തൽ സജീവമാകുകയാണ്. സുബൈറിനെ കൊലപ്പെടുത്തിയത് നേരത്തെ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്തുക്കളാണ്. കൂട്ടുകാരനെ കൊന്നതിന് ജയിലിൽ നിന്നിറങ്ങി പ്രതികാരം ചെയ്യുകയായിരുന്നു.

കൊലപാതകത്തിന്റെ നിർണായക തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. കേസിൽ തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്തേണ്ടതിനാൽ പ്രതികളിൽ ആരുടെയും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പിതാവ് അബൂബക്കറുമായി ബൈക്കിൽ പോകുന്നതിനിടെ കഴിഞ്ഞ 15നാണു കാറിലെത്തിയ അക്രമിസംഘം സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു കൊല്ലം മുമ്പ് സക്കീർ ഹുസൈൻ എന്ന എസ് ഡി പി ഐ നേതാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഘമാണ് സുബൈറിനേയും വകവരുത്തിയത്.

അന്നത്തെ പകയാണ് കൊലയ്ക്ക് കാരണം. സഞ്ജിത്തും സക്കീർ ഹുസൈനുമായി പ്രശ്‌നമുണ്ടായിരുന്നു. ഇതായിരുന്നു സക്കീർ ഹുസൈനെ വെട്ടാനുള്ള കാരണം. ഇതിനുള്ള പ്രതികാരമായിരുന്നു സഞ്ജിത്തിന്റെ കൊല. ഈ പ്രതികാരമാണ് സുബൈറിനേട് പ്രതികൾ കാട്ടിയതെന്നാണ് നിഗമനം. ഈ കേസിലെ പ്രധാന പ്രതികളെല്ലാം പൊലീസ് പിടിയിലാണ്. എന്നാൽ ശ്രീനിവാസനെ വകവരുത്തിയവരെ ഇനിയും കണ്ടെത്തിയിട്ടില്ല.

പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. ചിലർ കസ്റ്റഡിയിലാണ്. മറ്റുള്ളവർ നിരീക്ഷണത്തിലാണ്. 16നായിരുന്നു കൊലപാതകം. പ്രതികൾക്കു വാഹനം ലഭ്യമാക്കിയവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 2 കൊലപാതകങ്ങളും 2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുന്നത്.

എലപ്പുള്ളി കൊലപാതകത്തിനു പ്രതികാരമായാണു മേലാമുറിയിലെ കൊലപാതകമെന്നാണു പൊലീസ് വിലയിരുത്തൽ. കൊലപാതകത്തിന്റെ രീതിയും മറ്റു വശങ്ങളും പ്രത്യേകം പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ ഫോൺ രേഖകളും പരിശോധിക്കുന്നുണ്ട്. ചില നിർണായക സൂചനകളും ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന്റെ തീവ്രസ്വഭാവം പൊലീസിനെയും ആശങ്കയിലാക്കുന്നുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എഡിജിപി വിജയ് സാഖറെ ജില്ലയിൽ ക്യാംപ് ചെയ്താണ് അന്വേഷണ, സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നത്.