ചണ്ഡീഗഡ്: ഹരിയാന ബിജെപി അദ്ധ്യക്ഷൻ സുഭാഷ് ബറാലയുടെ മകൻ യുവതിയെ പിന്തുടർന്ന ആക്രമിക്കാൻ ശ്രമിച്ച സംഭവം നിർണായക വഴിത്തിരിവിൽ. ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ സുഭാഷ് ബറാലയുടെ മകൻ വികാസ് ബറാല പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് നിർണായകമായത്.

ചണ്ഡീഗഡ് ദേശീയ പാതയിലൂടെ യുവതിയെ വികാസ് ബറാല കാറിൽ പിന്തുടരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. അഞ്ച് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാനായതായി പൊലീസ് പറഞ്ഞു. വികാസിനെതിരേ യുവതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഈ സിസിടിവി ദൃശ്യങ്ങൾ കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനിടെ വർണിക തനിക്ക് മകളെപ്പോലെയാണെന്ന് സുഭാഷ് ബറാല പ്രതികരിച്ചു. കേസ് അന്വേഷണത്തിൽ യാതൊരുവിധ സമ്മർദ്ദവും ചെലുത്തുന്നില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. സ്ത്രീകളുടെ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലുമാണ് ബിജെപി വിശ്വസിക്കുന്നത്'- സുഭാഷ് ബറാല വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു സുഭാഷ് ബറാല രാജിസന്നദ്ധത അറിയിച്ചെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി സുഭാഷ് ബറാല ഫോണിൽ സംസാരിച്ചു. മകനുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാൽ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കാൻ തയാറാണെന്ന് അദ്ദേഹം അമിത് ഷായെ അറിയിച്ചെന്നാണ് വിവരം.

സിസിടിവി ദൃശ്യങ്ങൾ സുരക്ഷിതമാണെന്നും പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ചണ്ഡിഗഡ് എംപിയും ബിജെപി നേതാവുമായ കിരൺ ഖേർ പ്രതികരിച്ചു. അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും വ്യക്തമാക്കി.

സുഭാഷ് ബറാലയുടെ മകൻ വികാസ് ബറാലയ്‌ക്കെതിരേ തട്ടിക്കൊണ്ടുപോകൽ ആരോപണവുമായി ഹരിയാനയിലെ ഐഎഎസ് ഓഫീസറുടെ മകളായ വർണിക കുണ്ഡുവാണ് രംഗത്തെത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

ചണ്ഡിഗഡ് നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന യുവതിയെ വികാസും മറ്റൊരാളും ടാറ്റ സഫാരി വാഹനത്തിൽ പിന്തുടരുകയായിരുന്നു. വികാസ് രണ്ടുതവണ യുവതിയുടെ വാഹനത്തെ മറികടന്ന് റോഡിനു കുറുകെ വാഹനം നിർത്താനും ഇടിപ്പിക്കാനും ശ്രമം നടത്തി. എന്നാൽ വാഹനം നിർത്താതെ യുവതി രക്ഷപ്പെടുകയായിരുന്നു.