മലപ്പുറം: ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിൽ അയൽവാസിയാൽ കൊല ചെയ്യപ്പെട്ട സുബീറ ഫർഹത്ത് (21 ) ന്റെ മൃതദേഹം ഇന്ന് കബറടക്കി. കഴിഞ്ഞ മാർച്ച് 10 നു രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും വെട്ടിച്ചിറയിലെ ജോലി സ്ഥലത്തേക്ക് പോയ സുബീറ ഫർഹത്തിനെ കാണാതാവുകയായിരുന്നു. 41 ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 20 ചൊവ്വാഴ്ച യുവതിയുടെ വീടിന്റെ 200 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു.

ബുധനാഴ്‌ച്ച രാവിലെ പുറത്തെടുത്ത മൃതദേഹ അവഷിശ് ടങ്ങൾ പോസ്റ്റ് മോർട്ടത്തിനും വിശദമായ ഫോറൻസിക് പരിശോധനക്കുമായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പരിശോധനകൾ പൂർത്തിയാക്കി തിങ്കളാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് ഉച്ചക്ക് 2.15 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു.വീട്ടിൽ നടന്ന ചടങ്ങിൽ പിതാവ് ചോറ്റൂർ കിഴുകപറമ്പാട്ട് വീട്ടിൽ കബീർ മയ്യത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് 2.45 ഓടെ ചോറ്റൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കബറടക്കി.

പ്രതി മുഹമ്മദ് അൻവറിനെ കൃത്യം നടത്തിയ സ്ഥലത്തെത്തിച്ച് കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.. വ്യാഴാഴ്ച പകൽ 11 .30 ഓടെയാണ് മൃതദേഹം കുഴിച്ചുമൂടിയതിനു സമീപത്തെ ചെങ്കൽ ക്വാറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തുടർന്ന് യുവതിയുടെ ഷോൾഡർ ബാഗ്, പ്രതിയുടെ വസ്ത്രങ്ങൾ, മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച കൈക്കോട്ട് എന്നിവ കണ്ടെടുത്തു. മൊബൈൽ ഫോൺ കുഴൽക്കിണറിൽ ഇട്ടതിനാൽ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

യുവതിയുടെ ആഭരങ്ങൾ വിൽപ്പന നടത്തിയിരിക്കുകയാണ്. ഇത് അടുത്ത ദിവസം വീണ്ടെടുക്കും. കൊലപാതകം നടത്തിയതിനു ശേഷം യുവതിയുടെ കൈവശമുണ്ടായിരുന്ന ഷോൾഡർ ബാഗ് പ്രതി ചെങ്കൽ ക്വാറിയിൽ കുഴിച്ചിടുകയായിരുന്നു. ഇത് പ്രതി തന്നെ പുറത്തെടുത്തു. മൊബൈൽ ഫോൺ തൊട്ടടുത്ത് തന്നെയുള്ള കുഴൽക്കിണറിൽ ഇട്ടതിനു ശേഷം വലിയ കല്ലുകളും ഇട്ടു. ഏകദേശം 500 അടിയോളം ആഴമുള്ള കുഴൽക്കിണറിൽ കയർ ഇറക്കി പരിശോധിച്ചപ്പോൾ 30 മീറ്റർ ആഴത്തിൽ മാത്രമേ എത്തിയുള്ളു.

അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ വീടെടുക്കാൻ കഴിഞ്ഞില്ല. മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച കൈക്കോട്ട് തൊട്ടടുത്ത പറമ്പിൽ നിന്നും കണ്ടെത്തു. പ്രതി കൃത്യം നിർവ്വഹിക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇയാളുടെ വീടിനു ഏതാനും മീറ്ററുകൾ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും പൊലീസ് കണ്ടെടുത്തു. പൊലീസ് നായ പരിശോധനക്ക് എത്തിയാൽ പിടിക്കപ്പെടാതിരിക്കാനാണ് വസ്ത്രങ്ങൾ ഉപേക്ഷിച്ചത്. ബുധനാഴ്ച കോടതിൽ ഹാജരാക്കിയ പ്രതിയെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. വളാഞ്ചേരി സ്റ്റേഷൻ എസ് എച്ച് ഒ പി എം ഷമീറിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ. മുഹമ്മദ് റാഫി, പ്രമോദ്, എ എസ് ഐ ജയപ്രകാശ്, എസ്.സി.പി.ഒമാരായ. രാജേഷ്, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.സുബൈദയാണ് സുബീറ ഫർഹത്തിന്റെ മാതാവ്. സഹോദരങ്ങൾ : നസീഹ, മുഹമ്മദ് അസ്ലം