കണ്ണൂർ: ഫസൽ വധത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നു നൽകിയ മൊഴി തന്നെ കെട്ടിത്തൂക്കി നഗ്നനാക്കി മർദിച്ച് എടുപ്പിച്ചതാണെന്നു വെളിപ്പെടുത്തൽ. ഫസൽ വധത്തിൽ തനിക്കു പങ്കുണ്ടെന്നും ആർഎസ്എസ് നടത്തിയതാണെന്നു കാട്ടി പുറത്തുവന്ന വീഡിയോ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വ്യക്തമാക്കി സുബീഷ് ഇന്നു കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കണ്ടു. തന്ന വകവരുത്തുമോ എന്നു പേടിച്ചാണ് പൊലീസിനോട് അങ്ങനെ പറഞ്ഞതെന്നും സുബീഷ് പറഞ്ഞു.

താൻ പറയുന്ന കാര്യങ്ങളിൽ എന്ത് അന്വേഷണം നടന്നാലും നേരിടാം. വേണമെങ്കിൽ നുണപരിശോധനയ്ക്കു വരെ ഹാജരാകാം. പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ല. ഡിവൈഎസ്‌പി സദാനന്ദനാണ് ചോദ്യം ചെയ്തതല്ല. തന്റെ സംസാരവുമായി ബന്ധമില്ലാത്തതാണ് ശബ്ദരേഖയിൽ കേൾക്കുന്നത്. പൊലീസ് മർദനത്തിൽ തനിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. മൂന്നു ദിവസം തുടർച്ചയായി മർദിച്ചു. പൊലീസ് കസ്റ്റഡിയിൽ തലകീഴായി കെട്ടിത്തൂക്കിയും മുളകുവെള്ളം ഒഴിച്ചുമായിരുന്നു മർദനമെന്നും സുബീഷ് പറഞ്ഞു.

പരുക്കേറ്റ തന്നെ പൊലീസ് തന്നെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചു തലയ്ക്കും കാലിനും കുത്തിവയ്‌പെടുത്തിരുന്നു. ഇതെന്തിനാണെന്ന് അറിയില്ല. പൊലീസ് കസ്റ്റഡിയിലെടുത്തത് മൂന്നാറിൽനിന്നു കാറിൽ മടങ്ങിവരുമ്പോഴാണ്. ക്രൂരമായി മർദിച്ച ശേഷം ജീവൻ വേണമെങ്കിൽ ആർഎസ്എസിനെതിരായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. സ്വാഭാവികതയ്ക്കായി പൊലീസ് പലതവണ മൊഴി റെക്കോഡ് ചെയ്തു. തന്റേതെന്ന രീതിയിൽ പുറത്തു പ്രചരിക്കുന്ന മൊഴിയുമായി ബന്ധപ്പെട്ട ഒരു കാര്യവും തന്നെ ഹാജരാക്കിയ മട്ടന്നൂർ മജിസ്‌ട്രേറ്റിനോടു പറഞ്ഞിട്ടില്ല.

കൊല നടത്തിയ സംഘത്തിൽ താനുണ്ടായിരുന്നെന്നു കാട്ടുന്ന ടെലിഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. ബിജെപി, ആർഎസ്എസ് നേതൃത്വവുമായി സുബീഷ് നടത്തുന്ന സംഭാഷണമെന്ന പേരിലാണ് ഇതു പ്രചരിക്കുന്നത്. മറ്റൊരു കേസിൽ അറസ്റ്റിലായ സുബീഷ് ചോദ്യം ചെയ്യലിനിടെയാണ് ഫസൽ വധത്തിലുള്ള പങ്കു വെളിപ്പെടുത്തിയതെന്നാണു പൊലീസ് ഭാഷ്യം. അതേസമയം, പുറത്തുവന്ന ഫോൺ സംഭാഷണം പൊലീസ് കസ്റ്റഡിയിൽ ആകുന്നതിനു മുമ്പു നടന്നതാണ്. ഇതും നിഷേധിക്കുകയായിരുന്നു സുബീഷ്.

ഇന്നലെയാണ് ആർഎസ്എസിനാണു ഫസൽ വധത്തിൽ പങ്കെന്നു കാട്ടി സുബീഷിന്റെ മൊഴിയുടെ വീഡിയോ പകർപ്പു പുറത്തുവന്നത്. ഇതോടെ, കേസിൽ പ്രതിചേർക്കപ്പെട്ട കാരായി ചന്ദ്രശേഖരനെയും കാരായി രാജനെയും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടു സിപിഐഎം കേന്ദ്രങ്ങളിൽനിന്നും ഇടതു അണികളിൽ നിന്നും ഉയർന്നത്. അച്ഛനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടു കാരായി രാജന്റെ മകൾ മേഘയും പോസ്റ്റ് ഇട്ടിരുന്നു. അതിനു പിന്നാലെയാണ് സുബീഷ് മൊഴി തിരുത്തി രംഗത്തെത്തിയത്.

ഇതോടെ, കേരള രാഷ്ട്രീയത്തിൽ ഒരു കാലത്ത് ഏറെ ചർച്ചയായ ഫസൽ വധക്കേസ് വീണ്ടും ഉയർന്നുവരികയാണ്. സിപിഐഎമ്മും ആർഎസ്എസും വീണ്ടും സംസ്ഥാനത്തു നേർക്കു നേർ വരുന്ന സാഹചര്യത്തിൽ കണ്ണൂർ രാഷ്ട്രീയം കലുഷിതമാക്കുന്നതുമായിരിക്കും ഫസൽ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ. തലശേരി സെയ്ദാർപള്ളിയിലെ എൻഡിഎഫ് നേതാവും സ്ഥലത്തു തേജസ് പത്രത്തിന്റെ ഏജന്റുമായിരുന്നു ഫസൽ. നേരത്തെ സിപിഐഎം പ്രവർത്തകനായിരുന്നു. എൻഡിഎഫിലേക്കു പോയതിലെ പ്രതികാരം സിപിഐഎം തീർത്തു എന്നായിരുന്നു കേസ് അന്വേഷിച്ച സിബിഐയുടെ നിഗമനം.

എന്നാൽ, നിരന്തരമായി കൊടികളും ബോർഡുകളും നശിപ്പിച്ചതിലെ പ്രതികാരം ആർഎസ്എസ് തീർക്കുകയായിരുന്നെന്നാണ് ഇന്നലെ സുബീഷിന്റേതെന്ന പേരിൽ പുറത്തുവന്ന മൊഴിയിൽ പറഞ്ഞിരുന്നത്. കേസിൽ ആദ്യം ആരോപണവിധേയമായതും ആർഎസ്എസ് ആയിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വഷണത്തിനു ശേഷം കേസ് ഏറ്റെടുത്ത സിബിഐയാണ് കൊലപാതകത്തിനു പിന്നിൽ സിപിഐഎമ്മാണെന്നു കണ്ടെത്തിയത്. അന്നു തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനെയും തിരുവങ്ങാട് ലോക്കൽ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനെയും സിബിഐ അറസ്റ്റ് ചെയ്തു.

ഇരുവരും മാസങ്ങളോളം കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞു. ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നായിരുന്നു ഉപാധി. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിച്ചു ജയിച്ചിരുന്നു. എന്നാൽ കണ്ണൂരിൽ പ്രവേശിക്കുന്നതിനു വിലക്കു നിലനിന്ന സാഹചര്യത്തിൽ ഇരുവരും സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഏറെ നാളത്തെ കൊച്ചി വാസത്തിനു ശേഷം തിരുവനന്തപുരത്തു ചിന്ത പബ്ലിക്കേഷനിൽ പ്രൂഫ് റീഡറായി കാരായി രാജൻ ജോലിയിൽ പ്രവേശിക്കാനിരിക്കുകയാണ്.