ന്യൂഡൽഹി: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നു പിടിയിലായ സുബ്ഹാനി ഐസിസ് ഭീകരൻ തന്നെയെന്നു റിപ്പോർട്ട്. എൻഐഎയ്ക്കു നൽകിയ മൊഴിയിലാണ് സുബ്ഹാനി ഐസിസിനായി യുദ്ധം ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കിയത്.

ഹാജി മൊയ്തീൻ, അബുമീർ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഇയാൾ തൊടുപുഴയിൽ ഏറെ നാൾ താമസിച്ചിരുന്നു.

ഐസിസിനായി യുദ്ധം ചെയ്തതിന് ഇന്ത്യയിൽ പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സുബ്ഹാനി. ഇറാഖിലും സിറിയയിലും അഞ്ചുമാസം താമസിച്ചാണ് ഐസിസിനായി പോരാടിയതെന്ന് എൻഐഎയ്ക്കു മൊഴി നൽകി. സുഹൃത്തുക്കൾക്കു പരിക്കേറ്റതു കണ്ടതിനെ തുടർന്നു നാട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി.

ഐസിസിനു വേണ്ടി പോരാടിയതിന് ഇയാൾക്ക് മാസം തോറും പ്രതിഫലവും കിട്ടി. കൂടാതെ ഇയാൾ ഇന്ത്യയിലെത്തിയ ശേഷവും ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി മാസം തോറും ഇന്ത്യയിലേക്ക് ഐസിസ് പണം അയച്ചിരുന്നതായും സുബ്ഹാൻ വെളിപ്പെടുത്തി. കഴിഞ്ഞ വർഷമാണ് സുബ്ഹാൻ ഐഎസിൽ ചേർന്നത്. ചെന്നൈ സ്വദേശിയായ സുബ്ഹാൻ ഇസ്താംബുൾ വഴി 2015ൽ ഇറാഖിലേക്ക് കടന്നു. ചെന്നൈയിൽ നിന്ന് ഇസ്താംബുൾ വഴി മൊസൂളിലേക്ക് കടക്കുകയായിരുന്നു. അവിടെ വച്ച് ഐസിസിൽ നിന്നും ആയുധ പരിശീലനം നേടി. തുടർന്ന് അവർക്കു കീഴിൽ പ്രവർത്തനം ആരംഭിച്ചു. ഇതിനിടയിിലാണു സുഹൃത്തുക്കൾക്കു പരിക്കേറ്റത്. തുടർന്ന് അവിടെ നിന്നും മടങ്ങി. പ്രതിമാസം 100 ഡോളർ എന്ന രീതിയിൽ പ്രതിഫലം ലഭിച്ചിരുന്നു. പിന്നീടാണ് തൊടുപുഴയിലേക്ക് എത്തിയത്. ഇന്ത്യയിൽ ഐഎസ് പ്രവർത്തനങ്ങൾക്ക് പണം അയച്ചുകിട്ടാറുണ്ടായിരുന്നു. 100 ഡോളറാണ് ഓരോ മാസവും എത്തിയിരുന്നത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇനിയും വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീവ്രവാദബന്ധം സംശയിച്ചു കഴിഞ്ഞ ദിവസമാണു സുബ്ഹാനി എൻഐഎയുടെ പിടിയിലായത്. മൂന്നു മാസം മുമ്പ് ഇയാൾ തൊടുപുഴയിലെത്തി മടങ്ങിയിരുന്നു. 40 വർഷം മുമ്പ് തമിഴ്‌നാട്ടിൽ നിന്നെത്തി തൊടുപുഴയിൽ വസ്ത്രവ്യാപാര സ്ഥാപനം ആരംഭിച്ച കുടുംബത്തിലെ നാലു മക്കളിൽ ഇളയയാളാണ് സുബ്ഹാനി. കടയനല്ലൂരിൽ ഭാര്യവീടിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇയാൾക്ക് രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.

കണ്ണൂരിലെ കനക മലയിൽനിന്ന് എൻ.ഐ.എ. അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കളുമായി ബന്ധമുള്ളയാളാണ് സുബ്ഹാനിയെന്നാണു സംശയം. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ പഠനശേഷം ഉംറയ്ക്കുപോയ ഇയാൾ പിന്നീട് വർഷങ്ങൾക്കു ശേഷമാണ് നാട്ടിലെത്തി വിവാഹം കഴിച്ചത്. ഇടയ്ക്ക് നാട്ടിൽ നിന്ന് അപ്രത്യക്ഷനാകുമായിരുന്ന ഇയാൾ മൂന്നുമാസംമുമ്പ് തൊടുപുഴയിലെത്തി മടങ്ങിയിരുന്നു.

ശിവകാശിയിലെ ആഭരണശാലയിൽ കംപ്യൂട്ടർ ഓപ്പറേറ്ററാണെന്നാണ് ഇയാൾ തൊടുപുഴയിൽ പറഞ്ഞിരുന്നത്. തൊടുപുഴ മാർക്കറ്റ് റോഡിലാണ് ഇയാളുടെ കുടുംബവീടും വ്യാപാരസ്ഥാപനവും.

ഐഎസ് ബന്ധം ആരോപിച്ച് സംസ്ഥാനത്ത് അറസ്റ്റ് നടന്ന സാഹചര്യത്തിൽ കേസിലുൾപ്പെട്ടവരെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ എൻഐഎ സംഘം നടത്തിയിരുന്നു. തിരുനെൽവേലി ഖാദർ മൊയ്തീൻ പള്ളിവാസൽ സ്ട്രീറ്റിലുള്ള വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് സുബ്ഹാനിയെ പിടികൂടിയത്.