കണ്ണൂർ: പീഡനത്തിന് വിധേയമാക്കിയ പെൺകുട്ടിയെ വിവാഹം കഴിച്ച് പ്രായശ്ചിത്തം ചെയ്തെങ്കിലും യുവാവ് ബലാത്സംഗ കേസിൽ അറസ്റ്റിലായി. യുവാവിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോയപ്പോൾ രണ്ടു മാസം മാത്രമുള്ള കുഞ്ഞിനേയും എടുത്ത് ഭാര്യയും കോടതിയിലെത്തിയിരുന്നു.

തിരിവട്ടൂർ അരിപ്പാമ്പ്രയിലെ വള്ളിയോട്ട് വീട്ടിൽ വി.സുഭാഷിനാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. 31 കാരനായ സുഭാഷ് 2016 ലാണ് പ്രണയിച്ച പെൺകുട്ടിയെ പീഡനത്തിന് വിധേയമാക്കിയത്. മണൽ വാരൽ തൊഴിലാളിയായ അച്ഛനൊപ്പം കുടുംബസമേതം അരിപ്പാമ്പ്രയിൽ താമസമാക്കിയപ്പോഴാണ് സുഭാഷ് പെൺകുട്ടിയുമായി അടുത്തത്.

അടുപ്പം പ്രണയമായി വളരുകയും വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് സുഭാഷ് വിവാഹ വാഗ്ദാനത്തിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. മണൽ വാരലിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ യുവതിയും കുടുംബവും സ്വദേശത്തേക്ക് തിരിച്ച് പോവുകയായിരുന്നു.

ഒടുവിൽ വടകര പൊലീസിൽ സുഭാഷിനെതിരെ പരാതി നൽകി. സംഭവം നടന്നത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നതിനാൽ കേസ് തളിപ്പറമ്പിലേക്ക് കൈമാറി. ഏറെ നാൾ ഒളിവിൽ കഴിഞ്ഞിരുന്ന സുഭാഷ് മനസ്സുമാറി പ്രണയിനിയെ തന്നെ വിവാഹം കഴിച്ചു സകുടുംബം കഴിയുകയായിരുന്നു.

ഇവർക്കൊരു കുഞ്ഞും പിറന്നു. സുഭാഷ് അതേ പെൺകുട്ടിയെ തന്നെ വിവാഹം കഴിച്ചുവെന്ന് അറിഞ്ഞ തളിപ്പറമ്പ് പൊലീസ് ഹൈക്കോടതിയിൽ കേസ് റദ്ദാക്കാനുള്ള സാവകാശം നൽകിയിരുന്നു. എന്നാൽ വക്കീൽ ഫീസ് നൽകാൻ പണമില്ലാതിരുന്നതിനാൽ ഹൈക്കോടതിയെ സമീപിക്കാൻ കഴിഞ്ഞില്ലെന്നാണ് സുഭാഷ് പറഞ്ഞത്. ഒടുവിൽ പൊലീസ് അറസ്റ്റിന് നിർബന്ധിതരാവുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ സുഭാഷിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഭാര്യക്കും കുഞ്ഞിനുമൊപ്പം സുഭാഷ് വീട്ടിലേക്ക് തിരിച്ചു. ഉടൻ തന്നെ ഹൈക്കോടതിയിൽ കേസ് റദ്ദാക്കാനുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അയാൾ പറഞ്ഞു.