- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാജിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് ദുരൂഹ റേഡിയോ സന്ദേശം പുറത്തുവന്നതായി റിപ്പോർട്ട്; വിമാനാപകടത്തിൽനിന്നും രക്ഷപ്പെട്ടു; ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യനെ അധികാരമോഹികൾ തടവിൽ പാർപ്പിച്ച് കൊന്നു തള്ളിയതോ?
ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മാറ്റിമറിക്കുന്ന വെളിപ്പെടുത്തലുകളാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കാര്യത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 1945-ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്ന വിശ്വാസത്തെ ലംഘിക്കുന്ന രേഖകളാണ് ഇന്നലെ ബംഗാൾ സർക്കാർ പുറത്തുവിട്ടത്. 1964 വരെ നേതാജി ജീവിച്ചിരുന്നുവെന്നാണ് ഈ രേഖകൾ സൂചിപ്പിക്കുന്നത്. പു
ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മാറ്റിമറിക്കുന്ന വെളിപ്പെടുത്തലുകളാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കാര്യത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 1945-ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്ന വിശ്വാസത്തെ ലംഘിക്കുന്ന രേഖകളാണ് ഇന്നലെ ബംഗാൾ സർക്കാർ പുറത്തുവിട്ടത്. 1964 വരെ നേതാജി ജീവിച്ചിരുന്നുവെന്നാണ് ഈ രേഖകൾ സൂചിപ്പിക്കുന്നത്.
പുതിയ വെളിപ്പെടുത്തലുകളോടെ, നേതാജിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതകൾക്ക് കനം കൂടുകയാണ്. ഇന്ത്യ സ്വതന്ത്രയായതുമുതൽ, നേതാജിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതകൾ നീക്കം ചെയ്യണമെന്ന ആവശ്യം അദ്ദേഹത്തിന്റെ കുടുംബം നടത്തിവരികയാണ്. അതിന്റെ പരിസമാപ്തിയെന്നോണമാണ് 70 വർഷത്തിനുശേഷം രേഖകൾ പുറത്തുവരുന്നത്. ജീവിച്ചിരുന്നുവെങ്കിൽ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകേണ്ട വ്യക്തിയായിരുന്നു സുഭാഷ് ചന്ദ്ര ബോസ്. മഹാത്മാഗാന്ധിയുടെ പോലും ആദരം പിടിച്ചുവാങ്ങിയ നേതാവ്. നേതാജി മുഖ്യധാരയിലുണ്ടായിരുന്നെങ്കിൽ, ഇന്ത്യയുടെ ചരിത്രം ഇന്നുകാണുന്ന തരത്തിലുള്ളതാകുമായിരുന്നില്ല. നെഹ്‌റു കുടുംബം എന്ന സങ്കൽപം പോലും ചിലപ്പോൾ ഉണ്ടാകുമായിരുന്നില്ല. എന്നാൽ, വിമാനാപകടത്തിനുശേഷം നേതാജിയെക്കുറിച്ച് യാതൊരു വിവരമുണ്ടായിരുന്നില്ലെന്ന് മാത്രം.
അതിനിടെ, നേതാജിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് സൂചിപ്പിക്കുന്ന റേഡിയോ സന്ദേശം കേട്ടിരുന്നതായി സൂചിപ്പിക്കുന്ന കത്ത് പുറത്തുവന്നു. നേതാജിയുടെ അനന്തിരവനായ അമീയ നാഥ് ബോസ് സഹോദരന് ശിശിർ കുമാർ ബോസിന് എഴുതിയ കത്തിലാണ് ഈ പരാമർശമുള്ളത്. കഴിഞ്ഞ ഒരുമാസമായി റേഡിയോയിലൂടെ ഈ സന്ദേശം കേൾക്കുന്നു. ഷോർട്ട്‌വേവിൽ ലഭിക്കുന്ന റേഡിയോ സന്ദേശത്തിൽ 'നേതാജിക്ക് റേഡിയോയിലൂടെ സംസാരിക്കാൻ ആഗ്രഹമുണ്ട്' എന്നുമാത്രമാണ് കേൾക്കുന്നതെന്നും മണിക്കൂറുകളോളം ഈ സന്ദേശം ആവർത്തിച്ചുകൊണ്ടിരുന്നുവെന്നും കത്തിൽ പറയുന്നു. സ്വാതന്ത്ര്യത്തിന് രണ്ടുവർഷത്തിനുശേഷം എഴുതിയ കത്താണിത്. 1949 നവംബർ 18-ന് എഴുതിയ കത്തിൽ റേഡിയോ സന്ദേശം എവിടെനിന്നാണ് വരുന്നതെന്ന് വ്യക്തമാകുന്നില്ലെന്ന് പറയുന്നുണ്ട്. റേഡിയോ സംപ്രേഷണം പോലെയല്ല അതെന്നും കൊൽക്കത്തയിൽനിന്ന് അമീയ ലണ്ടനിലുള്ള ശിശിറിന് എഴുതിയ കത്തിൽ പറയുന്നു. കൊൽക്കത്ത സ്‌പെഷൽ ബ്രാഞ്ച് ഈ കത്ത് തട്ടിയെടുക്കുകയായിരുന്നു. ഇപ്പോൾ പുറത്തുവന്ന രേഖകളിൽ ഈ കത്തും ഉൾപ്പെട്ടിട്ടുണ്ട്.
നേതാജിയുടെ പ്രവർത്തനങ്ങൾ 1940 മുതൽ സർക്കാർ നിരീക്ഷിരുന്നുവെന്നാണ് രേഖകളിൽ കാണുന്നത്. വിമാനാപകടത്തിനുശേഷം നേതാജിയെക്കുറിച്ച് വിവരങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും നേതാജി കുടുംബത്തെ 1971 വരെ സർക്കാർ നിരീക്ഷിച്ചുകൊണ്ടിരുന്നു. നേതാജി എവിടെയുണ്ടെന്ന കാര്യം അറിയില്ലെങ്കിൽ സർക്കാർ ഇതിന് തുനിയില്ലെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു. ബംഗാൾ സർക്കാർ പുറത്തുവിട്ട 12,744 പേജുള്ള രേഖകളിൽ നേതാജി 1964 വരെ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നതിനാവശ്യമായ യാതൊന്നും ഇല്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അദ്ദേഹത്തിന്റെ തിരോധാനത്തിനുശേഷം ബന്ധുക്കൾ നടത്തിയ കത്തിടപാടുകളും മറ്റുമാണ് ഇതിലുള്ളത്. ഇതൊന്നും അദ്ദേഹം ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നതിനാവശ്യമായ മതിയായ തെളിവുകളല്ല.
1945-ലെ വിമാനാപകടത്തിനുശേഷവും നേതാജി ജീവിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖകളാണ് ഇവയെന്ന് രേഖകൾ പുറത്തുവിട്ടുകൊണ്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷവും രഹസ്യാന്വേഷണ ഏജൻസികളും കൊൽക്കത്ത പൊലീസും നേതാജിയുടെ കുടുംബത്തിനുമേൽ സൂക്ഷ്മമായ നിരീക്ഷണം പുലർത്തിയിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ രേഖകളെന്നും അവർ പറഞ്ഞു. നേതാജി 1964 വരെ ജീവിച്ചിരുന്നു എങ്കിൽ ആരാണ് അദ്ദേഹത്തെ തടവിലാക്കിയിരുന്നതെന്ന വസ്തുതയാണ് ഇനി തെളിയേണ്ടത്. അക്കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന യാതൊന്നും ഈ രേഖകളിലുണ്ടെന്ന് കരുതാനിവില്ല. എന്നാൽ, 1945-നുശേഷം നേതാജിക്ക് എന്തുസംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന ഒരു ഫയൽ 1972-ൽ പശ്ചിമബംഗാൾ സർക്കാർ നശിപ്പിച്ചുവെന്നും സൂചനയുണ്ട്.
1945ൽ അദ്ദേഹം വിമാനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന വാദം സ്ഥിരീകരിക്കാൻ തക്കവണ്ണമുള്ള രേഖകളൊന്നും ഇന്നു പുറത്തുവിട്ടവയിൽ ഇല്ല. നേതാജിയുടെ വിവരങ്ങൾ ബംഗാൾ സർക്കാർ പുറത്തുവിട്ടതു പോലെ കേന്ദ്രസർക്കാരും പുറത്തുവിടണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടിരിക്കുകയാണ്. 1964 ഫെബ്രുവരിയിൽ എപ്പോഴോ നേതാജി ഇന്ത്യയിലേക്ക് വന്നിരുന്നു എന്ന് അമേരിക്കൻ ഇന്റലിജന്റ്‌സ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സന്ദേഹങ്ങൾ ഉയരുന്നത്. തായ്‌വാനിലെ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന 1945 ന് ശേഷം 19 വർഷങ്ങൾ കഴിഞ്ഞാണ് ഇത്. 1964 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമ്പോൾ നേതാജിക്ക് 67 വയസ്സുണ്ടായിരുന്നു എന്നും 1960കളിൽ തയ്യാറാക്കിയ അമേരിക്കൻ ഇന്റലിജന്റ്‌സ് റിപ്പോർട്ടിൽ പറയുന്നു. 1945 ൽ നടന്ന ഒരു വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടു എന്നും രണ്ടാം ലോകമഹായുദ്ധത്തിനിടെ ജപ്പാൻ സൈനികരുടെ പിടിയിലായി എന്നും മറ്റുമുള്ള കഥകളാണ് നേതാജിയുടെ തിരോധാനത്തെപ്പറ്റി പരന്നിരുന്നത്.
അതിനിടെ, പാരിസിൽ വച്ച് നേതാജിയെ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പാരിസിൽ 1969ൽ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നേതാജിയുടെ സാദൃശ്യമുള്ള ഒരാളുണ്ട്. ഗുംനാമി ബാബയുടെ ശേഖരത്തിൽനിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനിടെ, 1985ൽ മരിച്ച ഗുംനാമി ബാബ എന്ന സന്ന്യാസിവര്യൻ നേതാജി തന്നെയാണെന്നും പലരും വിശ്വസിച്ചിരുന്നു. 1950കളിൽ ഉത്തർപ്രദേശിലെ ഫൈസാബാദിലെത്തിയ ഇദ്ദേഹം 1985 സെപ്റ്റംബർ 16നാണ് അന്തരിച്ചത്. നേതാജിയുമായുള്ള രൂപസാദൃശ്യമാണ് ഇദ്ദേഹം തന്നെയാണോ നേതാജി എന്ന സംശയം ഉയർത്തിയത്. എന്നാൽ, ഇത് നേതാജിയല്ലെന്ന്, നേതാജിയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് എം.കെ. മുഖർജി കമ്മിഷൻ വിധിച്ചിരുന്നു. ഗുംനാമി ബാബയുടെ പല്ലിന്റെ ഡിഎൻഎ ഘടനയും നേതാജിയുടെ പിന്മുറക്കാരുടെ ഡിഎൻഎ സാംപിളും തമ്മിൽ പൊരുത്തമില്ലെന്നു കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഗുംനാമി ബാബയെ ഒഴിവാക്കിയത്.
അതിനിടെ, സോവിയറ്റ് തടവറയിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്നു നയതന്ത്രജ്ഞനും മുൻ കോൺഗ്രസ് എംപിയുമായ സത്യനാരായൺ സിൻഹ വെളിപ്പെടുത്തിയിരുന്നതും വാർത്തയായി. സൈബീരിയയിലെ യാകുത്സുക് ജയിലിൽ വച്ചാണ് നേതാജി മരിച്ചതെന്ന് 69 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പറയുന്നുതായാണ് വാർത്തകൾ വന്നത്. ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലാണ് യാകുത്സുക്. സ്റ്റാലിന്റെ കാലത്ത് അഞ്ച് ലക്ഷത്തിലേറെ പേർ ഇവിടെ മരിച്ചുവീണതായാണ് പറയപ്പെടുന്നത്. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് മുന്നിൽ നേതാജിയുടെ വിഷയം സിൻഹ അവതരിപ്പിച്ചെങ്കിലും അദ്ദേഹം വേണ്ടത്ര താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കൻ കുപ്രചാരണമാണെന്ന് പറഞ്ഞ് നെഹ്‌റു ഇത് തള്ളുകയായിരുന്നു. യുഎസ്എസ്ആറുമായുള്ള ബന്ധമായിരുന്നു ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണമാവശ്യപ്പെട്ട് അന്ന് റഷ്യയിലെ നയതന്ത്ര പ്രതിനിധിയായിരുന്ന മുൻ രാഷ്ട്രപതി സി രാധാകൃഷ്ണനെ സമീപിച്ചെങ്കിലും ഇനിയും ഇതുമായി വന്നാൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് സിൻഹയെ താക്കീത് ചെയ്യുകയായിരുന്നു.
സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരിപ്പുണ്ടെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. രക്തസാക്ഷിത്വം വരിക്കുന്നതിന് മുമ്പ് നേതാജി ഒളിവിൽ കഴിയുകയാണെന്ന് താൻ വിശ്വസിക്കുന്നതായി ഗാന്ധിജി പറഞ്ഞിരുന്നു. താൻ റഷ്യയിലാണെന്നും ഇന്ത്യയിലേക്ക് കടക്കാൻ സഹായിക്കണമെന്നുമാവശ്യപ്പെട്ട് നേതാജി അയച്ച കത്ത് നെഹ്‌റുവിന് ലഭിച്ചതായും പറയുന്നു. എന്നാൽ ഇതൊന്നും അന്ന് ഷാനവാസ് കമ്മീഷൻ പരിഗണിച്ചില്ല. 1945 ഒക്ടോബർ 20ന് ബ്രിട്ടീഷ് സർക്കാരിന്റെ ആഭ്യന്തരമന്ത്രാലയം ഇന്ത്യയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് അയച്ച ടെലഗ്രാം പ്രകാരം നേതാജിയടക്കമുള്ള 12 പേരെ രാജ്യദ്രോഹത്തിന് വിചാരണ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. 1946ൽ ബെർലിനിൽ നിന്നും ജനറൽ സ്റ്റുവാർട്ട്, മേജർ വാരൺ എന്നിവർ മുഖേനെ ബ്രിട്ടീഷ് മിലിട്ടറി മിഷനിൽ നിന്നും ലഭിച്ച കുറിപ്പ് നേതാജി മരിച്ചിട്ടില്ലെന്നും റഷ്യയുടെ തടവറയിലാണെന്നും പറയുന്നു. റഷ്യ അദ്ദേഹത്തെ ശിക്ഷിച്ചതിൽ ഈ ജനറൽമാർ സന്തോഷം പ്രകടിപ്പിച്ചതായും സിൻഹ പറയുന്നു. നേതാജിയെ അവർ രാജ്യദ്രോഹി എന്നാണത്രെ വിശേഷിപ്പിച്ചിരുന്നത്.
സ്വാതന്ത്ര്യം തീരുമാനിച്ച ശേഷം ദുരൂഹമായി നേതാജി അപ്രത്യക്ഷനായതിനു പിന്നിൽ വലിയൊരു ഗൂഢാലോചനയില്ലേ എന്ന സംശയം ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നേർക്കും ഉയർന്നിരുന്നു. വീണ്ടും നേതാജിയെക്കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ ഇന്ത്യയുടെ ഭാഗധേയം തന്നെ മാറ്റി മറിച്ചേക്കാമായിരുന്ന ആ തിരോധാനത്തിന് പിന്നിൽ നെഹ്‌റു തന്നെയെന്ന നിഗമനത്തിലും പലരും എത്തിച്ചേർന്നിരുന്നു. നേതാജി കുടുംബത്തെ മരിക്കുന്നത് വരെ നെഹ്‌റു നിരീക്ഷിച്ചു എന്ന വെളിപ്പെടുത്തലിന് പുറമെ ബ്രിട്ടീഷ് രഹസ്യ ഏജൻസിയുമായി നിരന്തരമായി വിവരങ്ങൾ പങ്കുവച്ചു എന്ന് കൂടി തെളിയുമ്പോഴാണ് നെഹ്‌റു സംശയത്തിന്റെ മുനയിൽ ആകുന്നത്. നേതാജിയുടെ കുടുംബത്തെ 20 വർഷത്തോളം നിരീക്ഷിച്ചിരുന്നുവെന്നാണ് രേഖകൾ വെളിപ്പെടുത്തുന്നത്. രഹസ്യരേഖകളുടെ പട്ടികയിൽനിന്ന് അടുത്തിടെ കേന്ദ്രസർക്കാർ ഒഴിവാക്കിയ രണ്ടുരേഖകളിലാണ് നെഹ്രുസർക്കാറിന്റെ 'ചാരവൃത്തി'യുടെ വിവരങ്ങളുള്ളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് (ഐ.ബി.) ഈ രേഖകൾ. ഇതിന് പുറമെയാണ് നേതാജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ബ്രീട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ5ഉമായി നെഹ്‌റു സർക്കാർ കൈമാറിയിരുന്നുവെന്ന കാര്യം പുറത്തുവന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയാണ് ബ്രിട്ടീഷ് ഏജൻസിയുമായി വിവരങ്ങൾ കൈമാറിയിരുന്നത്. അക്കാലത്ത് രഹസ്യാന്വേഷണ ഏജൻസി നെഹ്‌റുവിന്റെ ചുമതലയിലായിരുന്നു.
അതിനിടെ നേതാജിയുടെ തിരോധാനം സംബന്ധിച്ച് ഇപ്പോൾ രേഖകൾ പുറത്തുവിടുന്നതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ബിജെപി സർക്കാർ അധികാരമേറ്റതുമുതൽ ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം കേൾക്കാൻ തുടങ്ങിയതാണ്. ജവഹർലാൽ നെഹ്രുവിനെതിരെയും മറ്റും സംശയത്തിന്റെ മുന നീട്ടുന്ന തരത്തിലുള്ള രേഖകൾ പുറത്തുവിടുന്നത് ഗൂഢലക്ഷ്യം വച്ചാണെന്നും ചരിത്രം വളച്ചൊടിക്കാനാണെന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.