ബെർലിൻ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇപ്പോഴും തുടരുന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രംഗത്ത്. നേതാജിയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ബ്രിട്ടീഷ് സർക്കാരിനോടാണ് കുടുംബാംഗങ്ങൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

രേഖകൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ സഹോദരി ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചുവെന്ന് നേതാജിയുടെ ബന്ധു സൂര്യകുമാർ ബോസ് അറിയിച്ചു. നേതാജിയെ സംബന്ധിച്ച രേഖകൾ കൈവശമുള്ളതായി സർക്കാർ സമ്മതിച്ചിട്ടുണ്ടെന്ന് സൂര്യകുമാർ ചൂണ്ടിക്കാട്ടി.

രേഖകൾ പരിശോധിക്കാൻ ബ്രിട്ടീഷ് സർക്കാർ സമയം ചോദിച്ചിരിക്കുകയാണ്. അതിൽ നിന്നുതന്നെ നേതാജിയെക്കുറിച്ചുള്ള രഹസ്യരേഖകൾ അവരുടെ കൈവശം ഉണ്ടെന്നത് വ്യക്തമാണെന്നും സൂര്യ പറഞ്ഞു.

നേതാജിയുടെ തിരോധാനം സംബന്ധിച്ച രേഖകൾ പുറത്തുവിടണമെന്ന് കുറച്ചുനാളുകളായി കുടുംബം ആവശ്യപ്പെടുന്നതാണ്. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നേതാജിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പുറത്തുവിടാൻ എൻഡിഎ സർക്കാർ തയാറായിരുന്നില്ല. രേഖകൾ പരസ്യപ്പെടുത്താൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.

'രേഖകൾ പുറത്തുവിടുന്നതിനുള്ള ധൈര്യം മോദിക്കുണ്ടെന്നാണ് ഞാൻ കരുതിയിരുന്നത്. പുറത്തുവരുന്നത് എന്തുതന്നെയാണെങ്കിലും അത് അഭിമുഖീകരിക്കുന്നത് ഞങ്ങൾ തയാറാണെന്നും അറിയിച്ചിരുന്നു'- സൂര്യ പറഞ്ഞു.

ജപ്പാന്റെയും റഷ്യയുടെയും കൈവശമുള്ളത് മാത്രമല്ല, ബ്രിട്ടന്റെ കൈവശമുള്ള രേഖകളും പുറത്തുവിടണമെന്നാണ് ആവശ്യം. രേഖകൾ പരസ്യമാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ജപ്പാനും യുഎസും പരിഗണിച്ചു വരികയാണ്. പുറത്തുവരുന്നത് എന്തുതന്നെയാണെങ്കിലും അതെല്ലാം തന്നെ അഭിമുഖീകരിക്കുന്നതിന് ഞങ്ങൾ തയാറാണെന്നും സൂര്യ കൂട്ടിച്ചേർത്തു.

റഷ്യ, ജപ്പാൻ, യുഎസ് സർക്കാരുകൾക്ക് നേതാജിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ)യുടെ പക്കൽ ഈ വിവരങ്ങളെല്ലാം തന്നെയുണ്ടെന്നും സൂര്യ അവകാശപ്പെട്ടു. രേഖകൾ പുറത്തുവിടുന്നത് നിലവിലെ സർക്കാരിനെ അവതാളത്തിലാക്കുമെന്ന് താൻ കരുതുന്നില്ല. 1945-46 കാലഘട്ടങ്ങളിൽ നടന്ന സംഭവങ്ങളിൽ ഈ സർക്കാരിനെ ആർക്കും കുറ്റപ്പെടുത്താൻ സാധിക്കില്ല.

ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം നേതാജി വിമാനപകടത്തിൽ കൊല്ലപ്പെട്ടു എന്നാണ്. എന്നാൽ ഇത് തെറ്റാണെന്നും നേതാജി റഷ്യയിൽ തടവിലായിരുന്നുവെന്നും സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നു.

40 ലധികം രേഖകൾ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ കൈയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേതാജിയുടെ ഭാര്യയും മകളും തമ്മിലുള്ള കത്തിടപാടുകൾ, നേതാജിയുടെ തിരോധാനം അന്വേഷിച്ച മുഖർജി കമ്മിഷന്റെ കണ്ടെത്തലുകൾ എന്നിവ ഇതിലുൾപ്പെടും. ജവാഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് നേതാജിയുടെ കുടുംബാംഗങ്ങളെ 20 വർഷം ഇന്റലിജൻസ് ബ്യൂറോ രഹസ്യമായി നിരീക്ഷിച്ചിരുന്നു എന്ന റിപ്പോർട്ടുകൾ വിവാദമായിരുന്നു.