- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നോക്ക് കാണാൻ കൊതിച്ച രാഹുൽ ഗാന്ധി ഓട്ടോയിൽ കയറിയപ്പോൾ അമ്പരന്ന് ഡ്രൈവർ സുബീഷ്; കൽപ്പറ്റയിൽ വി വി ഷരീഫിന്റെ ഓട്ടോ റിക്ഷയിൽ സഞ്ചാരം; അവസാന ലാപ്പ് പ്രചരണത്തിൽ സാധാരണക്കാരുമായി സംവദിച്ചു രാഹുൽ ഗാന്ധി
കോഴിക്കോട്: ഒരിക്കലെങ്കിലും അടുത്ത് നിന്ന് ഒന്നു കാണമെന്ന് ആഗ്രഹിച്ച സാക്ഷാൽ രാഹുൽഗാന്ധി കെ സി വേണുഗോപാലിനും രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കുമൊപ്പം ഓട്ടോയ്ക്ക് അടുത്തെത്തിയപ്പോൾ അമ്പരന്ന് നിൽക്കുകയായിരുന്നു ഡ്രൈവർ സുബീഷ്. തുടർന്ന് പിൻസീറ്റിൽ രാഹുലിനെയും വഹിച്ച് കോഴിക്കോട് ബീച്ചിലേക്ക്. കെ എൽ 11 ബി-എസ് 2101 ഇലക്ട്രിക് ഓട്ടോയുടെ പിൻസീറ്റിലിരുന്ന് രാഹുൽ വാഹനത്തെക്കുറിച്ചെല്ലാം ചോദിച്ചു.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആ യാത്ര. ഉച്ചക്ക് 2.05 ന് രാഹുൽഗാന്ധിയെയും വഹിച്ചുള്ള ഹെലികോപ്റ്റർ ഇറങ്ങുമെന്ന് നിശ്ചയിച്ചത് ബീച്ച് മറൈൻ ഗ്രൗണ്ടിലാണ്. അവിടെ അദ്ദേഹത്തെ സ്വീകരിക്കാൻ എം കെ രാഘവൻ എംപിയും സ്ഥാനാർത്ഥികളായ കെ എം അഭിജിത്തും നൂർബിന റഷീദും പി എം നിയാസുമെല്ലാം കാത്തിരിക്കുകയായിരുന്നു. എന്നാൽ പൈലറ്റിന് സ്ഥലം മാറിപ്പോയി. തലേദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് ഇറങ്ങാൻ ഒരുക്കിയ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡും 'എസ് മാർക്കും' കണ്ട് തെറ്റിദ്ധരിച്ചാണ് പൈലറ്റ് അവിടെ ഇറക്കിയത്.
യഥാർത്ഥത്തിൽ അവിടെ ഇറങ്ങാൻ ജില്ലാ കലക്ടർ തലേന്നു തന്നെ അനുമതി നിഷേധിച്ചിരുന്നു. അനുമതിയില്ലാത്ത ഇടത്തു തന്നെ പൈലറ്റ് ഹെലികോപ്റ്റർ ഇറക്കി. പിന്നീടാണ് സ്ഥലം മാറിപ്പോയ വിവരം അറിയുന്നത്. ഹെലികോപ്റ്ററിൽ ഇറങ്ങുന്നത് കണ്ട് ഓടിയെത്തിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ രാഹുൽഗാന്ധിയെ കണ്ട് പൊലീസ് വാഹനത്തിൽ കയറാൻ നിർദ്ദേശിച്ചെങ്കിലും പെരുമാറ്റചട്ടം ഉള്ളതിനാൽ അദ്ദേഹമത് നിരാകരിച്ചു. തുടർന്നാണ് ഓട്ടോയ്ക്ക് കൈകാട്ടി നിർത്തിച്ചത്.
ഇതേ സമയം കത്തിയാളുന്ന ഉച്ചവെയിലിൽ രാഹുൽ ഗാന്ധിക്ക് മുദ്രാവാക്യം വിളിച്ച് കാത്തിരിക്കുകയായിരുന്നു പ്രവർത്തകർ. കാതടപ്പിക്കുന്ന വാദ്യമേളവും മുദ്രാവാക്യവും മുഖരിതമായ അന്തരീക്ഷത്തിലേക്ക് വന്നിറങ്ങിയ രാഹുൽഗാന്ധി ജനസഞ്ചയത്തെ ഇളക്കിമറിച്ചു. കോഴിക്കോട് നോർത്ത്, സൗത്ത്, ബേപ്പൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥികൾക്കുവേണ്ടിയുള്ള റോഡ് ഷോയിൽ പൊരിവെയിലിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ അണിചേർന്നു. ത്രിവർണ പതാകയും ഹരിത പതാകയും പാറിച്ച് നൂറുകണക്കിന് യുവാക്കളാണ് റോഡ് ഷോ വിളംബരം ചെയ്ത് ബീച്ച് പരിസരത്ത് ഇരുചക്ര വാഹനങ്ങളുമായ് കുതിച്ചത്.
രാഹുൽഗാന്ധി ഉടനെത്തുമെന്ന അറിയിപ്പ് കേട്ടതോടെ ആവേശം പാരമ്യതയിലെത്തി. വീടുകളിൽ നിന്ന് സ്ത്രീകളും കുട്ടികളും വഴിയോരത്തേക്ക് ഒഴുകി. ഇരുവശവും ആൾക്കൂട്ടങ്ങളാൽ നിറഞ്ഞു. ഉച്ചവെയിലിന്റെ കാഠിന്യത്തിൽ തളരാതെ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കികൊണ്ടിരുന്നു. അവർക്കിടയിലേക്ക് 2.30 ഓടെ തുറന്ന വാഹനത്തിൽ കെ സി വേണുഗോപാൽ എംപിക്കും എം കെ രാഘവൻ എംപിക്കുമൊത്തം രാഹുൽഗാന്ധിയെത്തി. സ്ഥാനാർത്ഥികളായ കെ എം അഭിജിത്തും അഡ്വ. നൂർബിന റഷീദും അഡ്വ. പി എം നിയാസും ജനങ്ങളെ അഭിവാദ്യം ചെയ്ത് വാഹനത്തിൽ അണിചേർന്നു. പുതിയകടവിൽ നിന്ന് ജനക്കൂട്ടത്തിനിടയിലൂടെ പതുക്കെ നീങ്ങിയ വാഹനത്തിലേക്ക് പ്രവർത്തകർ പൂക്കൾ വാരി എറിഞ്ഞുകൊണ്ടിരുന്നു. പ്രവർത്തകരുടെ സ്നേഹത്തിൽ അക്ഷരാർത്ഥത്തിൽ രാഹുൽ വീർപ്പുമുട്ടി. കൈകൾ നീട്ടിയും ഷാൾ എറിഞ്ഞും ജനക്കൂട്ടം വാഹനത്തിനൊപ്പം നീങ്ങി.
വെള്ളയിൽ പുതിയ കടവിൽ നിന്ന് തുടങ്ങി ലൈറ്റ് ഹൗസിന് സമീപം വരെ നീണ്ട റോഡ് ഷോയെ അഭിവാദ്യം ചെയ്യാനും രാഹുൽഗാന്ധിയെ കാണാനും നിരവധി പേരാണ് തടിച്ചുകൂടിയത്. ചെറിയ പ്രസംഗത്തിലൂടെ ഗൗരവമുള്ള കാര്യങ്ങൾ പങ്കുവെച്ച് യുഡിഎഫിന്റെ വിജയത്തിന്റെ അനിവാര്യതയിലേക്ക് അദ്ദേഹം വിരൽചൂണ്ടി. വയനാട്ടിൽ രാഹുൽ ഗാന്ധി വി വി ഷരീഫ് എന്നയാൾക്കൊപ്പമാണ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചത്.
ജനക്കൂട്ടത്തെ ഇളക്കിമറിച്ച്, തരംഗം തീർത്ത് വോട്ടുറപ്പിച്ച ശേഷമാണ് രാഹുൽ കോഴിക്കോടു നിന്ന് നേമത്തേക്ക് പോയത്. കൊട്ടിക്കലാശ ദിവസമുള്ള രാഹുലിന്റെ പര്യടനം തീർത്ത ആവേശത്തിലാണ് സ്ഥാനാർത്ഥികൾ.
മറുനാടന് മലയാളി ബ്യൂറോ