കണ്ണൂർ: 108 ആംബുലൻസ് ഡ്രൈവർ പത്തനംതിട്ടയിൽ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ 108 ആംബുലൻസ് ഡ്രൈവർമാരിൽ കൂടുതൽ ക്രിമിനലുകൾ ഉണ്ടെന്ന വിവരം പുറത്ത്. 108 ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ സുബിലാഷ് കോളിക്കടവിന്റെ പേരിലുള്ളത് വധശ്രമം ഉൾപ്പടെയുള്ള നിരവധി കേസുകൾ. ഇരിട്ടിയിലെ വ്യവസായിയെ ക്വട്ടേഷനെടുത്ത് വധിക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. കല്ലുമുട്ടിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് ഇരിട്ടിയിലെ വ്യവസായിയായ കാരക്കാട്ട് ജോസിനെ വധിക്കാൻ സംഘം ചേർന്ന് ആയുധങ്ങളുമായി എത്തി ആക്രമിച്ചുവെന്നാണ് കേസ്. ഇരിട്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ കേസിൽ (4/2013 കേസ് നമ്പർ) സുബിലാഷിനെ മംഗലാപുരത്ത് നിന്നുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ദിവസേന നിരവധി പേർ ആംബുലൻസിന്റെ സഹായം തേടുന്ന കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട കോവിഡ് ആശുപത്രിയായ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലാണ് സുബിലാഷ് നിലവിൽ ആംബുലൻസ് ഓടിക്കുന്നത്. കഴിഞ്ഞ വർഷം സുബിലാഷ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇരിട്ടി പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകിയിരുന്നെങ്കിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന കാരണത്താൽ അന്ന് പൊലീസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. സിഐടിയുവിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേരള സ്റ്റേറ്റ്് ആബുലൻസ് എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന ട്രഷററുമാണ് ഇയാൾ.

ഇരിട്ടി ഏരിയ കമ്മിറ്റിയിൽപെടുന്ന പായം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ചീങ്ങാക്കുണ്ടം ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു ഇയാൾ. തുടർന്ന് എടൂരിലെ സ്റ്റുഡിയോ ഉടമയെ വീട്ടിൽ കയറി മാരകായുധങ്ങളുമായി ആക്രമിച്ച സംഭവം അടക്കമുള്ള നിരവധി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സുബിലാഷിനെ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. നിലവിൽ ഇയാൾ സിപിഎം പാർട്ടി മെമ്പറാണ്. ചെക്ക് കേസ്, അടിപിടി കേസുകൾ, വണ്ടിപിടിച്ചെടുക്കലുമായി ബന്ധപ്പെട്ട കേസുകൾ ഉൾപ്പടെ പത്തിലേറെ കേസുകൾ സുബിലാഷിനെതിരെ ഉണ്ടെന്നാണ് ഇരിട്ടി പൊലീസിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം.

എല്ലാ കേസുകളിലും ഇയാൾക്ക് വേണ്ടി വാദിക്കുന്നത് പ്രമുഖ സിപിഎം അഭിഭാഷകർ തന്നെയാണ്. തീരെ സാമ്പത്തിക ശേഷിയില്ലാത്തതാണ് സുബിലാഷിന്റെ കുടുംബം. എന്നാൽ ഒരു വർഷം മുമ്പ് നടന്ന ഇയാളുടെ സഹോദരിയുടെ വിവാഹത്തിന് 100 പവനോളം സ്വർണം സുബിലേഷ് നൽകിയെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. മാത്രമല്ല ഒരു ടിപ്പർ ഉൾപ്പെടെ ചില വാഹനങ്ങളും ഇയാൾ അടുത്ത കാലത്തായി സ്വന്തമാക്കിയിരുന്നു. പാനൂരുള്ള റിട്ടയേർഡ് പൊലീസ് ഓഫീസറായ പുരുഷുവിൽ നിന്ന് അയാളുടെ റിട്ടയർമെന്റെ് തുകയായ 40 ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി സ്വന്തമാക്കിയെന്നും, ഈ തുകയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പുരുഷു ആത്മഹത്യ ചെയ്തതെന്നുമാണ് നാട്ടിലെ സംസാരം.

ഇയാളെ കൂടാതെ പ്രദേശത്തെ മറ്റൊരു അറിയപ്പെടുന്ന ക്രിമിനലായ ഷാജിയും 108 ആബുലൻസ് ഡ്രൈവറാണ്. എന്നാൽ പാർട്ടി സ്വാധീനം വെച്ച് ഇയാൾ പൊലീസിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി 108 ആബുലൻസിൽ ജോലി ചെയ്ത് വരുകയാണ്. ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ക്രിമിനൽ കേസുകളിൽ പ്രതിയായ നിരവധിപേർ പാർട്ടി സ്വാധീനം ഉപയോഗിച്ച പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി 108 ആബുലൻസിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് പൊലീസ് തന്നെ രഹസ്യമായി സമ്മതിക്കുന്നത്.

ഇവരിൽ പലരും നിരോധിത ലഹരിവസ്തുക്കൾ മറ്റു സംസ്ഥാനങ്ങളിൽ പോയി തിരിച്ചുവരുമ്പോൾ കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നും, പലപ്പോഴും ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടൽമൂലം നോക്കൂകുത്തിയായാകേണ്ട അവസ്ഥയും ഇവർ തുറന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ 108 ആബുലൻസ് ഡ്രൈവർമാരിൽ നിന്ന് ക്രിമിനലുകളെ കണ്ടെത്തി പുറത്താക്കുക എളുപ്പമാവില്ലെന്നാണ് പൊലീസും തുറന്ന് സമ്മതിക്കുന്നത്.