കോതമംഗലം: പകൽ സമയം ചുറ്റിനടന്ന് ആളില്ലാത്ത വീട് കണ്ടുവയ്ക്കും.പിന്നീട് തക്കം നോക്കി ബൈക്കിൽ സ്ഥലത്തെത്തി ,ഒപ്പമുള്ള 17 -കാരന് പിൻവാതിൽ തകർത്ത് അകത്തുകടക്കാൻ സൗകര്യമൊരുക്കും. കാത്തിരിക്കും. വിലപ്പെട്ട സാധനങ്ങളുമായി കൂട്ടാളി പുറത്തെത്തിയാൽ ഉടൻ സ്ഥലം വിടും.

പുതുപ്പാടിയിൽ പകൽ മോഷണശ്രമം തടഞ്ഞ വീട്ടുടമയ്ക്ക് വെട്ടേറ്റ സംഭവത്തെത്തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ കുടുങ്ങിയ വാരപ്പെട്ടി കാഞ്ഞിരത്തിങ്കൽ സുബിൻ( 22)ന്റെ കവർച്ച ശൈലി ഇത്തരത്തിലായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

പുതുപ്പാടി കവലയക്ക് സമീപം ചിറപ്പിള്ളി ഏലിയാസിനാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വെട്ടേറ്റത്. ഊണ് കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് സുബിനും കുട്ടിക്കുറ്റവാളിയും സ്ഥലത്തെത്തിയത്. വീടിന്റെ മുൻവാതിലും പിൻവാതിലും അടച്ചിരുന്നതിനാൽ ആരും സ്ഥലത്തില്ലന്ന ധാരണയിലാണ് സുബിൻ കൂട്ടാളിയെ കവർച്ചക്കായി വീടിനുള്ളിലേക്ക് പറഞ്ഞയച്ചത്.

വീട്ടിൽ ആരുമില്ലെന്ന് കരുതി അകത്തുകടന്ന മോഷ്ടാവ് പെടുന്നനെ ഏലിയാസിനെ കണ്ടതോടെ സമീപത്ത് കിടന്നിരുന്ന വാക്കാത്തി എടുത്ത് വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിനും കൈക്കും പരിക്കേറ്റ ഏലിയാസിന്റെ കരച്ചിൽ ഉയർന്നതോടെ പ്രതി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിൻതുടർന്ന പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

പരിക്കേറ്റ ഏലിയാസിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാല കുറ്റവാളിയെ ചോദ്യം ചെയ്തതിൽ നിന്നാണ് സുബിന്റെ പങ്ക് വെളിച്ചത്തായത്.ഇവർ ഇരുവരും ചേർന്ന് കൂടുതൽ കവർച്ചകൾ നടത്തിയിരിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും എസ് ഐ സുധീർ മനോഹർ അറിയിച്ചു.

ഈ മാസം ആദ്യം മാതിരപ്പിള്ളിയിലെ വാടക വീട്ടിൽ കുട്ടികുറ്റവാളിയുമായി ചേർന്ന് സുബിൻ കവർച്ച നടത്തിയിരുന്നു.മാതിരപ്പിള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മാമലക്കണ്ടം സ്വദേശി മിനിയുടെ വിട്ടിൽ നിന്നുമാണ് പ്രതികൾ പട്ടാപ്പകൽ സ്വർണ്ണാഭരണങ്ങളും പണവും എ.റ്റി.എം കാർഡും കവർന്നത്.

പകൽ സമയങ്ങളിൽ ആളില്ലാത്ത വിടുകൾ കണ്ടെത്തി വിടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കയറി മോഷ്ടിക്കുകയാണ് ഇവരുടെ പതിവ്. പകൽ സമയങ്ങളിൽ കറങ്ങിനടന്ന് ആളില്ലാത്ത വീട് കണ്ടെത്തി കുട്ടിക്കുറ്റവാളിയെ മോഷണത്തിനായി സ്ഥലത്ത് എത്തിക്കുന്നതും അറസ്റ്റിലായ സുബിനാണെന്ന് പൊലീസ് പറഞ്ഞു.

മോഷണമുതലിൽ നേരിയ പങ്കുമാത്രമാണ് തനിക്ക് ലഭിക്കാറുള്ളുവെന്നും പലപ്പോഴും സ്വർണ്ണാഭരണങ്ങൾ മുക്കുപണ്ടമാണെന്നും മറ്റുംപറഞ്ഞ് സുബിൻ തന്നെ കബളിപ്പിച്ചിരുന്നതായും സഹായിയായ പതിനേഴുകാരൻ പൊലീസിൽ വെളിപ്പെടുത്തി.കുട്ടികുറ്റവാളിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി.സുബിനെ തെളിവെടുപ്പുകൾക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും