ന്യൂഡൽഹി: അമേരിക്കൻ വൈസ്പ്രസിഡന്റ് കമലാഹാരീസിനെ അത്ര പാടിപ്പുകഴ്‌ത്തേണ്ടെന്നു ഇന്ത്യൻ പ്രധാനമന്ത്രിയോട് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി. കമല ഹാരിസ് ബിജെപിയുടെ അടിസ്ഥാന ആശയമായ 'ഹിന്ദു ദേശീയതയ്ക്ക്' എതിരാണെന്ന് തിരിച്ചറിയണമെന്നും സ്വാമി ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. ഇരുവരേയും ഇന്ത്യയിലേക്ക് ക്ഷണിച്ചതായുള്ള വാർത്തകൾ കണ്ടെത്തും ബിജെപിയുടെ അടിസ്ഥാന ആശയത്തിന് എതിരാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാഹാരീസുമെന്നും തിരിച്ചറിയണമെന്നും മോദി ആത്മനിർഭർ പരിശീലിക്കുകയാണ് വേണ്ടതെന്നും സ്വാമി ട്വീറ്റിൽ പറഞ്ഞു.

അമേരിക്കയുടെ പുതിയ സർക്കാർ ഇന്ത്യയ്ക്ക് അനുകൂലമായിരിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ പുതിയ പ്രസിഡന്റ് ജോ ബൈഡനേയും ഉപാദ്ധ്യക്ഷ കമലാഹാരീസിനെയും ഇന്ത്യൻ പ്രധാനമന്ത്രിയും ഉന്നതോദ്യോഗസ്ഥരും അഭിനന്ദിച്ചിരുന്നു. ഇരുവരേയും ഇന്ത്യാ സന്ദർശനത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി സുബ്രഹ്മണ്യം സ്വാമിയും എത്തിയത്.

കമലാഹാരീസിന്റെ മാതാവ് തമിഴ്‌നാട്ടിൽ നിന്നുള്ള ആളായതിനാൽ ഇന്ത്യയുടെ മകൾ എന്ന രീതിയിലുള്ള ഒരു പരിവേഷം കമലാഹാരീസിന് ഇന്ത്യയിൽ നിന്നും കിട്ടിയിരുന്നു. വിജയിച്ചതിന് പിന്നാലെ 19 ാം വയസ്സിൽ അമേരിക്കയിൽ എത്തിയ തന്റെ ഇന്തയാക്കാരിയായ മാതാവിന്റെ സ്വാധീനത്തെക്കുറിച്ചും മുത്തച്ഛനുമായി നടത്തിയിരുന്ന ആശയവിനിമയത്തേക്കുറിച്ചും കമലാഹാരീസ് പറഞ്ഞിരുന്നു.

തമിഴ്‌നാട്ടിലെ തുളസീന്ദ്രപുരത്താണ് കമലയുടെ മാതൃപിതാവ് പി.വി. ഗോപാലൻ ജനിച്ചത്. ബയോ മെഡിക്കൽ ശാസ്ത്രജ്ഞയായിരുന്ന ശ്യാമളാ ഗോപാലനാണ് കമലാഹാരീസിന്റെ മാതാവ്. പിതാവ് ഡൊണാൾഡ് ഹാരീസ് സ്റ്റാൻഫോർഡ് സർവകലാശാലയിൽ പ്രൊഫസറായിരുന്ന ജമൈയ്ക്കക്കാരനാണ്. ഹിന്ദുവായ മാതാവിനും ക്രിസ്ത്യാനിയായ പിതാവിനും ജനിച്ച കമല സ്നാനപ്പെട്ടവൾ എന്നാണ് സ്വയം വിശേഷിപ്പിക്കാറ്.