ന്യൂഡൽഹി: നോട്ട് നിരോധവം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് മേൽ ദോഷകരമായി ബാധിച്ചിട്ടില്ലെന്ന കള്ളക്കണക്കുണ്ടാക്കാൻ മോദി സർക്കാർ സി.എസ്.ഒയെ നിർബന്ധിച്ചവെന്ന ഗുരുതര ആരോപണവുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വിപരീത ഫലമാണ് ഉണ്ടാക്കിയെന്നത് മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (സി.എസ്.ഒ)യ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് സ്വാമിയുടെ വാദം.

ജി.ഡി.പിയുടെ ത്രൈമാസ വിവരങ്ങൾ വിശ്വസിക്കരുത്. അതെല്ലാം വ്യാജമാണ്. ഞാൻ പറയുന്നത് എന്തെന്ന് വച്ചാൽ എന്റെ പിതാവാണ് സി.എസ്.ഒ സ്ഥാപിച്ചത്. ഈയിടെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്കൊപ്പം ഞാൻ അവിടെ പോയിരുന്നു. അവിടെ ഒരു സി.എസ്.ഒ ഉദ്യോഗസ്ഥനെ അദ്ദേഹം വിളിച്ചുവരുത്തി. അവിടെ നോട്ടുനിരോധനം സംബന്ധിച്ചുള്ള വിവരം മാറ്റിവെക്കണമെന്ന ആവശ്യം ഉണ്ടായി. അതുകൊണ്ട് നോട്ടുനിരോധനം ബാധിച്ചുവെന്ന് പറയുന്ന വിവരം അവർ മറച്ചുവെച്ചു.

നോട്ടുനിരോധനം ബാധിച്ചിട്ടില്ലെന്ന് എങ്ങനെ കണക്കുകൂട്ടിയെന്ന് ചോദിച്ചപ്പോൾ സമ്മർദ്ദം കൊണ്ടാണ് ഇത്തരം വിവരങ്ങൾ നൽകിയതെന്ന് സി.എസ്.ഒ ഡയറക്ടർ തന്നോട് പറഞ്ഞിരുന്നതായും സ്വാമി പറഞ്ഞു. അതുകൊണ്ട് വാർഷിക ജി.ഡി.പി വിവരങ്ങൾ മാത്രമേ വിശ്വസിക്കാനാകൂവെന്നും സ്വാമി പറഞ്ഞു. മാത്രമല്ല മൂഡീസ്, ഫിച്ചസ് എന്നിവയെ വിശ്വസിക്കേണ്ടതില്ലെന്നും പൈസ കൊടുത്താൽ ഏതുറിപ്പോർട്ടും അടിച്ചുകിട്ടുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.