മുംബയ്: അടുത്ത വർഷത്തെ ദീപാവലി ഭക്തർക്ക് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ആഘോഷിക്കാമെന്ന ആഹ്വാനവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും സ്വാമി വ്യക്തമാക്കി. ഇതിനായി പുതിയ നിയമനിർമ്മാണം നടത്തേണ്ട ആവശ്യമില്ലെന്നും സ്വാമി അവകാശപ്പെട്ടു. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിയുരുന്നു അദ്ദേഹം.

ക്ഷേത്ര നിർമ്മാണത്തിനാവശ്യമായ സാമഗ്രികളെല്ലാം എത്തിക്കഴിഞ്ഞു. ഇനി അവതമ്മിൽ യോജിപ്പിക്കേണ്ട കാര്യം മാത്രമേയുള്ളു, സ്വാമി നാരായണ ക്ഷേത്രത്തിന്റെ മാതൃകയിൽ. അങ്ങനെയാണെങ്കിൽ അടുത്ത ഒക്‌ടോബറിൽ തന്നെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും സ്വാമി പറഞ്ഞു.

രാമക്ഷേത്രത്തിന്റെ നിർമ്മിതിക്കായി പുതിയ നിയമങ്ങളൊന്നും കൊണ്ടുവരേണ്ട ആവശ്യമില്ല. നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് വ്യക്തമായ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ അസ്തിത്വം തെളിയിക്കപ്പെട്ടു കഴിഞ്ഞെന്നും സ്വാമി കൂട്ടിച്ചേർത്തു. സുപ്രീം കോടതിയിൽ നിന്ന് ഹിന്ദുക്കൾക്കനുകൂലമായി വിധി ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

രാമക്ഷേത്രത്തിനായി വീണ്ടും വിശ്വ ഹിന്ദു പരിഷത്തും രംഗത്ത് വന്നിരുന്നു. ഇത്തവണ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കണമെന്നാണ് വി.എച്ച്.പിയുടെ ആവശ്യം. മാത്രമല്ല ഇതിനായി ഹിന്ദുക്കൾ അടുത്ത മാർച്ച് 31ന് ഹനുമാൻ ജയന്തി ആഘോഷിക്കണമെന്നും അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാവാൻ ഹനുമാൻ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.