ദോഹ: വ്യാജ ഫോട്ടോകണ്ട് പ്രമുഖ ചാനലായ അൽജസീറയ്‌ക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പുലിവാല് പടിച്ചു. സ്വാമിയെ കളിയാക്കി ചാനൽ തന്നെ രംഗത്തെത്തിയതോടെയാണ് നേതാവിന് തനിക്ക് പറ്റിയ അമളി മനസിലായത്. ഷോലെ സിനിമയിലെ രംഗത്തെ ഗസ്സയിലെ ഇരകളാക്കി കാണിച്ചു എന്ന് ആരോപണമുന്നയിച്ചാണ് സുബ്രഹ്മണ്യം സ്വാമി അൽജസീറയ്‌ക്കെതിരെ രംഗത്തെത്തിയത്.

ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റവർ എന്ന തലക്കെട്ടിൽ 'ഷോലെ' എന്ന സിനിമയിലെ അമിതാഭ് ബച്ചന്റെയും ധർമേന്ദ്രയുടെയും ചിത്രം അൽജസീറ ചാനലിൽ പ്രത്യക്ഷപ്പെട്ടതായ ഫോട്ടോയാണ് സ്വാമി തന്റെ ഫേസ്‌ബുക്ക് പേജിലിട്ടത്. ഇത് ഗസ്സയിലെ ജനങ്ങളല്ലെന്നും അൽജസീറ മഞ്ഞ പത്രപ്രവർത്തനം നടത്തുകയാണെന്നും സ്വാമി ആരോപിച്ചിരുന്നു. ഖത്തർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അൽജസീറ ചാനൽ പലപ്പോഴും ജിഹാദിസ്റ്റ് പ്രസ്ഥാനങ്ങളെ പിന്തുണക്കുന്നുണ്ടെന്നും സ്വാമി ആരോപിച്ചിച്ചു.

എന്നാൽ സ്വാമിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് മറുപടിയുമായി അൽജസീറ രംഗത്തെത്തിയത്. അൽജസീറയിൽ വന്നെന്നു പറയുന്ന ഈ ചിത്രം കണ്ടിട്ട് തങ്ങൾ ചിരിക്കുകയാണെന്നും പ്രശസ്തനായ ബോളിവുഡ് നടനെ ഉപയോഗിച്ചുള്ള ഈ വ്യാജ ഫോട്ടോ തയ്യാറാക്കുന്നവർ തങ്ങളുടെ ലോഗോയെങ്കിലും ശരിയായ രീതിയിൽ തയ്യാറാക്കാൻ പഠിക്കണെമന്നും അൽജസീറ മറുപടി നൽകി.

അൽജസീറ ചാനലിന്റെ പബ്‌ളിക് റിലേഷൻ വിഭാഗത്തിന്റ ഫേസ്‌ബുക്ക് പേജിലാണ് ചിത്രം വ്യാജമാണെന്ന് അൽജസീറ അധികൃതർ വ്യക്തമാക്കിയത്.