ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ രാഷട്രീയപ്രവേശനത്തെ പരിഹസിച്ചു കൊണ്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രാഷ്ട്രീയം രജനിക്ക് പറ്റിയ പണയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം കൊണ്ട് രജനീകാന്തിന് ദോഷം മാത്രമേയുണ്ടാകുകയുള്ളൂവെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം മാധ്യമഘോഷം മാത്രമാണെന്നും രജനീകാന്ത് ഇക്കാര്യത്തിൽ നിരക്ഷരനാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള രജനീകാന്തിന്റെ പ്രഖ്യാപനത്തിൽ യാതൊരു അർഥവുമില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

താൻ രാഷ്ടീയത്തിലേയ്ക്ക് പ്രവേശിക്കുന്നു എന്നു മാത്രമാണ് രജനീകാന്ത് പറഞ്ഞത്. മറ്റു വിശദാംശങ്ങളൊന്നും വ്യക്തമാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. രാഷ്ട്രീയ കാര്യത്തിൽ അദ്ദേഹം നിരക്ഷരനാണ്. എന്നാൽ തമിഴ്‌നാട്ടിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണ്- അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും ഇന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യത്തിന്റെ പേരുപറഞ്ഞ് രാഷ്ട്രീയക്കാർ നമ്മെ കൊള്ളയടിക്കുകയാണെന്നും ഏറ്റവും അടിത്തട്ടിൽ നിന്നു തന്നെ നാമിതിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും പ്രഖ്യപനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.