- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ ചോർത്താൻ പെഗസ്സസിന് ആര് പണം നൽകി? മറയ്ക്കാൻ ഒന്നുമില്ലെങ്കിൽ നരേന്ദ്ര മോദി ഇസ്രയേലിന് കത്തയച്ചു വിവരം തേടണം; കേന്ദ്രസർക്കാറിന് വീഴ്ച്ചയില്ലെന്ന് അമിത് ഷായും മോദിയും ആവർത്തിക്കുമ്പോൾ ഇരുവർക്കും ഒളിയമ്പുമായി സുബ്രഹ്മണ്യം സ്വാമി
ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഫോൺ ചോർത്തൽ വിവാദത്തിൽ ഒന്നും മറയ്ക്കാനില്ലെങ്കിൽ പ്രധാനമന്ത്രി ഇസ്രയേലിന് കത്തയക്കണം. കാര്യങ്ങളുടെ യാഥാർഥ്യമെന്തെന്ന് ചോദിച്ചറിയണം-സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു
ആരാണ് പെഗസ്സസിന് പിന്നിലെന്നും ഇതിനായി പണം മുടക്കിയതാരാണെന്നും സുബ്രഹ്മണ്യൻ സ്വാമി ചോദിക്കുന്നു. ഫോൺ ചോർത്തൽ സംബന്ധിച്ച് വലിയ ഒരു വാർത്ത പുറത്തുവരാൻ പോകുന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ഞായറാഴ്ചയോടെയാണ് കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തിയെന്ന വിവരം പുറത്തു വന്നത്.
കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണുകളാണ് ചോർത്തിയത്. വിഷയം പാർലമെന്റിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന് വിഷയത്തിൽ യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.
പെഗസസ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്സാപ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി 2019ൽ വാർത്തകൾ പുറത്തുവന്നിരുന്നു. മാധ്യമപ്രവർത്തകരുടേയും വിവരാവകാശ പ്രവർത്തകരുടേയും ഉൾപ്പെടെ 121 പേരുടെ ഫോണുകളിൽ പെഗസസ് നുഴഞ്ഞുകയറിയതായി വാട്സാപ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകി.
ഇതേ കാലയളവിൽ വിവിധ രാജ്യങ്ങളിലായി 1,400 പേരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയർ ആണ് പെഗസസ്. മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി മുഴുവൻ വിവരവും ചോർത്താൻ ഇതിലൂടെ സാധിക്കും.
അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഉൾപ്പെടെ 14 ലോകനേതാക്കളുടെ ഫോൺ ചോർത്തിയെന്നതാണ് ഈ വിഷയം സംബന്ധിച്ച മറ്റൊരു ഗുരുതര റിപ്പോർട്ട്. സംഭവത്തിൽ ഫ്രാൻസ് അന്വേഷണവും പ്രഖ്യാപിച്ചു
മറുനാടന് ഡെസ്ക്