- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയ സീ ന്യൂസ് ചീഫ് എഡിറ്റർ സുധീർ ചൗധരിക്കെതിരെ പോരാട്ടത്തിനിറങ്ങിയ അഭിഭാഷകൻ; ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ പൊലീസിന്റെ ക്രൂരമായ മർദ്ദനവും ജയിൽ വാസവും അനുഭവിച്ച യുവനേതാവ്; ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷനിൽ അഡ്വ. പി ഗവാസിന്റെ വിജയത്തിന് തിളക്കമേറെ
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സിപിഐയിലെ അഡ്വ. പി ഗവാസിന് തിളക്കമാർന്ന വിജയം. ഇവിടെ എണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗവാസിന്റെ വിജയം. മതസ്പർധവളർത്തുന്ന തരത്തിൽ പരാമർശം നടത്തിയ സീ ന്യൂസ് ചീഫ് എഡിറ്റർ സുധീർ ചൗധരിക്കെതിരെ നടത്തിയ നിയമ പോരാട്ടമാണ് എഐവൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി ഗവാസിനെ ശ്രദ്ധേയനാക്കിയത്.
കഴിഞ്ഞ മാർച്ച് 11 നാണ് സുധീർ അവതാരകനായി എത്തുന്ന ഡെയ്ലി ന്യൂസ് ആൻഡ് അനാലിസിസ് എന്ന പരിപാടിയിൽ 'ജിഹാദ്' എന്ന പേരിൽ ചർച്ച നടത്തിയത്. പരിപാടി മതസ്പർദ വളർത്തുന്നതും ജനങ്ങൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കുന്നുവെന്നും കാണിച്ചാണ് ഗവാസ് അധികൃതർക്ക് പരാതി നൽകിയത്. ഡയഗ്രം ഉൾപ്പെടുത്തി വിവിധതരം ജിഹാദികളെക്കുറിച്ച് വിശദീകരിക്കുന്ന പരിപാടിയിൽ തികച്ചും മുസ്ലിംവിരുദ്ധപരാമർശമാണ് നടത്തിയതെന്നും ഗവാസ് പറഞ്ഞു. മാർച്ച് 24നാണ് ഗവാസ് സുധീറിനെതിരെ പരാതി നൽകിയത്. അതേസമയം, തനിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറിന്റെ കോപ്പി സുധീർ ചൗധരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഒരു മതത്തെ അവഹേളിക്കുന്ന തരത്തിൽ രാജ്യമെമ്പാടും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകൻ നടത്തിയ നീക്കത്തിനെതിരെ ശക്തമായ പ്രതികരണമായിരുന്നു ഗവാസിന്റെ ഭാഗത്തു നിന്നുണ്ടായത്. മുസ്ലിം മതവിഭാഗത്തെ പൂർണ്ണമായി അവഹേളിക്കുന്നതും സമൂഹത്തിൽ മത സ്പർദ്ധയും ഭീതിയും വളർത്തുന്നതുമായിരുന്നു സുധീർ ചൗധരിയുടെ പരിപാടി. ഭരണഘടനയുടെയും നിലനിൽക്കുന്ന നിയമ വ്യവസ്ഥയുടെയും ലംഘനമാണ് അതെന്ന പൂർണ്ണ ബോധ്യത്തിലാണ് പരിപാടിക്കെതിരെ പരാതി നൽകിയതെന്ന് ഗവാസ് പറയുന്നു.
വ്യാജമെന്ന് വ്യക്തമായിക്കഴിഞ്ഞ ലൗ ജിഹാദ് ഉൾപ്പെടെ മുസ്ലീങ്ങളുടെ തലയിൽ വെച്ചുകെട്ടാനായിരുന്നു സുധീറിന്റെ നീക്കം. ഇസ്ലാം മതത്തിൽ പെട്ടവർ തീവ്രവാദികളാണെന്ന തരത്തിലുള്ള സുധീറിന്റെ സംഘപരിവാര ആക്രോശത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലായിരുന്നു. പൊതുവിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുവാൻ ജനങ്ങളെ മതപരമായി വേർതിരിച്ച് ആക്ഷേപിക്കുകയും ജനമനസ്സിൽ ഭീതി വളർത്തുകയും ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ നീക്കമെന്നും ഗവാസ് പറയുന്നു.സുധീർ ചൗധരിയുടെ അനുചര വൃന്ദത്തിന്റെ ഭീഷണി ഫോൺവിളികൾ ഒരുപാട് വന്നെങ്കിലും ഗവാസ് പതറിയില്ല. മുസ്ലീങ്ങളിൽ ദേശവിരുദ്ധ പട്ടം ചാർത്താൻ മത്സരിക്കുന്ന സുധീർ ചൗധരിമാരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ തുറന്നു കാണിക്കാൻ ഇനിയും താൻ രംഗത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അഡ്വ. പി ഗവാസ് ആദ്യമായാണ് തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ ഗംഭീര വിജയവും നേടാൻ ഗവാസിന് സാധിച്ചു. നിലവിൽ എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ്. എ ഐ എസ് എഫ് യൂണിറ്റ് തലം മുതൽ സംസ്ഥാന ജോ. സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമായി. ദീർഘകാലം എഐവൈഎഫ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ച് ഇടതുപക്ഷ-ജനകീയ മുന്നേറ്റങ്ങളിൽ സാന്നിധ്യം അടയാളപ്പെടുത്തി. നിരവധി വിദ്യാർത്ഥി - യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഗവാസ് പലവട്ടം പൊലീസിന്റെ ക്രൂരമായ മർദ്ദനങ്ങൾക്കിരയായി. നിരവധി തവണ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.