- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലക്ഷങ്ങളും ഈ വക്കീലും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം! ഇതാ മള്ളൂരിന്റെ ഒരു ആധുനിക പതിപ്പ്; സിബിഐ സിനിമക്ക് ആധാരമായ പോളക്കുളം കേസിലൂടെ ശ്രദ്ധേയനായി; ടിപി കേസ് കീർത്തി വർധിപ്പിച്ചു; ഫ്രാങ്കോ മുളയ്ക്കനേയും ഊരിയെടുത്തു; ദിലീപിന്റെ തന്ത്രങ്ങൾക്ക് പിന്നിലെ തല; കോടതിയിൽ രാവണൻ, കോട്ടഴിച്ചാൽ സ്വാത്വികൻ; അഡ്വ. ബി രാമൻപിള്ളയുടെ ജീവിത കഥ
ആയിരം രൂപയും മള്ളൂർ വക്കീലുമുണ്ടങ്കിൽ ആർക്കും ആരെയും കൊല്ലാമെന്ന് പണ്ടൊരു ചൊല്ലുണ്ടായിരുന്നു. മള്ളൂർ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷകൻ വാദിച്ചാൽ ഏത് കേസിൽ നിന്നും പുഷ്പംപോലെ രക്ഷപ്പെടാമെന്നായിരുന്നു ഒരു കാലത്ത് ജനം വിശ്വസിച്ചിരുന്നത്. കോടതിയിൽ വെടിയുണ്ട വിഴുങ്ങി പ്രതിയെ രക്ഷിച്ചത് അടക്കമുള്ള മുള്ളൂർ കഥകൾ ശരിയായിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള കേസ് ഹിസ്റ്ററി നോക്കിയാൽ വിജയകഥകൾ തന്നെയാണ് ഏറെയും. അതുകൊണ്ടായിരിക്കണം, ആയിരം രൂപയും മള്ളൂർ വക്കീലുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്നത് ഒരു ചൊല്ലുപോലെ ആയത്.
പക്ഷേ മള്ളൂർ വക്കീലൊക്കെ പ്രാകീടീസ് ചെയ്തത് 1904 മുതലുള്ള കാലമായിരുന്നു. അന്ന് കേരളത്തിൽ നല്ല ക്രിമിനൽ അഭിഭാഷകർ പോലും കുറവായിരുന്നു. കേസുകൾക്ക് മാധ്യമ ശ്രദ്ധയും ഉണ്ടായിരുന്നില്ല. പക്ഷേ ഇക്കാലത്ത് ഈ ചൊല്ല് 'ലക്ഷങ്ങളും രാമൻപിള്ള വക്കീലും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം' എന്ന രീതിയിൽ മാറിയിരിക്കുന്നുവെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. ടിപി വധക്കേസിൽ സിപിഎം നേതാക്കളെ രക്ഷിച്ചെടുത്ത രാമൻപിള്ള, എല്ലാവരും ശിക്ഷ കിട്ടുമെന്ന് കരുതിയിരുന്നു ബിഷ്പ്പ് ഫ്രാങ്കോമുളയ്ക്കനെ ഊരിയെടുത്തതോടെ നിയമവൃത്തങ്ങളെയും അമ്പരപ്പിച്ചു. ഇപ്പോൾ നടൻ ദിലീപിന്, പൊലീസുകാരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതോടെ, രാമൻപിള്ള വക്കീലിന് ശരിക്കും ഒരു അമാനുഷിക പ്രതിഛായായാണ് ഉണ്ടായിരിക്കുന്നത്. ആധുനിക കാലത്തെ മള്ളൂർ വക്കീൽ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കുന്നത്.
എന്നാൽ സരസനും കവിയും പ്രഭാഷകനുമൊക്കെയായ മള്ളൂർ ഗോവിന്ദപ്പിള്ളയിൽനിന്ന് തീർത്തും വ്യത്യസ്തനാണ് വ്യക്തി ജീവിതത്തിൽ രാമൻപിള്ള. മാധ്യമങ്ങളോട് അധികം സമ്പർക്കം പുലർത്താത്ത അദ്ദേഹത്തിന്റെ, ഒരു ബയോഡാറ്റ പോലും പബ്ലിക്ക് ഡൊമൈനിൽ കിട്ടാനില്ല. ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയ ദിവസം പോലുള്ള അപൂർവ സന്ദർഭങ്ങളിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുക. അതും ഏതാനും മിനിട്ടുകൾ മാത്രം. കോടതി ഹിയറിങ്ങും, കേസ് പഠനവും, ചർച്ചയുമായി ദിവസവും 18 മണിക്കൂർ ജോലിചെയ്യുകയാണ്. ഈ കഠിനാധ്വാനവും അർപ്പണബോധവും തന്നെയാണ് രാമൻപിള്ളയെ മറ്റ് അഭിഭാഷകരിൽനിന്ന് വ്യത്യസ്തനാക്കുന്നതും.
ബ്രേക്ക് നൽകിയത് പോളക്കുളം കേസ്
അഭിഭാഷകവൃത്തിയുമായി പറയത്തക്ക ബന്ധമൊന്നുമില്ലാത്ത കുടംബത്തിലാണ് രാമൻപിള്ള ജനിക്കുന്നത്. മാവേലിക്കരയിലെ ചെട്ടികുളങ്ങര ഗ്രാമത്തിലാണ് ബാല്യം. കർഷകനായ പിതാവ് എസ് മാധവൻപിള്ളയുടെ ആഗ്രഹമായിരുന്നു മകനെ ഒരു വലിയ വക്കീലായി കാണണം എന്നത്. അമ്മ എ അംബിക ഡിഇഒ ആയിട്ടാണ് റിട്ടയർ ചെയ്തത്. അവർക്ക് മകനെ ഉദ്യോഗസ്ഥൻ ആക്കാനായിരുന്നു താൽപ്പര്യം. മാവേലിക്കര ഗവൺമെന്റ് ഹൈസ്‌ക്കുളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പന്തളം എൻ.എസ്.എസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും, തുടർന്ന് ബിരുദവും നേടി. 1972ലാണ് അദ്ദേഹം എറണാകുളം ലോ കോളജിൽനിന്ന് പാസാകുന്നത്. തൊട്ടടുത്ത വർഷം തന്നെ എന്റോൾ ചെയ്ത് പ്രാക്റ്റീസ് ചെയ്യാൻ തുടങ്ങി.
പ്രഗൽഭനായ ക്രിമിനൽ അഭിഭാഷകൻ എം.എൻ സുകുമാരൻ നായരുടെ ജൂനിയർ ആയിട്ടാണ് ആ യുവാവ് പ്രാക്ടീസ് തുടങ്ങിയത്. എറണാകുളം മുല്ലശ്ശേരി കനാൽ റോഡിലെ ചെറിയൊരു ഓഫീസിലായിരുന്നു തുടക്കം. തന്നെ മോൾഡ് ചെയ്ത് എടുത്തത്, എം.എൻ സുകുമാരൻ നായർ ആണെന്ന് രാമൻപിള്ള പറയാറുണ്ട്. മറ്റുള്ളവരെപ്പോലെ ജൂനിയേഴ്സിനെ തളച്ചിടമെന്ന് ആഗ്രഹമുള്ള വ്യക്തിയായിരുന്നില്ല സുകുമാരൻ നായർ. രാമൻപിള്ളയുടെ കഴിവും താൽപ്പര്യവും അർപ്പണ മനോഭാവവും കണ്ട് പരമാവധി അവസരങ്ങൾ അദ്ദേഹം നൽകി. രാമൻപിള്ള ആദ്യമായി ഒരു കേസ് ജയിച്ചത് സിവിൽ കേസ് ആയിരുന്നു. പക്ഷേ പിൽക്കാലത്ത് അദ്ദേഹം ക്രിമിനൽ കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാസർകോട്മുതൽ തിരുവനന്തപുരം വരെയുള്ള വിചാരണക്കോടതിയിൽ പോയി കേസ് നടത്തിയ ആ കാലമാണ്, രാമൻപിള്ളയെ തൊഴിലിന്റെ മർമ്മം പഠിപ്പിച്ചത്. പ്രധാന കേസുകളിൽപോലും സാക്ഷി വിസ്താരമൊക്കെ രാമൻപിള്ളയെ എൽപ്പിച്ച്, ഫൈനൽ ഹിയറിങ്ങിന് എത്തുക എന്നതായിരുന്നു പല കേസുകളിലും എം.എൻ സുകുമാരൻ നായർ സ്വീകരിച്ചിരുന്നത്.
അങ്ങനെയാണ് പിൽക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് എന്ന ചലച്ചിത്രത്തിന് നിമിത്തമായ പോളക്കുളം കേസിൽ, രാമൻപിള്ളക്ക് ഹാജരാവാൻ കഴിയുന്നത്. ഇതിലെ വാദങ്ങളിലൂടെയാണ് പൊതുസമൂഹം അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. വൈകാതെ അദ്ദേഹം സ്വതന്ത്ര അഭിഭാഷകനായി. ആദ്യമായി കേസ് ഹൈക്കോടതിയിൽ വിജയിച്ചപ്പോൾ അദ്ദേഹം തന്റെ പിതാവിനെ പോയി കണ്ട് വിവരം അറിയിക്കുകയും ആശീർവാദം വാങ്ങുകയും ചെയ്്തിരുന്നു. ഒരു അഭിഭാഷകൻ ആവുകയെന്നത് ശ്രമകരമായ ജോലിയാണെന്നും, അതിനായി കഠിനമായി യത്നിക്കണമെന്നും രാമൻപിള്ളയെ ഉപദേശിച്ചിരുന്നത് കർഷകനായ അച്ഛനായിരുന്നു.
പിന്നീടങ്ങോട്ട് രാമൻപിള്ള യുഗം തുടങ്ങുകയായി. വിചാരണക്കോടതികളിലാണ് അദ്ദേഹം തന്റെ പ്രാഗൽഭ്യം ഏറെ തെളിയിച്ചത്. ഹൈക്കോടതിയിലും സിബിഐ കോടതിയിലുമായി അഭയകേസ്, ചേകന്നൂർ കേസ് അടക്കമുള്ള ഒട്ടനവധി കേസുകൾ അദ്ദേഹത്തിന്റെ കൈയിലൂടെ കടന്നുപോയി. ടി ജനാർദ്ദനക്കുറുപ്പ്, എം.കെ ദാമോദരൻ, ടി.വി പ്രഭാകരൻ തുടങ്ങിയ അന്നത്തെ പ്രമുഖരായ അഭിഭാഷകർക്ക് ഒപ്പം രാമൻപിള്ളയും തൻേറതായ ഒരു ഇടം ഉണ്ടാക്കി.
രാമൻപിള്ളയുടെ ക്രോസ് വിസ്താരവും ഏറെ ശ്രദ്ധേയമായിരുന്നു. ഉച്ചത്തിൽ സംസാരിച്ച് ബഹളം ഉണ്ടാക്കുന്ന രീതിയല്ല അദ്ദേഹത്തിന്റെത്. സാക്ഷിയെ കണ്ണൂരുട്ടി പേടിപ്പിക്കാതെ തീർത്തും ശാന്തനായി, ലക്ഷ്യവേധിയായ ചോദ്യമാണ് ചോദിക്കുക. തുടക്കത്തിൽ തന്നെ ഒരു മാനസിക മേധാവിത്വം നേടിയെടുത്താണ് അദ്ദേഹത്തിന്റെ ക്രോസിങ്ങ്. സൈലന്റ് ടോർച്ചറിങ്ങ് എന്നാണ് ഇതിനെ പലരും പറയുന്നത്. കേസ് പഠിപ്പിച്ചുവിട്ട വ്യാജ സാക്ഷികളൊക്കെ അതോടെ ആവിയാവും.
അതുപോലെ തന്നെ കേസ് എത് അറ്റംവരെ പോയി പഠിക്കുക അദ്ദേഹത്തിന്റെ ഒരു രീതിയാണെന്ന് കൂടെ ജോലി ചെയ്തവർ പറയുന്നു. ഒരു കേസ് കിട്ടിയാൽ അതിന്റെ സമാനമായ കേസുകളും വിധികളുമൊക്കെ പഠിച്ചാണ് അദ്ദേഹം ഡിഫൻസ് തയ്യാറാക്കുക. അതുപോലെ തന്നെ പ്രോസിക്യൂഷൻ വാദങ്ങളിൽ എവിടെയെങ്കിലും ലൂപ്പ് ഹോളുകൾ ഉണ്ടാവും. ചിലപ്പോൾ ഒന്നോ രണ്ടോ തെളിവുകൾ ഫ്രെയിം ചെയ്തതാവും. സൂക്ഷമായ പഠനത്തിലൂടെ രാമൻപിള്ള അത് കണ്ടെത്തും. ഒരു തെളിവ് പൊട്ടിച്ചാൽ മതി ചങ്ങലപോലെ മറ്റുള്ളവയും പൊട്ടും. അതാണ് രാമൻപിള്ളയുടെ രീതിയെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
ടിപി കേസിലെ ആർത്തവവാദം
സിപിഎമ്മിനെ സംബദ്ധിച്ചിടത്തോളം പ്രസ്റ്റീജ് കേസുകളിൽ ഒന്നായിരുന്നു ടിപി ചന്ദ്രശേഖരൻ വധക്കേസ്. ഈ കേസിൽ പ്രതിഭാഗത്തിനുവേണ്ടി ഹാജരായത് രാമൻപിള്ളയാണ്. ഒരു ബെൻസ്‌കാറിൽ എറണാകളുത്ത് നിന്ന് കോഴിക്കോട് എത്തി, വിചാരണ കഴിഞ്ഞ് മാധ്യമങ്ങളുമായി ഒന്നും സംസാരിക്കാതെ നേരെ ഹോട്ടലിലേക്ക് പോവുകയായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്ന്, ഈ കേസ് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർ പറയുന്നു. പി. മോഹനനെ രക്ഷിച്ച് എടുക്കണം എന്നതായിരുന്നു കേസിൽ സിപിഎമ്മിന്റെ എറ്റവും വലിയ ആവശ്യം. രാമൻപിള്ളയിലൂടെ അത് സാധിച്ചു.
രാമൻപിള്ളയുടെ ബ്രില്ല്യൻസ് ബോധ്യപ്പെട്ട കേസായിരുന്നു അത്. പി.മോഹനൻ അടക്കമുള്ള പ്രതികളെ കേസുമായി ബന്ധിപ്പിക്കാൻ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പ് ചീട്ട് ഓർക്കാട്ടേരി പൂക്കടയിലെ ഗൂഢാലോചനയായിരുന്നു. ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ 14ാംപ്രതി പി.മോഹനനും കൂട്ടുപ്രതികളായ സി.എച്ച്. അശോകനും കെ.കെ. കൃഷ്ണനും കെ.സി.രാമചന്ദ്രനും ചേർന്ന് 30ാം പ്രതി പടയങ്കണ്ടി രവീന്ദ്രന്റെ ഓർക്കാട്ടേരിയിലെ പൂക്കടയിൽ 2012 ഏപ്രിൽ രണ്ടിനു ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ആ ടവർ ലൊക്കേഷൻ പരിധിയിൽ പ്രതികളുണ്ടായിരുന്നെന്നു സ്ഥാപിക്കാൻ മൊബൈൽ രേഖകളും ഗൂഢാലോചന നടക്കുന്നതു കണ്ടെന്ന പേരിൽ ഒരു സാക്ഷിയേയും പ്രോസിക്യൂഷൻ ഹാജരാക്കി. ടിപിയെ വധിക്കാൻ ഇവർ പദ്ധതി തയാറാക്കിയതായി വെള്ളികുളങ്ങര പാൽ സൊസൈറ്റിയിൽ പ്ലാന്റ് ഓപ്പറേറ്ററായ 126ാം സാക്ഷി സുരേഷ് ബാബു കോടതിയിൽ മൊഴി നൽകി.
രാമൻപിള്ള തന്റെ വാദങ്ങളുമായി എണീറ്റു. ''കുറ്റകൃത്യം നടന്ന സ്ഥലത്തെ ടവർ ലൊക്കേഷനു കീഴിൽ എന്റെ കക്ഷികൾ വന്നാൽ അവർ എങ്ങനെ ഗൂഢാലോചനയിൽ പങ്കാളിയാകും? ''- രാമൻ പിള്ള ചോദിച്ചു. പിന്നീട് അദ്ദേഹം അനുബന്ധമായി ചില കാര്യങ്ങൾ വിവരിച്ചു. കോഴിക്കോടു നടന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായി ദീപശിഖാ പ്രയാണങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു. പൂക്കട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ദീപശിഖാപ്രയാണം നടന്ന ദിവസമാണു ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ ഉന്നയിക്കുന്നത്. എന്റെ കക്ഷികൾ പൂക്കടയിൽനിന്ന് അൽപം അകലെയുള്ള ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിൽ ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കാനെത്തിയതാണ്. അതിനാൽ ആ ടവർ ലൊക്കേഷനു കീഴിലെത്തി. ഇതിലെന്താണു പ്രശ്‌നം? - രാമൻപിള്ള ചോദിച്ചു.
ചടങ്ങിൽ പി. മോഹനൻ അടക്കമുള്ളവർ പങ്കെടുക്കുന്ന ഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. കണ്ണൂക്കര ഗീത സ്റ്റുഡിയോ ഉടമ പി.എം. ഭാസ്‌കരൻ എടുത്ത ഫോട്ടോകൾ കോടതിയിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. അതിൽ പ്രധാനമായിരുന്നു പാർട്ടി പരിപാടിയിൽ പങ്കെടുത്ത് പി.മോഹനനു ദീപശിഖ കൈമാറുന്ന സിപിഎം നേതാവ് വി.വി. ദക്ഷിണാമൂർത്തിയുടെ വാച്ചിലെ സമയം. അത് 3.35 ആണ് കാണിച്ചത്. പൂക്കടയിൽ ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന സമയത്തോട് അടുത്ത സമയത്താണു ചിത്രം എടുത്തിരിക്കുന്നത്. ആ സമയത്ത് പാർട്ടി പരിപാടിയിൽ പങ്കെടുത്ത നേതാക്കൾ എങ്ങനെ ഗൂഢാലോചനയിൽ പങ്കെടുക്കും? - രാമൻപിള്ള വാദിച്ചു. പ്രോസിക്യൂഷന്റെ എല്ലാ തെളിവുകളും ഒറ്റയടിക്ക് തകർന്നുവീണു. വാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ അംഗീകരിക്കാതെ കോടതി നിക്ഷ്പക്ഷത പാലിച്ചു. പല സിപിഎം നേതാക്കളെയും കേസിൽനിന്ന് രക്ഷിച്ചത് ഈ വാദമാണെന്നു നിയമവിദഗ്ദ്ധർക്കിടയിൽ അഭിപ്രായമുയർന്നു. കെ.സി. രാമചന്ദ്രനെ മാത്രമാണു കോടതി ശിക്ഷിച്ചത്.
ക്രിമിനൽ കേസുകളിൽ ഗൂഢാലോചന തെളിയിക്കാൻ പ്രയാസമാണ്. തെളിവുകൾ ഉണ്ടാകാറില്ലെന്നതാണു കാരണം. അങ്ങനെ വരുമ്പോൾ ടവർ ലൊക്കേഷൻ അടക്കമുള്ള ആധുനികമാർഗങ്ങളാകും പൊലീസും പ്രോസിക്യൂഷനും സ്വീകരിക്കുക. പ്രതി ആ ടവർ ലൊക്കേഷനു കീഴിൽ ഉണ്ടായിരുന്നെന്നു തെളിയിക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കുമ്പോൾ, തന്റെ കക്ഷി ആ സമയം മറ്റൊരിടത്തായിരുന്നു എന്നു തെളിയിക്കാനാകും പ്രതിഭാഗം ശ്രമിക്കുക. നിയമരംഗത്ത് 'അലിബി' എന്നാണ് ഈ രക്ഷാമാർഗം അറിയപ്പെടുന്നത്. ഈ അലിബി ഇദ്ദേഹത്തിന്റെ ഒരു തുറുപ്പു ചീട്ടാണ്.
രാമൻപിള്ളയുടെ വാദത്തിന്റെ മൂർച്ചയറിയാൻ ഒരു സംഭവം കൂടി മാധ്യമ പ്രവർത്തകർ പറയുന്നുണ്ട്. ടിപിയെ വധിച്ചശേഷം പ്രതികളിലൊരാളായ കിർമാണി മനോജിന്റെ വീട്ടിലെ വാഷിങ് മെഷീനിൽ പ്രതികൾ ചോരപുരണ്ട വസ്ത്രങ്ങൾ കഴുകിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. വാഷിങ്‌മെഷീൻ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ചോരയുടെ അംശം സ്ഥിരീകരിച്ചു. ആരുടെ ചോരയാണെന്നു കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു റിപ്പോർട്ട്. കോഴിയേയോ മറ്റു മൃഗങ്ങളേയോ കൊല്ലുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ കഴുകിയാലും രക്തക്കറ വരില്ലേ? ആർത്തവ സമയത്ത് സ്ത്രീകൾ വസ്ത്രം കഴുകിയാലും രക്തത്തിന്റെ അംശം വരില്ലേ? - രാമൻപിള്ള ചോദിച്ചു. വരാം എന്നായിരുന്നു ഫൊറൻസിക് വിദഗ്ധരുടെ മറുപടി. അതോടെ ആ തെളിവുകളും തകർന്നു വീണു. അതാണ് രാമൻപിള്ള.
ചാനൽ അഭിമുഖം തുണയായ ഫ്രാങ്കോ കേസ്
പ്രോസിക്യൂഷൻ തെളിവുകളിലെ ഒരു കണ്ണി പൊട്ടിക്കുക. ആ ചങ്ങല തകർക്കുക എന്ന തന്ത്രമാണ് രാമൻപിള്ള ഫ്രാങ്കോ കേസിലും അവലംബിച്ചത്. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴി വിശ്വാസയോഗ്യമല്ല എന്ന് സ്ഥാപിക്കുന്നതിനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. മൊഴികളിലെ വൈരുധ്യങ്ങൾ എടുത്തിട്ടാണ് ഇവിടെയും പിടിച്ചുകയറിയത്.
മുഖ്യ സാക്ഷി സിസ്റ്റർ അനുപമയുമായി, റിപ്പോർട്ടർ ടീവിയിൽ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ നടത്തിയ അഭിമുഖവും രാമൻപിള്ള സമർഥമായി ഉപയോഗിച്ചു. സിസ്റ്റർ അനുപമ പറഞ്ഞ ഒറ്റ വാചകത്തിലായിരുന്നു പ്രതിഭാഗത്തിന്റെ ഊന്നൽ. പൊലീസിൽ നൽകിയ പരാതിക്ക് ശേഷമാണ് സംഭവം ഞങ്ങൾ അറിഞ്ഞത് എന്നായിരുന്നു അഭിമുഖത്തിലെ ഒരു പരാമർശം. എന്നാൽ താൻ അനുഭവിക്കുന്ന പീഡനം വളരെ രഹസ്യമായി 'അതിജീവിത' മറ്റ് കന്യാസ്ത്രീകളുമായി പങ്കുവച്ചിരുന്നുവെന്ന് അനുപമ മറ്റൊരിടത്ത് പറയുന്നു. ഈ വൈരുധ്യം രാമൻപിള്ള ചൂണ്ടിക്കാട്ടി. എന്നാൽ പൊലീസ് പരാതിക്ക് ശേഷമാണ് ഞങ്ങൾ ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞത് എന്നായിരുന്നു അനുപമ ഉദ്ദേശിച്ചിരുന്നത്.
അഭിലാഷ് മോഹനുമായുള്ള അഭിമുഖത്തെ കുറിച്ച് രാമൻപിള്ള ചോദിച്ചപ്പോൾ, വിശേഷിച്ചും ചില വരികൾ ഉദ്ധരിച്ച് ചോദിച്ചപ്പോൾ, 'കുറച്ചുവർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് താൻ കൃത്യമായി ഓർക്കുന്നില്ല' എന്നായിരുന്നു സിസ്റ്റർ അനുപമയുടെ മറുപടി. അഭിമുഖത്തിൽ പരാമർശിച്ച ചില കാര്യങ്ങൾ രാമൻപിള്ള കുത്തി കുത്തി വക്കീൽ ബുദ്ധിയോടെ ചോദിച്ചപ്പോൾ അവർക്ക് ഓർത്തെടുക്കാൻ ആയില്ല. വിശ്വസിക്കാവുന്ന സാക്ഷിയല്ല അനുപമ എന്ന് ഇതോടെ സ്ഥാപിക്കാനായി. തീക്ഷ്ണമായ ക്രോസ് എക്‌സാമിനേഷനിടെ, സിസ്റ്റർ പൊട്ടിക്കരയുക പോലും ചെയ്തു
പൊലീസിന് കൊടുത്ത മൊഴിയിൽ, കോടതിയിൽ കൊടുത്ത മൊഴിയിൽ, ഡോക്ടർ എഴുതിയ മൊഴിയിൽ ഒക്കെ ചില വ്യത്യാസങ്ങൾ എടുത്താണ് പ്രതിഭാഗം ഇരയുടെ വിശ്വാസ്യത തകർത്തത്. മഠത്തിൽ രണ്ട് ഗ്രൂപ്പുകളായി അധികാര തർക്കമുണ്ടായിരുന്നു. ബിഷപ്പും പരാതിക്കാരിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളും നിലനിന്നിരുന്നു. അതിന്റെ തുടർച്ചയായി രൂപപ്പെട്ടതാണ് ഈ കേസ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രാമൻപിള്ള ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായിട്ടായിരുന്നു ബന്ധം എന്ന് പ്രതിഭാഗം വാദിച്ചപ്പോൾ ഈ വാദത്തെ ഖണ്ഡിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പക്ഷേ ബിഷപ്പുമായി ബന്ധപ്പെട്ടുള്ള കേസ് വരും മുമ്പേ പരാതിക്കാരിയുടെ ഒരു ബന്ധു തന്നെ അവർക്കെതിരെ പരാതിയുമായി വന്നിരുന്നു. ലിംഗം യോനിയിൽ കടത്തി പീഡിപ്പിച്ചു എന്ന മൊഴി ആദ്യം പലരോടും പറഞ്ഞപ്പോൾ വ്യക്തമായി പറഞ്ഞില്ല എന്ന് കോടതിവിധിയിലും ചൂണ്ടിക്കാട്ടുന്നു. ഫ്രാങ്കോയും ഇരയും തമ്മിൽ നടന്നത് ഉഭയകക്ഷി ലൈംഗികബന്ധം മാണെന്ന പ്രതിഭാഗത്തിന്റെ വാധം വിധിയിലും സാധൂകരിക്കുന്നുണ്ട്ം. പീഡനം കഴിഞ്ഞും കാറിൽ ഒരുമിച്ചു സഞ്ചരിച്ചതും ഇമെയിൽ അയച്ചതും ഒക്കെ പ്രണയബന്ധം കൊണ്ടെന്നും കോടതിയും അഗീകരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ നന്നായി വിയർപ്പൊഴുക്കിയാണ് രാമൻപിള്ള ഫ്രാങ്കേയെ രക്ഷിച്ചെടുത്തത്. ഇതോടൊപ്പം ജഡ്ജിയുടെ ചില മുൻവിധികളും, പ്രോസിക്യൂഷന്റെ വീഴ്ചകളും കേസിൽ തുണയായിട്ടുണ്ട്.
നിശാലിന്റെ വക്കീൽ ദിലീപിന്റെ വക്കീലാവുന്നു
ദിലീപ് അറസ്റ്റിലായപ്പോൾ താരത്തിന്റെ സുഹൃത്തുക്കൾ ആദ്യം സമീപിച്ചത് അഡ്വ. ബി രാമൻപിള്ളയെ ആയിരുന്നു. എന്നാൽ കാവ്യ മാധവനും നിശാൽ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനത്തിൽ കാവ്യയുടെ എതിർഭാഗം വക്കീൽ ആയിരുന്നു രാമൻപിള്ള. എന്നിട്ടും ദിലീപ് കേസ് വന്നപ്പോൾ സുഹൃത്തുക്കൾ എന്തുകൊണ്ട് ആദ്യം രാമൻപിള്ളയെ സന്ദർശിച്ചുവെന്നത് പലർക്കും അമ്പരപ്പുണ്ടാക്കി.
എന്നാൽ, ഈ ആവശ്യം രാമൻപിള്ള തള്ളുകയായിരുന്നു. കാവ്യയുടെ വിവാഹമോചന കേസിൽ നിഷാലിന്റെ വക്കീലായിരുന്നു താനെന്നും അതിനാൽ ഈ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത് എന്നാണ് കേട്ടത്. അങ്ങനെയാണ് കേസ് അഡ്വ. രാംകുമാറിൽ എത്തുന്നത്. എന്നാൽ, ഹൈക്കോടതിയിൽ രാംകുമാറിന് പിഴച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ സുഹൃത്തുക്കൾ രാമൻപിള്ളയെ തേടി വീണ്ടും എത്തിയത്. അവരുടെ നിർബന്ധവും കുടുംബത്തിന്റെ കണ്ണീരും കണ്ടിട്ടാണ് രാമൻപിള്ള കേസ് ഏറ്റെടുക്കാൻ തയ്യാറായത് എന്നാണ് പറയുന്നത്. കേസിൽ ദിലീപിന് ജാമ്യം കിട്ടാൻ സാധ്യതയുണ്ടോയെന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ രാമൻപിള്ളക്കും ഉറപ്പുണ്ടായിരുന്നന്നില്ല.
ടി പി കേസിൽ മോഹനൻ മാസ്റ്ററെ രക്ഷിച്ച അലിബി തെളിവ് തന്നെയാണ് രാമൻപിള്ള ഇവിടെയും എടുത്തിട്ടത്. ദിലീപ് ഒരു തവണപോലും ഒന്നാംപ്രതി സുനിയെ കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. തിരിച്ചും വിളിച്ചിട്ടില്ല. ഒരു ടവർ ലൊക്കേഷനു കീഴിൽവന്നതുകൊണ്ട് ദിലീപ് എങ്ങനെ ഗൂഢാലോചനയിൽ പങ്കാളിയാകും. നടൻ ദിലീപിന്റെ നമ്പർ തേടിയാണ് സുനി, വിഷ്ണുവെന്ന പ്രതിയെ സംവിധായകൻ നാദിർഷായുടേയും ദിലീപിന്റ ഡ്രൈവർ അപ്പുണ്ണിയുടേയും അടുത്തേക്ക് അയയ്ക്കുന്നത്. ക്വട്ടേഷൻ കൊടുക്കുന്ന ആളിന്റെ ഫോൺ നമ്പർപോലും അറിയാതെയാണോ ഒരാൾ ക്വട്ടേഷൻ ഏറ്റെടുക്കുന്നത് എന്നതായിരുന്നു രാമൻപിള്ളയുടെ ചോദ്യം. ഇതോടെ ദിലീപിന് ജാമ്യം കിട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
മാത്രമല്ല പിന്നീടുള്ള വിചാരണയുടെ ദിനങ്ങളിൽ പ്രോസിക്യൂഷൻ വല്ലാതെ പിറകോട്ട് അടിക്കയാണ് ഉണ്ടായത്. രണ്ട് പ്രോസിക്യൂട്ടർമാർ ജഡ്ജി മാനസികമായി പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് രാജിവെച്ചുപോയി. റിമിടോമിയും, ഭാമയും അടക്കം 20 ഓളം സാക്ഷികൾ കൂറുമാറി. കേസിൽ ദിലീപ് ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായപ്പോഴാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.
ഇതോടെ ദിലീപിനെതിരെ വീണ്ടും കേസായി. മുൻകുർ ജാമ്യ അപേക്ഷ അംഗീകരിച്ച് കിട്ടാനും പൊരിഞ്ഞ വാദമാണ് രാമൻപിള്ള വക്കീലിന് നടത്തേണ്ടിവന്നത്. 'കാര്യമായി ഒന്നും പറയാൻ കഴിയില്ലാത്ത കേസുകളിൽ എങ്ങനെ ഒരു വാദമുഖം ഉന്നയിക്കാം, അത് ശാസ്ത്രീയമായി ശരിയാണെന്ന് പൊതുസമൂഹത്തെ വിശ്വസിപ്പിക്കാം എന്നതിൽ രാമൻപിള്ളയുടെ അതിെൈവദഗ്ധ്യം അഭിനന്ദാർഹമാണ്' എന്നാണ് അഡ്വ അജകുമാർ ഈ വിഷയത്തിൽ കമന്റ് നടത്തിയത്. പക്ഷേ ഇവിടെയും ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ഒരു ക്ലൗഡ് സൃഷ്ടിക്കാൻ രാമൻപിള്ളക്ക് കഴിഞ്ഞു. ആവശ്യപ്പെട്ട ഫോണുകൾ ഹാജരാക്കിയിട്ടുണ്ടെന്നും, അതിനാൽ കേസിനോട് സഹകരിക്കുന്നില്ല എന്നത് ശരിയല്ലെന്നുമുള്ള രാമൻപിള്ളയുടെ വാദമാണ് കോടതി അംഗീകരിച്ചത്. ഗൂഢാലോചനയെ ശാപവാക്കാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. പാതിവെന്ത വസ്തുതകൾ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുത് എന്ന താക്കീതോടെയാണ് ഈ കേസിൽ ദിലീപിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ക്രിമിനലുകളെ രക്ഷിക്കുന്ന ക്രമിനൽ ബുദ്ധി
അതേസമയം സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്ന് കടുത്ത വിമർശനവും ഈ ജോലിയിൽ പ്രഗൽഭനായ അഭിഭാഷകനുനേരെ ഉയരുന്നുണ്ട്. ക്രിമിനലുകളെ സംരക്ഷിക്കുന്ന ക്രിമിനൽ ബുദ്ധികേന്ദ്രമായി അദ്ദേഹം മാറുന്നു എന്നാണ് വിർമശനം. ഈയിടെ റിട്ടയേഡ് ജഡ്ജ് ജസ്റ്റീസ് കെമാൽ പാഷ, ഫ്രാങ്കോ മുളയ്ക്കൽ കേസിനെ നിശിതമായ വിമർശിച്ചപ്പോൾ, കൃത്രിമമായ മാർഗങ്ങളിലൂടെ ഒരു പ്രതിയെ രക്ഷിച്ചെടുക്കുക അഭിഭാഷകന്റെ ബാധ്യത അല്ല എന്ന് പറഞ്ഞിരുന്നു. ദിലീപ് കേസിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പടെ 20 പേർ കുറുമാറിയിരുന്നു. ഇതിനുപിന്നിലെ ബുദ്ധികേന്ദ്രം രാമൻപിള്ള വക്കീലാണെന്ന വിമർശനം ശക്തമാണ്. കേസ് ജയിക്കാൻ എന്ത് കളിയും കളിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അന്തസ് കളയുന്നതാണെന്ന് അഭിഭാഷക സമൂഹത്തിൽനിന്നും വിമർശനം ഉയരുന്നുണ്ട്. ഒപ്പം പണമുള്ളവന് എന്തിൽനിന്നും രക്ഷപ്പെടാമെന്നും, അതില്ലാത്തവൻ പെടും എന്നും സോഷ്യൽ മീഡിയയിൽ അടക്കം അഭിപ്രായം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടീവി പുറത്തുവിട്ടത് ഇത്തരത്തിലുള്ള ഒരു സംഭവമാണ്. വാർത്ത ഇങ്ങനെയാണ്. ''നടി ആക്രമണ കേസിലെ മാപ്പു സാക്ഷി ജിൻസനെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള ശ്രമം നടത്തിയത് സംബന്ധിച്ച തെളിവുകൾ റിപ്പോർട്ടർ ടിവിക്ക്. ജിൻസന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസർ എന്നയാൾ വഴി രാമൻപിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമൻപിള്ള തന്നെ വിളിച്ച് ജിൻസനോട് കാര്യങ്ങൾ സംസാരിക്കാൻ ആവശ്യപ്പെട്ടതെന്ന് നാസർ ഓഡിയോയിൽ പറയുന്നു. നടി ആക്രമണ കേസിലെ നിർണായക സാക്ഷിയാണ് ജിൻസൻ. ജിൻസൻ കൂറുമാറിയാൽ ഏറ്റവും കൂടുതൽ ഗുണകരമാവുന്നത് ദിലീപിനായിരിക്കും. ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാത്തത് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കാര്യം പുറത്താവുമെന്നതിനാലാവുമെന്നും രാമൻപിള്ളയോട് നേരിട്ട് വിളിക്കാൻ പറയെന്നും ജിൻസൻ പറയുന്നു. 25 ലക്ഷം രൂപ മിനിമം ലഭിക്കുമെന്ന് പ്രതീക്ഷയാണ് ജിൻസൻ പങ്കുവെക്കുന്നത്.
അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാർഗമാണിതെന്നും നാസർ പറയുന്നു. പൾസർ സുനിയെ നമുക്ക് പിന്നീട് ഇറക്കാമെന്നും നാസർ പറയുന്നുണ്ട്. ജിൻസനെ സ്വാധീനിക്കാൻ ശ്രമിച്ചത് സംബന്ധിച്ച് കേസ് നിലനിൽക്കുന്നുണ്ട്. ക്രൈംബ്രാഞ്ചാണ് ഇക്കാര്യം അന്വേഷിക്കുന്നത്.'' - തുടർന്ന് സംഭാഷണത്തിന്റെ പൂർണ്ണരൂപവും റിപ്പോർട്ടർ ടീവി പുറത്തുവിട്ടിട്ടുണ്ട്.
കേസ് ജയിക്കാനായുള്ള പണം ഇറക്കിയുള്ള ഇത്തരം കളികൾ വഴി, രാമൻപിള്ള വക്കീൽ നിയമവാഴ്ചയെ തന്നെ അട്ടിമറിക്കയാണെന്ന് പലരും ആരോപിക്കുന്നുണ്ട്. നമ്മുടെ ജുഡീഷ്യറി ഇപ്പോഴും പഴയ രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നതും അതാണ് രാമൻപിള്ളമാർക്ക് പഴുതു നൽകുന്നതെന്നും ആരോപണമുണ്ട്. ജസ്റ്റിസ് കെമാൽപാഷ സഫാരി ടീവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലുടെ ഇങ്ങനെ പറയുന്നു. '' ഇന്നത്തെ സാഹചര്യത്തിൽ കുറ്റം തെളിയിക്കാനുള്ള ബാധ്യത പ്രതിക്കില്ല. അവൻ വെറുതെ നിന്നാൽ മതി. പ്രോസിക്യൂഷൻ തെളിയിക്കണം. എന്നാൽ വിദേശ രാജ്യങ്ങളൊക്കെ ആ രീതി മാറ്റിയിട്ടുണ്ട്. ഉദാഹരണമായി ഒരാൾ കൊച്ചിയിലേക്ക് ബസ്സുകയറി വന്ന് മറ്റൊരാളെ കുത്തിക്കൊന്നു എന്നിരിക്കട്ടെ. പ്രതിയുടെ സ്റ്റേറ്മെന്റിൽ പറയുന്നത് ഞാൻ കൊച്ചിവരെ എത്തി എന്നത് ശരിയാണ്, പക്ഷേ അയാളുമായി സംസാരിച്ച് മടങ്ങിപ്പോവുകയാണ് ഉണ്ടായത് എന്ന്. അങ്ങനെയാണെങ്കിൽ പ്രതി കൊച്ചിയിൽ എത്തി കൊല്ലപ്പെട്ടയാളെ കണ്ടു എന്നതിന് തെളിവ് വേണ്ട. കുത്തിയതിന് തെളിവ് മാത്രം മതി. ഈ രീതിയിൽ നമ്മുടെ കോടതി സംവിധാനം മാറണം'- കെമാൽ പാഷ ചൂണ്ടിക്കാട്ടുന്നു.
വ്യക്തിജീവിതത്തിൽ സ്വാത്വികനും മൃദുഭാഷിയും
രാമൻപിള്ള വക്കീലുമായി ഇപ്പോൾ താരതമ്യം ചെയ്യുപ്പെടുന്ന മള്ളൂർ ഗോവിന്ദപ്പിള്ളയൊക്കെ പൊതുരംഗത്തും ഏറെ സജീവമായിരുന്നു. 'ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആരെയും കൊല്ലാമേ രാമനാരായണ' എന്ന കവിത ചങ്ങമ്പുഴ കൃഷ്ണപിള്ള ആലപിക്കുമ്പോൾ ആ യോഗത്തിന്റെ അധ്യക്ഷൻ സാക്ഷാൽ മള്ളൂർ ആയിരുന്നു. കൊതുകിനെ അടിച്ചുകൊന്ന് കവി കൊലയാളിയായി മാറുന്നതിനെക്കുറിച്ചൊരു വിനോദകവിതയാണ് അവിടെ ചങ്ങമ്പുഴ അവതരിപ്പിച്ചത്. തിരുവനന്തപുരം ആർട്സ് കോളജ് മലയാളസമാജം യോഗത്തിൽ അധ്യക്ഷനായിരുന്ന മള്ളൂർ അപ്പോൾ ഊറിച്ചിരിക്കയായിരുന്നു. അതിസങ്കീർണമായ കേസുകളിൽ വാദം കഴിഞ്ഞ് ശ്രീമൂലം ക്ലബ്ബിൽ പോയി ടെന്നിസ് കളിച്ചും, തിയറ്ററിൽ സിനിമ കണ്ടും, രാത്രി കഥകളി ആസ്വദിച്ചും ജീവിച്ചിരുന്ന മള്ളൂരിൽനിന്ന് ഏറെ വ്യത്യസ്തനാണ് രാമൻപിള്ള.
ഒരു പബ്ലിക്ക് ഫിഗർ അല്ല അദ്ദേഹം. മാത്രമല്ല വ്യവഹാരലോകത്ത്നിന്ന് മാറി നിൽക്കാൻ അദ്ദേഹത്തിന് സമയവുമില്ല. കോടതിയിൽ പത്തുതലയുള്ള രാവണൻ ആകുന്ന അദ്ദേഹം വക്കീൽ വേഷം അഴിച്ചാൽ പിന്നെ സ്വാതികനും മൃദുഭാഷിയും അൽപ്പം ലജ്ജാലുവുമാണ്. രാമൻപിള്ള വക്കീലിന്റെ വിജയരഹസ്യം എന്താണ് ചോദിച്ചാൽ കഠിനാധ്വാനം എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തവർ പറയുക. കൃത്യമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയല്ലാതെ, ജൂനിയേഴ്സിനോട് ചാടിക്കടിക്കുന്ന രീതിയൊന്നും അദ്ദേഹത്തിന് ഇല്ല. മുതിർന്ന മാധ്യമ പ്രവർത്തകനും നിയമകാര്യ ലേഖകനുമായ ജി ഷഹീദ് ഇങ്ങനെ ഓർക്കുന്നു. ''കഠിനാധ്വാനവും അർപ്പണബോധവുമാണ് രാമൻപിള്ളയെ ഈ നിലയിൽ എത്തിച്ചത്. 80 കളിൽ ഞങ്ങൾ മാതൃഭൂമിയിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഒരുമണിയോടെ മടങ്ങിവരുമ്പോഴും, ചിറ്റൂർ റോഡിലെ രാമൻപിള്ളയുടെ അന്നത്തെ ഓഫീസിൽ അദ്ദേഹം കേസ് പഠിച്ച് ഇരിക്കുന്നത് കാണാമായിരുന്നു. ഈ സമർപ്പണം തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും''.
വ്യക്തിജീവിതത്തിലും തീർത്തും ശാന്ത പ്രകൃതമാണ് രാമൻപിള്ളയുടേത്. ഗുരു നിത്യചൈതന്യ യതിയുടെ സെക്രട്ടറിയായിരുന്ന വിജയലക്ഷ്മിയാണ് ഭാര്യ. സഹോദരൻ പുരുഷോത്തമൻ പിള്ള കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ആയിരുന്നു. കൊച്ചി കലൂർ ആസാദ് റോഡിലെ രാമൻപിള്ളയുടെ വീട്ടിൽ രാവിലെ മുതൽ തിരക്ക് തുടങ്ങുകയായി. തന്റെ കക്ഷികളെ എങ്ങനെ രക്ഷിച്ചെടുക്കാമെന്ന പ്രൊഫഷണൽ ചിന്തയുമായി അവിടെ രാമൻപിള്ളയും ഉണ്ടാവും.
വാൽക്കഷ്ണം: എല്ലാ കേസുകളും ജയിപ്പിക്കാൻ കഴിയുന്ന അതിമാനുഷൻ ഒന്നുമല്ല രാമൻപിള്ള. അത് ആരാധകരുടെ പൊക്കിവിടൽ മാത്രമാണ്. താൻ ഉണ്ട വിഴുങ്ങിയെന്ന രീതിയിലുള്ള പല പ്രചാരണങ്ങളും തെറ്റാണെന്ന് സാക്ഷാൽ മള്ളൂർ തന്നെ പിന്നീട് സമ്മതിച്ചിട്ടുണ്ട്. ആ വെടിയുണ്ട, പ്രതി ഉപയോഗിച്ചെന്നു പറയുന്ന തോക്കിനു ചേരുന്നതല്ലെന്നു തെളിയിക്കുക മാത്രമാണു താൻ ചെയ്തതെന്നാണ് മള്ളൂരിന്റെ വിശദീകരണം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ