കോഴിക്കോട്: ഭർതൃഗൃഹത്തിലെ കൊടിയ പീഡനമടക്കം ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന പേരാമ്പ്രക്കാരി നൗജിഷ ഒടുവിൽ നാടിന്റെയും കാവലാളായി മാറുന്നു. ജീവിതത്തിലെ ദുരിത നാളുകൾ താണ്ടി പേടിയുടെ കാലമൊക്കെ പഴങ്കഥയാക്കിയാണ് നൗജിഷ പൊലീസ് ഉദ്യോഗസ്ഥയായി മാറുന്നത്. പൊലീസ് അക്കാദമിയിൽ നിന്നും കോഴ്‌സ് കഴിഞ്ഞ് പുറത്ത് വന്ന നൗഷജ സ്വന്തം മകനെ വാരിപ്പുണരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷം നടന്ന പാസിഗ് ഔട്ട് പരേഡിന്റെ വീഡിയോ ഇന്നലെ വിസമയ കേസ് വിധിയുടെ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയിയൽ വീണ്ടും പ്രചരിച്ചത്.

ഭർത്താവിന്റെ വീട്ടിലെ മാനസികവും ശാരീരികവുമായ കൊടിയ പീഡനം, ശാരീരമായ മർദ്ദനവും സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ കിണറ്റിൻ കരയിലേക്ക് ഓടിയ ആ പേരാമ്പ്രക്കാരി, കിണറിന്റെ ആഴം കണ്ട് ഭയന്ന് പിന്മാറിയ അതേ പെൺകുട്ടി നൗജിഷ, ജീവിതത്തിലേക്ക് തിരികെ നടന്ന് ഇപ്പോൾ അവളൊരു സിവിൽ പൊലീസ് ഓഫീസറാണ്.

എംസിഎ -കാരിയായ നൗജിഷ പേരാമ്പ്രയിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം ഒരു പാരലൽ കോളേജിൽ അദ്ധ്യാപികയായി ജോലി ചെയ്തു. ഒപ്പം പിഎസ്‌സി പരീക്ഷകൾക്ക് മുഴുവൻ സമയ തയ്യാറെടുപ്പും. അവളുടെ കഠിന പരിശ്രമം വിജയം കണ്ടു. സാഭിമാനം അവളിന്ന് പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസറാണ്.

മുപ്പത്തി ഒന്ന് വർഷങ്ങൾക്കുള്ളിൽ ഒരു വലിയ സങ്കടക്കടൽ കടക്കേണ്ടി വന്നെങ്കിലും ഇപ്പോൾ വിജയമധുരം നുകരുകയാണ് ഈ മിടുക്കി. ആഘോഷമാക്കേണ്ട റാങ്ക് ലിസ്റ്റ് ഒളിച്ചുവയ്‌ക്കേണ്ടി വന്നതു മുതൽ മറ്റുള്ളവർക്ക് പ്രചോദനമായി മാറിയ അതിജീവനം വരെയെത്തി നിൽക്കുന്ന പോരാട്ടമാണ് നൗഷജയുടെ ജീവിതം.

ഭർത്താവിന്റെ വീട്ടിലെ കൊടിയ പീഡനം, ഫിസിക്കൽ ടോർച്ചർ സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യുവാൻ കിണറ്റിൻ കരയിലേക്ക് ഓടിയെത്തി ഒടുവിൽ കിണർ ആഴം കണ്ട് ഭയന്ന് പിന്മാറുന്നു...! ഭർതൃഗൃഹത്തിലെ പീഡനത്തിന് ഒടുവിൽ ഡിവോഴ്‌സ്. കുട്ടിയെ കൊണ്ട് വീട്ടിലേക്ക് മടക്കം. ഒരു ട്യൂട്ടോറിയൽ അദ്ധ്യാപികയായി. ഒപ്പം പിഎസ്‌സി ടെസ്റ്റുകൾ. ഒടുവിൽ പൊലീസ് അക്കാദമിയിൽ നിന്നും കോഴ്‌സ് കഴിഞ്ഞ് പുറത്ത് വന്ന് സ്വന്തം മകനെ വാരിപ്പുണർന്ന ആ അമ്മ ധീരതയുടെ പ്രതീകമായാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിലയിരുത്തപ്പെട്ടത്.

കൂലിപ്പണിക്കാരനായ അച്ഛൻ കഷ്ടപ്പെട്ട് പഠിപ്പിച്ചതാണ് നൗജിഷയെ. ആ പ്രയാസങ്ങൾ മനസ്സിലാക്കി തന്നെ അവൾ നന്നായി പഠിച്ചു. 2013ലായിരുന്നു എംസിഎ ബിരുദധാരിയായ നൗജിഷയുടെ വിവാഹം. ഇതോടെ ജിവിതം കീഴ്‌മേൽ മറിഞ്ഞു. ജോലിക്ക് പോകണമെന്ന് വിവാഹത്തിന് മുൻപ് തന്നെ പറഞ്ഞിരുന്നെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. അടുക്കളയിൽ കഴിയാനുള്ള പെണ്ണുങ്ങൾ എന്തിനാണ് വീടിന്പുറത്ത് പോകുന്നതെന്ന ചോദ്യത്തിന് മുൻപിൽ നൗജിഷ പകച്ചു.

പൊരുത്തക്കേടുകൾ ശാരീരികമായും മാനസികമായും നിരന്തരം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നതിലേക്ക് വഴിവച്ചു. മൂന്ന് വർഷത്തെ യാതനകൾക്കൊടുവിൽ സഹനത്തിന്റെ പാതവെടിഞ്ഞ് അവൾ പ്രതികരിച്ചു. ഒടുവിൽ ഭർത്താവിന്റെ വീട് ഉപേക്ഷിച്ച് ഒന്നര വയസ്സുകാരനായ മകനുമായി മടങ്ങി.

2016 മുതലാണ് നൗജിഷ പഠനത്തിനും പുതിയ ജീവിതത്തിനുമുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നത്. വീടിനടുത്തുള്ള ടോപ്പേഴ്‌സ് എന്ന സ്ഥാപനത്തിൽ പഠനത്തിനെത്തി. പക്ഷേ കേസും കോടതിയും പലപ്പോഴും ക്‌ളാസുകൾ മുടക്കി. അപ്പോഴും ആരോടും ഒന്നും പറയാതെ ശകാരങ്ങൾ കേട്ടു. പക്ഷേ പഠനത്തിൽ മിടുക്കിയായ നൗജിഷയുടെ അവസ്ഥ മനസ്സിലാക്കിയ അദ്ധ്യാപകർ ഫീസ് പോലും വാങ്ങാതെയാണ് പിന്നിട് പഠനത്തിനുള്ള സൗകര്യം ഒരുക്കിയത്.

ഒന്നര വർഷത്തെ പ്രയത്‌നത്തിന് ഒടുവിൽ കഴിഞ്ഞ ഡിസംബറോടെ 141ആം റാങ്കുമായി നൗജിഷ പിഎസ്‌സി റാങ്ക് പട്ടികയിൽ ഇടം പിടിച്ചിരുന്നു. പിന്നാലെ വനിതാ പൊലീസ് ട്രയിനിങ് പൂർത്തിയാക്കി നാടിന്റെ കാവലാളായി മാറുകയാണ്. ജീവിതത്തിൽ ഒന്നിനും അവസാനമല്ലെന്നും തന്റെ വഴി ശരിയായിരുന്നുവെന്നും അവൾ തെളിയിച്ചു.

തീരുമാനങ്ങളെ തിരുത്താൻ അനവധി പിൻവിളികളുണ്ടായി. പക്ഷേ ജീവിതത്തിന് അർഥമുണ്ടാകണമെന്നും ജോലി നേടണമെന്നുമുള്ള ലക്ഷ്യബോധത്തിൽ നിന്ന് നൗജിഷയെ ഒന്നിനും പിൻതിരിപ്പിക്കാനായില്ല. താൻ അനുഭവിച്ച കഷ്ടപ്പാടും ബുദ്ധിമുട്ടും ഒരു ഘട്ടത്തിൽ വാശിയായി മാറിയപ്പോൾ നേട്ടങ്ങളുടെ തിരമാലയായി നൗജിഷയുടെ ജീവിതം. നിരന്തര പരിശ്രമത്തിൽ പല ലിസ്റ്റുകളിലും ഇടം നേടി. പക്ഷേ എട്ടാം റാങ്ക് ലഭിച്ച ലിസ്റ്റ് പോലും അവൾക്ക് മറച്ചുവയ്‌ക്കേണ്ടി വന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് കേസ് നടക്കുമ്പോൾ തന്റെ പേര് ലിസ്റ്റിലുണ്ടെന്നറിഞ്ഞാൽ ബന്ധം പിരിയുന്നതിൽ നിന്ന് ഭർതൃകുടുംബം പിന്മാറുമോ എന്ന് ഭയന്നായിരുന്നു അത്.

ജീവിതം അവസാനിപ്പിക്കാൻ കിണറിന്റെ പടിവരെ എത്തി തിരിച്ച് നടന്നതാണ് താനെന്ന് നൗഷജ തുറന്നുപറഞ്ഞിരുന്നു. നമ്മുടെ ജീവിതം നമ്മൾ തിരഞ്ഞെടുക്കണം. ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിച്ച് തീർക്കണം. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സമൂഹത്തിൽ ഇന്നും ഗാർഹിക പീഡനം സഹിക്കുന്ന നിരവധി പെൺകുട്ടികളുണ്ട്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും അതിൽ ഉൾപ്പെടും. ഇനി ഒരിക്കലും അത്തരം ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാനാണ് തന്റെ അനുഭവങ്ങൾ തുറന്ന് പറയുന്നതെന്നും നൗജിഷ വ്യക്തമാക്കിയിരുന്നു.

'വിവാഹ മോചനം ആരുടെയെങ്കിലും ജീവിതത്തെ നേട്ടത്തിൽ എത്തിച്ചിട്ടുണ്ടോ എന്ന് പലരും ചോദിച്ചേക്കാം. പക്ഷേ യോജിക്കാത്ത വിവാഹ ജീവിതം ഉണ്ടാക്കുന്ന ദുരന്തങ്ങൾ കാണാത്തവരാണ് ഇവരെന്ന് മറക്കരുത്. പൊലീസ് സ്റ്റേഷനെ ഭയപ്പാടോടെ കണ്ടിരുന്ന സാധാരണ സ്ത്രീയായിരുന്നു ഞാൻ. പക്ഷേ ഇന്നെനിക്കറിയാം നമ്മുടെ നിയമങ്ങൾ നൽകുന്ന സുരക്ഷിതത്വം. അത് സാധാരണക്കാരിലേക്ക് എത്തിക്കാനാവും ഒരു പൊലീസുകാരി എന്ന നിലയിൽ ഇനി ഞാൻ പ്രവർത്തിക്കുക. അതിജീവിക്കാൻ നമുക്കൊരു മനസ്സ് മതി'. എന്റെ ജീവിതം തന്നെയാണ് അതിനുള്ള ഉറപ്പും വിജയച്ചിരിയിൽ നൗജിഷ തുറന്നു പറയുന്നു.

സാഹചര്യങ്ങളെ നേരിടാൻ കഴിയാത്ത നിരവധി വിസ്മയമാരെ കാണുന്ന കാലഘട്ടത്തിൽ, പെൺകുട്ടികൾക്ക് നൗജിഷയുടെ ജീവിതം പാഠമാക്കാം. അവസാനിപ്പിക്കേണ്ടതല്ല ജീവിതം, ഇച്ഛാശക്തിയോടെ മുന്നോട്ട് പോയാൽ നൂറു വഴികൾ തുറക്കുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നുണ്ട് നൗജിഷ. അതുകൊണ്ടുതന്നെ അവരുടെ ജീവിതം തന്നെയാണ് അവർ നൽകുന്ന ഏറ്റവും വലിയ സന്ദേശവും.