ഹൈദരാബാദ്: അതിവേഗത്തിൽ എതിർദിശയിൽ പാഞ്ഞെത്തുന്ന രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ റെയിൽവേ മന്ത്രാലയം ഏർപ്പെടുത്തിയ പുതിയ സുരക്ഷാ പദ്ധതി 'കവചി'ന്റെ അവസാനഘട്ട പരീക്ഷണം വിജയകരം. ഒരേ ട്രാക്കിൽ നേർക്കു നേർ ട്രെയിനുകൾ വന്നാലും കൂട്ടിയിടി ഒഴിവാക്കാനുള്ള രക്ഷാകവചമാണ് ഇന്ത്യ ഒരുക്കിയത്.

ട്രെയിൻ കൂട്ടിയിടി ഒഴിവാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ കവചിന്റെ അവസാന പരീക്ഷണം വിജയകരമായി. സെക്കന്ദരാബാദിലെ സനാഥ്‌നഗർ-ശങ്കർ പള്ളി സെക്ഷനിൽ നടന്ന പരീക്ഷണ യാത്രയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒരു ട്രെയിനിലും എതിർദിശയിൽ വന്ന ട്രെയിനിൽ റെയിൽവേ ബോർഡ് ചെയർമാനും ഏതാനും യാത്രക്കാരുമാണുണ്ടായിരുന്നത്. ഒരേ ട്രാക്കിൽ പാഞ്ഞുവന്ന രണ്ടു ട്രെയിനുകൾ നിശ്ചിത ദൂരപരിധിയിൽ നിൽക്കുകയായിരുന്നു. ഇതിന്റെ വിഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവച്ചു.

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിൻ സുരക്ഷാ സംവിധാനമാണ് കവച്. രണ്ടു ട്രെയിനുകൾ ഒരേ പാതയിൽ ഒരേ സമയം വന്നാൽ കവച് സംവിധാനത്തിലൂടെ നിശ്ചിത അകലത്തിൽ ട്രെയിനുകളെ നിർത്താനാകും. സിഗ്‌നൽ വഴി പ്രവർത്തിക്കുന്ന കവചിൽ എസ്‌ഐഎൽ4 സർട്ടിഫൈഡ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ പരീക്ഷണം 2016 ഫെബ്രുവരിയിലായിരുന്നു. 1098 റൂട്ടുകളിലും 65 ലോക്കോകളിലും ഇതുവരെ കവച് വിന്യസിച്ചിട്ടുണ്ട്.

ഒരേപാതയിൽ രണ്ടു തീവണ്ടികൾ വന്നാൽ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്നൽ സംവിധാനമാണ് കവച്. തീവണ്ടികൾ കൂട്ടിയിടിക്കുന്നത് തടയാനുള്ള യന്ത്രവത്കൃത സുരക്ഷാ സംവിധാനമെന്ന് പറയാം. നിശ്ചിത ദൂരപരിധിയിൽ ഒരേപാതയിൽ രണ്ടു ട്രെയിനുകൾ വന്നാൽ തീവണ്ടികൾ അപകടമൊഴിവാക്കി നിശ്ചിത അകലത്തിൽ ട്രെയിൻ നിർത്തും. എസ്‌ഐഎൽ 4 സർട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചിൽ ഉപയോഗിക്കുക.

അതായത് 10,000 വർഷത്തിൽ ഒരു തെറ്റുമാത്രം സംഭവിക്കാനുള്ള സാധ്യതയേ ഉണ്ടാകൂ എന്നുചുരുക്കം. ട്രെയിൻ കൂട്ടയിടി ഒഴിവാക്കൽ(ടിസിഎഎസ്) അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക് ഷൻ സിസ്റ്റം(എ.ടി.പി)എന്നും കവച് അറിയപ്പെടുന്നു. ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിൽ വലിയൊരുമാറ്റത്തിനാണ് പദ്ധതിയിലൂടെ തുടക്കമിടുന്നത്. ട്രെയിനുകളുടെ എണ്ണംകൂട്ടാനും വേഗംവർധിപ്പിക്കാനും പുതിയ സംവിധാനം വഴി കഴിയും.



കവച് സംവിധാനത്തിലുള്ള പാസഞ്ചർ ട്രെയിനുകളിലെ ആദ്യ ഫീൽഡ് ട്രയൽ 2016 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. സൗത്ത് സെൻട്രൽ റെയിൽവേയുടെ പുരോഗമിക്കുന്ന പദ്ധതികളിൽ ഇതുവരെ 1098 റൂട്ടുകളിലും 65 ലോക്കോകളിലും കവച്ച് വിന്യസിച്ചിട്ടുണ്ട്.