തൃപ്പൂണിത്തുറ:അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ വിചാരണ നീട്ടിക്കൊണ്ടുപോകുന്നസർക്കാരിന്റെ കുറ്റകരമായ സമീപനം ഉപേക്ഷിക്കണമെന്ന് എസ് യു സി ഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിലെ മധു എന്ന മനോദൗർബല്യം ഉള്ള യുവാവിനെ ഒരു സംഘം ആളുകൾ മർദ്ദിച്ചു കൊന്നത് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. മനുഷ്യത്വമുള്ള മുഴുവൻ ആളുകളും അന്ന് അതിനെതിരെ പ്രതിഷേധിച്ചിരുന്നു. എന്നാൽ നാലു വർഷം പിന്നിട്ടിട്ടും ഈ കേസിലെ വിചാരണ എങ്ങുമെത്തിയിട്ടില്ല എന്ന പുറത്തുവരുന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കേരളത്തിൽ ദുർബലരായ ആളുകൾക്ക് നീതി കൂടുതൽ കൂടുതൽ അപ്രാപ്യമായി വരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

കേസിൽ കുറ്റാരോപിതരായ 16 പേരും ജാമ്യത്തിൽ കഴിയുകയാണ്. പട്ടികജാതി-വർഗ പ്രത്യേക കോടതിയിൽ നടക്കുന്ന ഈ കേസ് ഇത്രയും നീളുന്ന തിന്റെഉത്തരവാദി സർക്കാർ തന്നെയാണ്. പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകുന്നില്ലെങ്കിൽ എന്തുകൊണ്ട് സർക്കാർ നടപടി സ്വീകരിക്കുന്നില്ല എന്നത് സുപ്രധാന വിഷയമാണ്. പട്ടികജാതി-വർഗ വിഭാഗത്തിന്റെ ക്ഷേമത്തിനുവേണ്ടി എന്നുപറഞ്ഞ് രൂപീകരിച്ചിട്ടുള്ള വകുപ്പും മന്ത്രിയും വിവിധ സംവിധാനങ്ങളും നിലനിൽക്കുമ്പോൾ തന്നെ ഉണ്ടായിട്ടുള്ള ഈ ദുരവസ്ഥ, യാദൃശ്ചികമല്ല പ്രതികളെ രക്ഷിക്കാൻ ബോധപൂർവ്വം സൃഷ്ടിച്ചതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പ്രതികൾ തന്നെ മധുവിനെ മർദ്ദിക്കുന്ന തിന്റെ വീഡിയോ പ്രചരിപ്പിച്ചത് ഈ കേസിലെ ഏറ്റവും വലിയ തെളിവാണ്. വിചാരണ കൃത്യമായും സമയബന്ധിതമായും നടന്നാൽ പ്രതികൾ ശിക്ഷിക്കപ്പെടും എന്നത് ഉറപ്പാണ്. അടിയന്തിരമായി സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് കേസിൽ ഹാജരാകാത്ത പബ്ലിക് പ്രോസിക്യൂട്ട റെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും കാലതാമസമില്ലാതെ വിചാരണ നടത്തി കുറ്റവാളികളെ ശിക്ഷിക്കണം എന്നും എസ് യു സി ഐ കമ്മ്യൂണിസ്റ്റ് ആവശ്യപ്പെട്ടു.