വാഷിങ്ടൻ ഡി സി ന്മ കാപ്പിറ്റോളിൽ നടന്ന ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ച പൊലീസ് ഓഫീസർ ശനിയാഴ്ച ആത്മഹത്യ ചെയ്തതായി കാപ്പിറ്റോൾ പൊലീസ് വെളിപ്പെടുത്തി. ദീർഘകാലം സർവീസുള്ള ഹൊവാർഡ് ലിബർഗുഡാണ് (51) മരിച്ചത്. മരണകാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല.

2005 ലാണ് സെനറ്റ് ഡിവിഷനിലേക്ക് ഇദ്ദേഹത്തെ നിയമിച്ചത്. മുൻ സെനറ്റ് സാർജന്റിന്റെ മകനാണ് ഹവാർഡ്. ജനുവരി 6ന് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണോ മരണമെന്നും വ്യക്തമല്ല.

കാപ്പിറ്റോൾ ആക്രമണത്തിൽ ഒരു പൊലീസ് ഓഫീസർ ഉൾപ്പെടെ അഞ്ചു പേർ നേരത്തെ മരിച്ചിരുന്നു. കാപ്പിറ്റോളിൽ നടന്ന അനിഷ്ഠ സംഭവങ്ങളെ തുടർന്നു നിരവധി ആരോപണങ്ങൾ ഉയർന്ന കാപ്പിറ്റോൾ പൊലീസിന് ഹൊവാർഡിന്റെ മരണം വലിയ ആഘാതമാണ് ഏൽപിച്ചിരിക്കുന്നത്. കോൺഗ്രസ് അംഗങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് സഹപ്രവർത്തകരോടൊപ്പം പോരാടിയ ഇദ്ദേഹത്തിന്റെ വിയോഗം കാപ്പിറ്റോൾ പൊലിസിനെ നിരാശയിലാഴ്‌ത്തി. ഓഫീസറുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.