- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാരെ കൊണ്ട് അടിമവേല ചെയ്യിച്ച സുദേഷ് കുമാറിന് ഡിജിപി പദവി കൈവിട്ടതിന്റെ കലിപ്പു തീരുന്നില്ല; വിജിലൻസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പകപോക്കൽ ശ്രമം; തച്ചങ്കരിയെയും എസ് ശ്രീജിത്തിനെയും കുടുക്കാൻ ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി; തെളിവില്ലാതെ എല്ലാം പൊളിഞ്ഞു
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ വിവാദ നായകന്മാരുടെ കൂട്ടത്തിലാണ് സുദേഷ കുമാരിന്റെ സ്ഥാനം. സംസ്ഥാനത്തെ പൊലീസ് മേധാവിയാകാൻ ചുരുക്കപ്പട്ടികയിൽ പെട്ടവരുടെ കൂടത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. എന്നാൽ, സ്വന്തം കൈയിലിരുപ്പു കൊണ്ട് ഈ സ്ഥാനം നഷ്ടമാകുകയും ചെയ്തു. മുൻകാലങ്ങളിൽ സ്വന്തം വീട്ടിൽ പൊലീസുകാരെ കൊണ്ട് അടിമവേല ചെയ്യിച്ചെന്ന കാരണത്താലായാരിരുന്നു അദ്ദേഹത്തിന് കേരളാ പൊലീസ് മേധാവി പദവി നഷ്ടമായത്. ഇതോടെ ചില ഉദ്യോഗസ്ഥരോടും കലിപ്പിലായ സുദേഷ്‌കുമാർ. ഈ ഉദ്യോഗസ്ഥരോട് പകപോക്കാൻ വേണ്ടി വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് ഇരിക്കവേ സുദേഷ്‌കുമാർ നടത്തിയ കളികളുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ പൊലീസ് സേനയിൽ ഈ ഉദ്യോഗസ്ഥനോട് കടുത്ത അമർഷമാണ് ഉണ്ടായിരിക്കുന്നത്.
തനിക്കു വിരോധമുള്ള ഡിജിപിയും എഡിജിപിയും ഉൾപ്പെടെ 3 പേരെ വിജിലൻസ് അന്വേഷണത്തിൽ കുടുക്കാനാണ് മുൻപ് വിജിലൻസ് ഡയറക്ടർ നീക്കം നടത്തിയത്. അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പ്രാഥമിക അന്വേഷണത്തിൽ തന്നെ ആരോപണങ്ങൾ തള്ളി വിജിലൻസ് സംഘം റിപ്പോർട്ട് നൽകി. ഈ കേസ് അന്വേഷണത്തിലെ പരാതി പോലും വ്യാജമാണ് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പുതിയ വിജിലൻസ് ഡയറക്ടർ ചുമതലയേൽക്കാൻ രണ്ടാഴ്ച വൈകിയ സമയത്താണ് ഡിജിപി സുദേഷ് കുമാറിന്റെ ഈ പകപോക്കൽ ശ്രമം. ഇപ്പോൾ ജയിൽ മേധാവിയായ സുദേഷ് കുമാർ ഒക്ടോബറിൽ വിരമിക്കാനിരിക്കയാണ്.
സുദേഷ് കുമാറിന് കേരളാ പൊലീസ് മേധാവി സ്ഥാനം കൈമോശം വരാൻ കാരണമായത് മകളുടെ കേസു തന്നെയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് സുദേഷ് കുമാർ കുടുക്കാൻ ശ്രമിച്ചത്. ഇക്കാര്യം മലയാള മനോരമയാണ് വാർത്തയായി റിപ്പോർട്ടു ചെയ്തത്. തന്റെ മകൾക്കെതിരായ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്‌പി പ്രകാശൻ കാണി, മേൽനോട്ടം വഹിച്ച എഡിജിപി എസ്.ശ്രീജിത്ത്, സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു തനിക്കൊപ്പം പരിഗണനയിൽ ഉണ്ടായിരുന്ന ഡിജിപി ടോമിൻ തച്ചങ്കരി എന്നിവർക്കെതിരെയാണു സുദേഷ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒന്നിലും തെളിവില്ലെന്നും രണ്ട് അന്വേഷണങ്ങൾക്ക് ആധാരമാക്കിയത് ഊമക്കത്തുകൾ ആയിരുന്നെന്നും വിജിലൻസ് സംഘം റിപ്പോർട്ട് നൽകി. ഗവാസ്‌കർ എന്ന പൊലീസുകാരനെ സുദേഷിന്റെ മകൾ മർദിച്ചെന്ന കേസ് അന്വേഷിച്ചത് ഈയിടെ ഐപിഎസ് ലഭിച്ച പ്രകാശൻ കാണിയാണ്. മർദിച്ചിട്ടുണ്ടെന്നു തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ച അദ്ദേഹം കുറ്റപത്രം നൽകാൻ ഒരു വർഷം മുൻപ് ശുപാർശ ചെയ്തു. ഈ യുവതിയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായി ഗവാസ്‌കർക്കെതിരായ പരാതി വ്യാജമാണെന്നു കണ്ടെത്തി ആ കേസ് അവസാനിപ്പിക്കാനും എസ്‌പി അനുമതി തേടി. അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനാണു റിപ്പോർട്ട് നൽകിയത്. ഇതാണ് സുദേഷ്‌കുമാറിന്റെ കോപത്തിന് കാരണം.
പിന്നീട് ഷേയ്ക്ക് ദർവേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവി ആയപ്പോൾ കുറ്റപത്രം നൽകാൻ വീണ്ടും അനുമതി തേടിയെങ്കിലും നൽകിയില്ല. കുറ്റപത്രം നൽകാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് മാസങ്ങളായി ഇവിടെ പൂഴ്‌ത്തിവച്ചിരിക്കുകയാണ്. അതിനിടെ മകൾക്കെതിരായ കേസ് ഒത്തുതീർപ്പാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വഴി സമ്മർദം ചെലുത്തിയെങ്കിലും പ്രകാശൻ കാണി വഴങ്ങിയില്ല. അവസാനശ്രമമെന്ന നിലയിലാണു വിജിലൻസ് അന്വേഷണം പ്രയോഗിച്ചത് എന്നാണു പുറത്തുവരുന്ന സൂചന.
അതേസമയം നിക്കോളാസ് ബെഞ്ചമിൻ എന്നയാളുടെ പേരിലുള്ള ഊമക്കത്താണു പ്രകാശൻ കാണിക്കെതിരായ അന്വേഷണത്തിന് ആധാരമാക്കിയത്. കാരക്കോണം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഒതുക്കാൻ എസ്‌പി കോഴ വാങ്ങിയെന്നായിരുന്നു പരാതി. എന്നാൽ ഇങ്ങനെയൊരു പരാതിക്കാരൻ ഇല്ലെന്നു വിജിലൻസ് കണ്ടെത്തി. മകൾക്കെതിരായ കേസ് ഒതുക്കാൻ എസ്‌പിക്കു മേൽ സമ്മർദം ചെലുത്തിയില്ല എന്നതായിരുന്നു എഡിജിപി എസ്.ശ്രീജിത്തിനോടുള്ള വിരോധത്തിനു കാരണമെന്നു കരുതുന്നു. ഇദ്ദേഹത്തിനെതിരായ അന്വേഷണവും ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എഡിജിപിയെ കണ്ടിട്ടില്ലെന്നും പരാതി നൽകിയിട്ടില്ലെന്നും വിലാസക്കാരൻ വിജിലൻസിനെ അറിയിച്ചു.
കേരള ഫിനാൻഷ്യൽ കോർപറേഷൻ എംഡി ആയിരിക്കെ വായ്പക്കുടിശിക വരുത്തിയ ചിലരുടെ വസ്തു ലേലം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ടോമിൻ തച്ചങ്കരിക്കെതിരായ പരാതി. അതും വ്യാജമാണെന്നു വിജിലൻസ് കണ്ടെത്തി. തച്ചങ്കരിയോട് പക തീർക്കാനായിരുന്നു ഈ നീക്കവും. അതേസമയം സുദേഷ് കുമാറിനെതിരായ ആരോപണങ്ങൾ അടങ്ങിയ പരാതിയിൽ അന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ആഴ്ചകളായി മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഒരു ജൂവലറിയിൽനിന്നു സ്വർണം വാങ്ങിയതിലും വിദേശയാത്ര നടത്തിയതിലും അഴിമതി ഉന്നയിച്ചു ലഭിച്ച പരാതിയിലാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണം നടത്തിയത്. എന്നാൽ വിരമിക്കാൻ അധികകാലം ബാക്കിയില്ലാത്തതു കൊണ്ടാണ് കൂടുതൽ നടപടികളിലേക്ക് ആഭ്യന്തര വകുപ്പ് കടക്കാത്തത് എന്നാണ് സൂചനകൾ.
മറുനാടന് മലയാളി ബ്യൂറോ