കൊല്ലം: സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും. ഇത് മൂന്നാം തവണയാണ് ജനറൽ സെക്രട്ടറിയായി റെഡ്ഡി തിരഞ്ഞെടുക്കപ്പെടുന്നത്. സാധാരണ രണ്ട് തവണയാണ് ഒരാൾക്ക് സെക്രട്ടറി സ്ഥാനത്തിരിക്കാൻ അനുവദിക്കുന്നത്. എന്നാൽ, സുധാകർ റെഡ്ഡിക്ക് വേണ്ടി ഈ നിബന്ധനയിൽ ഇളവു വരുത്തിയാണ് അദ്ദേഹത്തെ വീണ്ടും നിയോഗിച്ചത്. കൊല്ലത്തു നടക്കുന്ന പാർട്ടി കോൺഗ്രസിന്റേതാണ് തീരുമാനം.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും ബിനോയ് വിശ്വത്തിനേയും കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഗുരുദാസ് ദാസ് ഗുപ്ത ഒഴിഞ്ഞെങ്കിലും ആ സ്ഥാനത്തേക്ക് പുതുതായി ആരേയും തെരഞ്ഞെടുത്തിട്ടില്ല. ജെഎൻയു സമരനേതാവ് കനയ്യകുമാറിനെയും സിപിഐ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 125 അംഗ ദേശീയ കൗൺസിലിൽ അഞ്ച് പുതുമുഖങ്ങൾ ഉൾപ്പെടെ കേരളത്തിൽ നിന്ന് 15 പേരെ കൗൺസിലിൽ ഉൾപ്പെടുത്തി. പന്ന്യൻ രവീന്ദ്രനെ കൺട്രോളർ കമ്മീഷൻ ചെയർമാനായും തെരഞ്ഞെടുത്തിട്ടുണ്ട്.

എൻ. രാജൻ, എൻ. അനിരുദ്ധൻ, പി. വസന്തം, കെ.പി. രാജേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എന്നിവരെയാണ് ദേശീയ കൗൺസിലിൽ പുതുതായി കേരളത്തിൽനിന്ന് ഉൾപ്പെടുത്തിയത്. കാൻഡിഡേറ്റ് അംഗമായി മഹേഷ് കക്കത്തിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സി ദിവാകരൻ, സി.എൻ. ചന്ദ്രൻ, സത്യൻ മൊകേരി, കമലാ സദാനന്ദൻ എന്നിവരെ ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കിയാണ് പുതുതായി അഞ്ച് പേരെ തെരഞ്ഞെടുത്തത്.

പാർട്ടിക്ക് പുതുമുഖം നൽകണമെന്നും ഇതിനായി ദേശീയ കൗൺസിലിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തണമെന്നും 23 -ാം സിപിഐ പാർട്ടി കോൺഗ്രസിലെ ചർച്ചകളിൽ നിർദേശമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കനയ്യകുമാർ അടക്കമുള്ള യുവനേതാക്കളെയും പുതുമുഖങ്ങളെയും പാർട്ടി ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയത്.

അതേസമയം പാർട്ടി കോൺഗ്രസിലെ നഷ്ടം സംഭവിച്ചിരിക്കുന്ന സി ദിവാകരനാണ്. സി ദിവാകരനെ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ദിവാകരൻ കേരളത്തിൽ നിന്നള്ള പ്രതിനിധികളുടെ യോഗം ബഹിഷ്‌കരിച്ചു. അതേസമയം, തനിക്ക് ഗോഡ്ഫാദർമാരില്ലെന്നും ആരുടെയും സഹായത്തിൽ തുടരാനില്ലെന്നും സി ദിവാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗോഡ്ഫാദർമാരെ താൻ അംഗീകരിക്കില്ല. മുതിർന്നവരെ ബഹുമാനിക്കുന്ന പാർട്ടിയാണ് സിപിഐയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ ഏകകണ്ഠമായി എത്തിയത് സി ദിവാകരന്റെ മറുകണ്ടം ചാടൽ മൂലമായിരുന്നു. ഇസ്മയിൽ പക്ഷം സി ദിവാകരനോട് മത്സരിക്കാൻ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം ഈ ആവശ്യം നിരാകരിച്ചു. ഇതോടെയാണ് മത്സരം ഒഴിവായത്. ത്രിപുരയിലടക്കം പാർട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ, പാർട്ടിയുടെ ഐക്യം പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി ദിവാകരൻ മത്സരത്തിൽനിന്നു പിന്മാറുകയായിരുന്നു. എന്നാൽ ഇതിലൂടെ ദിവാകരൻ ആഗ്രഹിച്ചത് ദേശീയ നേതൃത്വത്തിലെ സ്ഥാനമായിരുന്നു. പക്ഷേ മലപ്പുറത്തെ ഈ നീക്കമാണ് ദിവാകരനെ ആരുമില്ലാത്ത അവസ്ഥയിൽ എത്തിച്ചത്.

മലപ്പുറത്തെ സമ്മേളനത്തിൽ പാർട്ടിയിൽ കാനം വെട്ടിനിരത്തൽ നീക്കവുമായി മുന്നോട്ടുപോകുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് മത്സരത്തിനായി ഇസ്മയിൽ പക്ഷം ദിവാകരനെ സമീപിച്ചത്. എന്നാൽ പാർട്ടിയുടെ ഐക്യം ചൂണ്ടിക്കാട്ടി ദിവാകരൻ വിമതരെ നിരാകരിച്ചു പിന്തിരിപ്പിക്കുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചാൽ കാനത്തോടു വിജയിക്കാൻ കഴിയില്ലെന്ന് ഉറപ്പാണെങ്കിലും പ്രതിഷേധം എന്ന നിലയ്ക്കായിരുന്നു ഇസ്മയിൽ പക്ഷത്തിന്റെ നീക്കം. എന്നാൽ മത്സരിച്ചു പരാജയപ്പെടാൻ താത്പര്യപ്പെടാതെ, ഐക്യം ചൂണ്ടിക്കാട്ടി ദിവാകരൻ പിന്മാറുകയായിരുന്നു. എങ്ങനേയും കാനവുമായി അടുക്കുകയായിരുന്നു ദിവാകരന്റെ ലക്ഷ്യം. അടുത്തു തന്നെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നും ഭക്ഷ്യ വകുപ്പ് തനിക്ക് കിട്ടുമെന്നും ദിവാകരൻ സ്വപ്നം കണ്ടു. ഇതോടെ ഇസ്മായിൽ പക്ഷവും ദിവാകരനെ കൈവിടുകയായിരുന്നു.

മാത്രമല്ല, പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കു താൻ മത്സരിച്ചാൽ പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന റിപ്പോർട്ടുകൾ ഊട്ടിയുറപ്പിക്കപ്പെടുമെന്നും ദിവാകരൻ ഇസ്മയിൽ പക്ഷത്തെ അറിയിച്ചു. ഇതോടെ ഇസ്മായിൽ പക്ഷം വെട്ടിലായി. കരുത്തോടെ വീണ്ടുമെത്തിയ കാനം സംസ്ഥാന നേതൃത്വത്തിലെ അവസാന വാക്കായി. സിപിഐയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവാണ് കാനം. സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തെ കാനം അംഗീകരിക്കുന്നില്ല. സിപിഎമ്മിനോട് അടുക്കാൻ ആഗ്രഹിക്കുന്നവരെല്ലാം കാനത്തിന് ശത്രുക്കളാണ്. അതുകൊണ്ട് തന്നെ ഇസ്മായിലിനെ തള്ളി പറഞ്ഞിട്ടും ദിവാകരനെ കാനം അകറ്റി നിർത്തി. കമ്യൂണിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്നവർക്കും അംഗീകരാം നൽകിയില്ല. ഇങ്ങനെ സിപിഐയെ പുതിയ ദിശയിലേക്ക് കാനം നയിക്കുമ്പോൾ നിരാശയിലാകുന്നത് ദിവാകരനാണ്.