തിരുവനന്തപുരം: കോൺഗ്രസിലെ ഉമ്മൻ ചാണ്ടി വിഭാഗം ആശങ്കയിലാണ്. എ ഗ്രൂപ്പിനെ പൂർണ്ണമായും വെട്ടിനിരത്തുമോ എന്നതാണ് ആശങ്ക. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായി പിടി തോമസും ടി സിദ്ദിഖും ഉണ്ടെങ്കിലും അവർ ഗ്രൂപ്പിന് വേണ്ടി ശബ്ദമുയർത്തുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചുള്ള സുധാകരന്റെ തുടക്കം ഗംഭീരമായി. കെപിസിസി അധ്യക്ഷനാകും ഇനി പാർട്ടിയിലെ അവസാന വാക്കെന്ന സന്ദേശമാണ് സുധാകരൻ നൽകുന്നത്. അണികളും സുധാകരനൊപ്പം. ഡിസിസി പുനഃസംഘടനയിൽ അടക്കം സുധാകര തീരുമാനങ്ങൾ നടപ്പായാൽ എ ഗ്രൂപ്പിന്റെ അസ്തിത്വം തന്നെ നഷ്ടമാകും.

പാർട്ടിയുടെ പുനഃസംഘടനാ ചർച്ചയിലേക്ക് കോൺഗ്രസ് കടക്കുകയാണ്. നാളെ രാഷ്ട്രീയകാര്യ സമിതി യോഗം മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതിയാണു നാളെ ചേരുന്നത്. കെപിസിസി, ഡിസിസി അഴിച്ചു പണിയാണു സുധാകരന്റെ ആദ്യ സംഘടനാ ദൗത്യം.പിണറായിയെ മൂലക്കിരുത്തി പാർട്ടിയെ കൈപ്പിടിയിലൊതുക്കി സുധാകരൻ മുന്നേറ്റത്തിൽ പാർട്ടിയിൽ സമൂല മാറ്റം ഉറപ്പാണ്. അതെല്ലാം സുധാകരന്റെ ഇഷ്ടത്തിനുമാകും. അങ്ങനെ വരുമ്പോൾ നാളെ രാഷ്ട്രീയകാര്യ സമിതി ചേരുമ്പോൾ ഗ്രൂപ്പിന്റെ തകർച്ച പൂർണ്ണമാകുമെന്ന് ഭയക്കുകയാണ് ഉമ്മൻ ചാണ്ടി. തന്റെ ഇഷ്ടങ്ങൾക്കപ്പുറം മറ്റൊരു ഇഷ്ടമില്ലെന്ന് സുധാകരകൻ കൽപ്പിക്കുമ്പോൾ ഉമ്മൻ ചാണ്ടി അടക്കമുള്ള കാരണവന്മാരാണ് പ്രതിസന്ധിയിൽ.

കെപിസിസിയിലും ഡിസിസിയിലും നിലവിലെ ജംബോ സമിതി ഇനി ഉണ്ടാകില്ലെന്നു സുധാകരൻ പ്രഖ്യാപിച്ചു കഴിഞ്ഞു. പാർട്ടിയിലെ പൊതു വികാരവും അതാണെങ്കിലും ഭാരവാഹികളാകാൻ നിരവധി പേർ ആഗ്രഹിക്കുന്നുണ്ട്. സുധാകരന് കൂടുതൽ അടുപ്പം ഐ ഗ്രൂപ്പിലെ നേതാക്കളോടാണ്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പുകാർക്ക് പ്രാധാന്യം കിട്ടും. എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തും. ഇതും വിശാല ഐ ഗ്രൂപ്പിന് വേണ്ടിയാരും.

കെപിസിസിക്കു നിർവാഹക സമിതി അടക്കം 51 അംഗ സമിതി രൂപീകരിക്കാനാണു സുധാകരൻ ഉദ്ദേശിക്കുന്നത്. വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായി പത്തിൽ താഴെ പേർ മതിയെന്നും അദ്ദേഹം കരുതുന്നു. ഡിസിസികളിലും അതേ മാതൃക തുടരുകയാണു ലക്ഷ്യം. ഈ പദവികളിലെല്ലാം സുധാകരന് താൽപ്പര്യമുള്ളവർക്ക് കൂടുതൽ പിന്തുണ കിട്ടും എന്ന് ഉറപ്പാണ്. അതുണ്ടായാൽ എ ഗ്രൂപ്പ് നേതാക്കൾ തീർത്തും നിരാശരാകും. ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളവർ വെട്ടിനിരത്തലിനും വിധേയമാകും.

താഴേത്തട്ടിൽ കുടുംബ യൂണിറ്റുകൾ രൂപീകരിക്കാനുള്ള സുധാകരന്റെ നിർദ്ദേശവും സംഘടനയെ ശക്തിപ്പെടുത്താനാണ്. 2030 വീടുകൾക്ക് ഒരു യൂണിറ്റ് എന്നതാണ് അദ്ദേഹത്തിന്റെ ആശയം. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവം പരിഹരിക്കാൻ പാർട്ടി സ്‌കൂൾ, കെപിസിസിക്കു മൂന്നു മേഖലാ ഓഫിസുകൾ തുടങ്ങിയ ആശയങ്ങളും ചർച്ചകളിലുണ്ട്. പിണറായി വിജയനുമായുള്ള ഏറ്റുമുട്ടൽ പാർട്ടിക്കുള്ളിൽ അദ്ദേഹത്തെ കൂടുതൽ ശക്തനാക്കിയെന്നാണു വിലയിരുത്തൽ. സുധാകരന് എ-ഐ ഗ്രൂപ്പുകൾ നൽകുന്ന പിന്തുണ സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. ചെന്നിത്തലയെ എഐസിസി അനുനയിപ്പിച്ചു കഴിഞ്ഞു. അതിനാൽ ചെന്നിത്തല സുധാകരനെ പിന്തുണയ്ക്കും.

സെമികേഡർ പാർട്ടിയായി കോൺഗ്രസിനെ മാറ്റാനാണ് സുധാകരന്റെ തീരുമാനം. പാർട്ടിയുടെ എല്ലാ തലത്തിലും ഊർജസ്വലരായ പുതുമുഖങ്ങളെ കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ ആലോചന. പാർട്ടി ഘടനയിലും അതിനനുസരിച്ച് മാറ്റം വേണമെന്നാണ് അവരുടെ ആഗ്രഹം. ഇതിന് അഭിപ്രായങ്ങൾ സ്വരൂപിക്കാൻ നേതൃത്വം യുവ എംഎ‍ൽഎ.മാരുമായി കൂടിക്കാഴ്ചയും മറ്റും നടത്തി വരുകയാണ്. സമൂല പൊളിച്ചെഴുത്തെന്ന ആശയമാണ് ചെറുപ്പക്കാർ നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുള്ളത്. അങ്ങനെ വന്നാൽ പഴയ മുഖങ്ങൾ തീർത്തും നിരാശരാകും. പാർട്ടി പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്കതീതമായി കഴിവുള്ളവരെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരണം. ഇതിന് കഴിവിന് മുൻഗണന നൽകണമെന്ന നിർദ്ദേശവും യുവനേതാക്കൾ മുന്നോട്ടുവെക്കുന്നു.

നേതൃത്വം ശേഖരിച്ച അഭിപ്രായങ്ങൾ മുതിർന്ന നേതാക്കളുമായി ചർച്ചചെയ്ത് സമവായത്തിൽ എത്തിച്ചശേഷം രാഷ്ട്രീയകാര്യ സമിതിയിൽ വെച്ച് അംഗീകാരം നേടാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സുധാകരൻ പറയുന്നത് ഉമ്മൻ ചാണ്ടിക്കും നിശബ്ദമായി അംഗീകരിക്കേണ്ടി വരും.