തിരുവനന്തപുരം: പാർട്ടി വിരുദ്ധ പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾക്കെതിരെ ഇനി ഉടൻ അച്ചടക്ക നടപടി. അതിന് ശേഷം വിശദീകരണം ചോദിക്കും. ഇതിനിടെ പരസ്യ പ്രസ്താവനയുമായി വീണ്ടും വിമർശനത്തിന് എത്തിയാൽ ഡിസ്മിസൽ. ഇതാണ് കോൺഗ്രസിൽ ഇനി നടക്കാൻ പോകുന്ന അച്ചടക്ക ഇടപെടൽ. ഡിസിസി പുനഃസംഘടനയെ ഇനി കെപിസിസി ചർച്ചയാക്കില്ല. എല്ലാം അടഞ്ഞ അധ്യായം എന്ന നിലപാടിലേക്ക് നേതൃത്വം എത്തും.

പരസ്യപ്രസ്താവനയുടെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.ശിവദാസൻ നായരോടും കെ.പി.അനിൽകുമാറിനോടും പ്രസിഡന്റ് കെ.സുധാകരൻ വിശദീകരണം തേടിയിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 7 ദിവസത്തിനകം മറുപടി നൽകണമെന്ന് ഇവർക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. നിഷേധാത്മക നിലപാട് അംഗീകരിക്കില്ല. മാപ്പു പറഞ്ഞാൽ പാർട്ടിയിൽ തുടരാൻ ഇവർക്കാകും. ഇല്ലാത്ത പക്ഷം ഇവരേയും മാറ്റി നിർത്താനാണ് തീരുമാനം.

നിശ്ചിത സമയപരിധിക്കുള്ളിൽ രേഖാമൂലം വിശദീകരണം നൽകിയില്ലെങ്കിൽ വിശദീകരണം നൽകാനില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. പരസ്യ പ്രതികരണത്തിന്റെ പേരിൽ ഡിസ്മിസ് ചെയ്ത പ്രശാന്തും കെപിസിസി ഭാരവാഹിയായിരുന്നു. നെടുമങ്ങാട്ടെ സ്ഥാനാർത്ഥിയായിരുന്ന പ്രശാന്ത് ഇനി എല്ലാ അർത്ഥത്തിലും പാർട്ടിക്ക് പുറത്താണ്. വിശദീകരണവും ഇനി തേടില്ല. ഇതിനെല്ലാം സുധാകരൻ ഹൈക്കമാണ്ടിന്റെ അംഗീകാരവും വാങ്ങിയിട്ടുണ്ട്.

പാലക്കാട് എവി ഗോപിനാഥിനെ ഒപ്പം നിർത്താനാണ് സുധാകരന്റെ ശ്രമം. ഗോപിനാഥ് പാർട്ടിയിൽ നിന്നുള്ള രാജി പ്രഖ്യാപിച്ചപ്പോൾ പോലും സംഘടനാ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സുധാകരന്റെ നിലപാട്. ഗോപിനാഥ് പോകുന്നത് പാലക്കാട്ടെ പാർട്ടി ക്ഷീണമാകുമെന്ന വിലയിരുത്തലിലാണ് ഇത്.

പുനഃസംഘടനയുമായി ബന്ധപ്പെട്ടു പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞെന്നും അത് അടഞ്ഞ അധ്യായമാണെന്നും. സുധാകരൻ വ്യക്തമാക്കി. ദിവസവും വിവാദങ്ങളുമായി മുന്നോട്ടു പോകാൻ കഴിയില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എക്കാലവും താങ്ങും തണലുമായി ഉണ്ടാകണം എന്നാണ് ആഗ്രഹം. അതു സഫലീകരിക്കാൻ അവർ സഹകരിക്കണം. അല്ലാതെ അവരുടെ പ്രഭാവം അവസാനിക്കണമെന്നു താൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

ഈ രണ്ട് നേതാക്കൾക്കും പരസ്യ പ്രസ്താവനയിലും മറ്റും ഇളവുണ്ടാകും. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള മുതിർന്ന നേതാക്കൾക്കും പരിഗണനകൾ കിട്ടും. എന്നാൽ ബാക്കി ഒരു നേതാവിനും ഇനി പരോക്ഷമായി പോലും നേതൃത്വത്തെ തള്ളി പറയനാകില്ല. നേതാക്കളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ അരുതെന്ന് കെപിസിസി അധ്യക്ഷനോടും ഹൈക്കമാണ്ട് നിർദ്ദേശിച്ചിട്ടുണ്ട്.

പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാൻഡിന്റെ തീരുമാനമാണു വന്നിരിക്കുന്നത്. എന്തും അവകാശപ്പെടാൻ നേതാക്കൾക്കു കഴിയും. പക്ഷേ ആ രീതി ഭൂഷണമാണോ എന്ന് ആലോചിക്കണം. ആറുമാസം കാത്തിരുന്നാൽ കോൺഗ്രസ് എന്താണു കൈവരിക്കാൻ പോകുന്നതെന്നു മനസ്സിലാകും. ആ മാറ്റത്തിന് അച്ചടക്കവും സുതാര്യതയും കൂടിയേ തീരൂ. ഇത്രയും കാലം പാർട്ടിക്കു വേണ്ടി വിയർപ്പൊഴുക്കിയവർ തന്നെ മറിച്ചൊരു നിലപാടെടുക്കരുത്-ഇതാണ് സുധാകരന്റെ അഭ്യർത്ഥന.

കെപിസിസി, ഡിസിസി പുനഃസംഘടനയ്ക്കു സമയപരിധി നിശ്ചയിച്ചിട്ടില്ല. എത്രയും വേഗം ഉണ്ടാകും. ഇതുവരെ സംഭവിച്ചതു പോലെ രണ്ടു ചാനലുകളിൽ നിന്നുള്ള ആൾക്കൂട്ടത്തിന്റെ സംയോജനം ആകില്ല ഇനി പാർട്ടി. പൊതു രംഗത്തുനിന്നു പിന്തള്ളപ്പെട്ടവർ അടക്കം ഈ പാർട്ടിയിൽ ഉണ്ട്. അവർക്കെല്ലാം അവസരം നൽകും. സെമി കേഡർ പ്രസ്ഥാനമായി കോൺഗ്രസിനെ മാറ്റുമെന്നാണ് പ്രഖ്യാപനം.

ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്ന മുരളീധരന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം കോൺഗ്രസിന്റെ ശക്തമായ തൂണുകളിൽ ഒന്നാണെന്ന് സുധാകരൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആ വില ഉണ്ടാകുമെന്ന് സുധാകരൻ വിശദീകരിക്കുന്നത് ഇനി ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്‌പ്പ് ഉണ്ടാകില്ലെന്ന സൂചനയാണ്.