കണ്ണൂർ: കോൺഗ്രസിൽ പുനഃസംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പായിരിക്കെ മത്സരിക്കാൻ അരയും തലയും മുറുക്കി കെ.സുധാകരൻ. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലേ എത്താനുകുമെങ്കിൽ താൻ മത്സരിക്കുമെന്ന് സുധാകരൻ പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായിരുന്ന കെ.സുധാകരൻ ഇതുസംബന്ധിച്ചു തന്റെ അടുത്തവിശ്വസ്തരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.

എന്തുതന്നെയായാലും പാർട്ടിയിൽ പുനഃ സംഘടന നടത്തുകയെന്ന തീരുമാനവുമായി മുൻപോട്ടുപോകാനാണ് കെപിസിസി അധ്യക്ഷന്റെ തീരുമാനം. ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചതിനാൽ ഗ്രൂപ്പു മാനേജർമാർ ഉടക്കു വയ്ക്കുന്നത് തടസമാവില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ കെപിസിസി നിർവാഹകസമിതിയോഗത്തിൽ ആറുപേർ പുനഃസംഘടനയെ എതിർത്തു രംഗത്തു വന്നത് സുധാകരനെ ഞെട്ടിച്ചിട്ടുണ്ട്.

കെ സുധാകരനും കെസി വേണുഗോപാലും ഒറ്റക്കെട്ടാണ്. വിഡി സതീശൻ കൂടി പിന്തുണച്ചാൽ കെപിസിസിയിൽ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത് എയും ഐയും തിരിച്ചറിയുന്നുണ്ട്. കരുതലോടെ മുമ്പോട്ട് പോകാനാണ് തീരുമാനം. അതുകൊണ്ടു തന്നെ സുധാകരനെ സംഘടനാ തെരഞ്ഞെടുപ്പിൽ ഏതുവിധേനയെങ്കിലും തോൽപ്പിക്കുകയെന്ന മിനിമം അജൻഡമുൻപോട്ടുവെച്ചു ഒറ്റക്കെട്ടായി നീങ്ങാനാണ് കോൺഗ്രസിൽ എതിർവിഭാഗം നീക്കം നടത്തുന്നത്.

പാർട്ടി സെമി കാഡറാകുന്നതിനെ കുറിച്ചു തങ്ങൾക്കറിയില്ലെന്നായിരുന്നു എം. എം ഹസൻ തുറന്നടിച്ചത്. എറണാകുളത്തെ വഴിതടയൽ സമരത്തെ സുധാകരൻ പരസ്യമായി ന്യായീകരിച്ചതിന് വിരുദ്ധമായി വഴിതടയൽ കോൺഗ്രസ് രീതിയല്ലെന്നാണ് ഹസൻ തുറന്നടിച്ചത്. പാർട്ടി പുനഃസംഘടനയിൽ കെപിസിസി അധ്യക്ഷൻ ഏകാധിപത്യ നടപടികൾ സ്വീകരിക്കുന്നുവെന്ന പരാതി എ, ഐ ഗ്രൂപ്പുകൾക്കുണ്ട്. ഇതു സംബന്ധിച്ചു ഇവർ ഹൈക്കമാൻഡിനെ സമീപിക്കുമെന്നാണ് സൂചന.

പുനഃ സംഘടനയുമായി ബന്ധപ്പെട്ടു കെ.സി വേണുഗോപാലിന്റെ പിൻതുണ സുധാകരന് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ബലത്തിലാണ് മറ്റുള്ളവരെ ഒഴിവാക്കി മുൻപോട്ടുപോകാൻ ധൈര്യം കാണിക്കുന്നതെന്നുമുള്ള വിമർശനമാണ് എതിർഗ്രൂപ്പുകൾ ഉന്നയിക്കുന്നത്. ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തങ്ങൾ നിർദ്ദേശിച്ചവരിൽ പലരെയും തഴഞ്ഞതിൽേേ കാൺഗ്രസിലെ പ്രബല നേതാക്കളും ഗ്രൂപ്പുകളും കടുത്ത അമർഷത്തിലാണ്.

അതുകൊണ്ടു തന്നെ സംഘടനാ തെരഞ്ഞെടുപ്പിൽ കെ.സുധാകരൻ മത്സരിക്കുകയാണെങ്കിൽ പത്മവ്യൂഹം തന്നെ ഇവർ ചുമത്തും. സുധാകരൻ പുതുതായി രൂപീകരിക്കുന്ന യൂനിറ്റു തലങ്ങളിൽ മുതൽ സ്വന്തം ഗ്രൂപ്പാക്കി മാറ്റുമെന്ന ആരോപണവും ഇവർക്കുണ്ട്. അതുകൊണ്ടു തന്നെ ഇതേ സ്ഥിതി തുടരുകയാണെങ്കിൽ പാർട്ടിയിൽ തങ്ങൾ അപ്രസ്‌കതരാകുമെന്ന ഭയം എ, ഐ വിഭാഗങ്ങൾക്കുണ്ട്.