- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐ ഗ്രൂപ്പ് കെ എസിനെ കൈവിടില്ല; സുധാകരനെ പരസ്യമായി പിന്തുണച്ച് ചെന്നിത്തല; മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് പരാമർശിച്ചത് സർക്കാരിന്റെ ധൂർത്ത് ചർച്ചയാക്കാൻ; വിവാദങ്ങൾ അനാവശ്യമെന്നും പ്രതിപക്ഷ നേതാവ്; മുല്ലപ്പള്ളി മത്സരിച്ചാൽ കെപിസിസി അധ്യക്ഷനാകുക സുധാകരൻ തന്നെയോ? ഗ്രൂപ്പിൽ ഐക്യം കൊണ്ടു വരാൻ ചെന്നിത്തല
കണ്ണൂർ: കെ സുധാകരന് പിന്തണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരൻ കോൺഗ്രിന്റെ അസറ്റാണെന്ന് ചെന്നിത്തല പറയുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറിക്ക് പുതിയ മാനം വരികയാണ്. കോൺഗ്രസിലെ എ ഗ്രൂപ്പുകാർ എല്ലാം സുധീകരനെ കടന്നാക്രമിച്ചിരുന്നു. ഇന്നലെ രമേശ് ചെന്നിത്തലയും പരമാർശം പരിധി വിട്ടോ എന്ന് സംശയം പ്രകടിപ്പിച്ചതായി വാർത്തകൾ എത്തി. ഇതോടെ ജാതി പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച കെ.സുധാകരൻ രമേശ് ചെന്നിത്തലയെയും ഷാനിമോൾ ഉസ്മാനെയും തുറന്ന് വിമർശിച്ചു.
ഷാനിമോൾ ഉസ്മാന്റെ വിമർശനം ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമർശം. തന്റെ പരാമർശം തെറ്റല്ലെന്ന് ഇന്നലെ പറഞ്ഞ രമേശ് ചെന്നിത്തല ഇന്നു നിലപാടു മാറ്റി. സുധാകരൻ പാർ്ട്ടിയുടെ അനിവാര്യതയാണെന്നും പ്രഖ്യാപിച്ചു. എന്നാൽ എ ഗ്രൂപ്പുകാർ വിമർശനം തുടരുകയാണ്. തന്റെ കെപിസിസി അധ്യക്ഷ സ്ഥാനം ഇല്ലായ്മ ചെയ്യാനാണ് ഈ ഗൂഡോലോചനയെന്നാണ് സുധാകരൻ പറയുന്നത്. സുധാകരനെ രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ പകരം സുധാകരൻ എത്തുമെന്നാണ് സൂചന. ഇതിനെ ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും എതിർക്കുന്നുണ്ട്. കെ മുരളീധരനെ പോലുള്ളവർക്ക് ഇത് അംഗീകരിക്കാനേ കഴിയുന്നില്ല.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ പരാമർശം ചർച്ചയായത്. പ്രസംഗിച്ചപ്പോൾ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണ്. ആർക്കും വേണ്ടി തന്റെ ശൈലി മാറ്റില്ല. താൻ കെപിസിസി പ്രസിഡന്റാകാതിരിക്കാൻ നീക്കമെന്നും കെ.സുധാകരൻ ആരോപിച്ചു. തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകും. താൻ പറഞ്ഞത് പിൻവലിക്കണമെന്ന് പറയാൻ ഷാനിമോൾ ഉസ്മാൻ എംഎൽഎ ആരെന്ന് സുധാകരൻ ചോദിച്ചു. ഇതിനൊപ്പം രമേശ് ചെന്നിത്തലയേയും വിമർശിച്ചു. കോൺഗ്രസിൽ എല്ലാവരും തനിക്ക് എതിരാണെന്നായിരുന്നു സുധാകരൻ പറഞ്ഞത്. ഇതോടെയാണ് ഐ ഗ്രൂപ്പിനെ നയിക്കുന്ന ചെന്നിത്തല സുധാകരനെ പിന്തുണച്ചെത്തിയത്.
തന്നെ വിമർശിക്കുന്നവരെ സുധാകരൻ കടന്നാക്രമിച്ചിരുന്നു. തന്നെ പരസ്യമായി വിമർശിക്കാൻ ഷാനിമോൾ കെപിസിസി പ്രസിഡന്റാണോ?. പറഞ്ഞത് ജാതിയല്ല, തൊഴിലിനെക്കുറിച്ചാണ്. ഒരു തൊഴിലാളിയുടെ മകനെന്ന് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകും..? അതുകൊണ്ട് തന്നെ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു. അതിനിടെ മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ വിവാദപരാമർശം പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി. ജനറൽസെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ അച്ചടക്കത്തിന്റെ പരിധി ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. വിവാദത്തിൽ സുധാകരൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ എം.എൽഎ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവും പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഷാനിമോൾക്ക് മറുപടിയും പരാമർശത്തിൽ ന്യായീകരണവുമായി സുധാകരൻ വീണ്ടുമെത്തി. മുഖ്യമന്ത്രിക്ക് എതിരായ വിവാദപരാമർശത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചാണ് സുധാകരൻ മുമ്പോട്ട് പോകുന്നത്. വിവാദത്തിന് പിന്നിൽ പാർട്ടിയിലുള്ള ചിലർ തന്നെയെന്ന് തുറന്നടിച്ച സുധാകരൻ ഹൈക്കമാൻഡ് പ്രതിനിധിക്കും പ്രതിപക്ഷ നേതാവിനും എതിരായ വിമർശനങ്ങളിലും ഉറച്ചു നിന്നു.
മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമർശിച്ചതിന്റെ പേരിൽ പാർട്ടിയിൽ ഒറ്റപ്പെടുത്തിയെന്ന് സുധാകരന് പരാതിയുണ്ട്. നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി നടപടിയിലേക്ക് നീങ്ങിയാൽ, കടുത്ത നിലപാടിലേക്ക് കടക്കാൻ തന്നെയാണ് സുധാകരന്റെയും തീരുമാനം. പ്രതിപക്ഷ നേതാവിനെയും എഐസിസി സെക്രട്ടറിയെയും അടക്കം വിമർശിച്ച സാഹചര്യത്തിൽ സുധാകരന് എതിരെ നടപടി എടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലയിലാണ് എ ഗ്രൂപ്പ് നേതൃത്വം. മുഖ്യമന്ത്രിക്ക് എതിരായ പരാമർശം ജാതീയമല്ലെന്ന് വിശദീകരിക്കുന്ന സുധാകരൻ തിരുത്തില്ലെന്നും ആവർത്തിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് തന്നെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. എന്നാൽ തർക്കങ്ങൾ പുതിയ തലങ്ങളിലേക്ക് വികസിക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ തലവേദന ഇരട്ടിയാക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരന്റെ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നത് പാർട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. താൻ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാൻ പാർട്ടിക്കുള്ളിൽ ഗൂഢസംഘം പ്രവർത്തിക്കുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും കെ. സുധാകരൻ പറയുന്നു. വിമർശകരെ തൃപ്തിപ്പെടുത്താൻ താൻ ശൈലി മാറ്റില്ലെന്നും വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ