കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്ന് പറഞ്ഞ് കീഴടങ്ങിയത് അന്വേഷണം വഴി തിരിച്ചു വിടാനുള്ള സിപിഐ.(എം). ന്റെ നാടകമാണെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു. അതുകൊണ്ടു തന്നെ കെപിസിസി. രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരൻ ഇന്ന് കലക്ട്രേറ്റ് പടിക്കൽ 48 മണിക്കൂർ നിരാഹാര സമരം ആരംഭിക്കും.

ഇന്നലെ സിപിഐ.(എം). പ്രവർത്തകർ കീഴടങ്ങിയത് പാർട്ടി തയ്യാറാക്കിയ പട്ടികയനുസരിച്ചാണെന്നും അന്വേഷണം അട്ടിമറിക്കാനുള്ള പതിവ് ശ്രമത്തിന്റെ ഭാഗമാണിതെന്നും കെ.സുധാകരനും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയും ആരോപിച്ചു. ഡമ്മി പ്രതികളെ കണ്ടെത്താനാണ് ഇതുവരെ അന്വേഷണം വൈകിപ്പിച്ചതെന്നും അവർ ആരോപിക്കുന്നു.

ഷുഹൈബിന്റെ കൊലപാതകത്തോടെ കണ്ണൂരിലെ കോൺഗ്രസ്സിൽ ഇതുവരെയില്ലാത്ത പ്രകോപനമാണ് ഉണ്ടായിട്ടുള്ളത്. പരസ്പരം ആരോപണം ഉന്നയിക്കുകയും ഒരുമിച്ച് വേദി പങ്കിടുകപോലും ചെയ്യാത്തവർ ഇപ്പോൾ ഒരുമിച്ച് സമരവുമായി മുന്നോട്ട് നീങ്ങുകയാണ്. കഴിഞ്ഞ ആഴ്ച ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ആരംഭിച്ച സമരത്തിലും ഗ്രൂപ്പ് ഭേദമെന്യേ എല്ലാവരും പങ്കെടുത്തു. തുടർന്ന് എ.വിഭാഗം യൂത്ത് കോൺഗ്രസ്സ് നേതാവ് ജോഷി കണ്ടത്തിൽ നടത്തിയ ഉപവാസ സമരത്തിലും പാർട്ടിയുടെ ഏകോപനമുണ്ടായി. കെ.എസ്.യു. നടത്തിയ സമരത്തിലും ഗ്രൂപ്പ് മറന്ന് എല്ലാവരും ഒന്നിച്ചു. ഇന്ന് സുധാകരൻ ആരംഭിക്കുന്ന സമരത്തിലും പ്രവർത്തകരും നേതാക്കളും ഗ്രൂപ്പ് ഭേദമെന്യേ എത്തും.

കെപിസിസി. പ്രസിഡണ്ട് എം.എം. ഹസ്സനാണ് കെ.സുധാകരന്റെ 48 മണിക്കൂർ ഉപവാസ സമരം ഉത്ഘാടനം ചെയ്യുക. വി എം. സുധീരൻ ഉൾപ്പെടെയുള്ള നേതാക്കളും സമരപന്തലിലെത്തും. 48 മണിക്കൂർ ഉപവാസത്തിനിടെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സമരം തുടരാനാണ് തീരമാനം.സമാന്തരമായി നാളെ ഷുഹൈബിന്റെ നാടായ എടയന്നൂരിൽ ഷുഹൈബ് അനുസ്മരണ സമ്മേളനം നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം.എം. ഹസ്സൻ എന്നിവരും പങ്കെടുക്കും. ഇന്നും നാളേയും മണ്ഡലം തലത്തിൽ ഷുഹൈബ് അനുസ്മരണ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

അതേ സമയം സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പിടികൂടിയ പ്രതികൾ ഡമ്മി പ്രതികളാണെന്ന് തങ്ങൾക്കും സംശയമുണ്ടെന്ന് അവർ പറയുന്നു. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ഗൂഢ നീക്കമാണ് സിപിഐ.(എം). നടത്തുന്നതെന്നും അവർ ആരോപിക്കുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഒളിച്ചു കഴിഞ്ഞ മുഴക്കുന്നിലെ മുടക്കോഴി മലയിൽ തന്നെയാണ് ആദ്യം പ്രതികൾ ഒളിച്ചത്. പൊലീസ് തിരച്ചിലിൽ അവർ രക്ഷപ്പെടുകയായിരുന്നു.

അതിനിടയിലാണ് ആകാശ് തില്ലങ്കേരിയും റിജിൻ രാജും പൊലീസിൽ കീഴടങ്ങിയത്. പൊലീസ് മുടക്കോഴി മലയിലെത്തുന്ന വിവരം അറിഞ്ഞ യഥാർത്ഥ പ്രതികൾ ഒളിവിൽ പോയതായാണ് വിവരം. ജില്ലാ പൊലീസ് മേധാവി ഇപ്പോൾ കോയമ്പത്തൂരിലേക്ക് കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കയാണ്. ഇന്ന് അദ്ദേഹം തിരിച്ചെത്തിയാൽ മാത്രമേ കീഴടങ്ങിയ പ്രതികളെ ചോദ്യം ചെയ്യാവൂ എന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.