കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലയാളികളെ പിടികൂടണമെന്ന ആവശ്യവുമായി കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ അനുഷ്ഠിക്കുന്ന ഉപവാസ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു. ഷുഹൈബിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട സിബിഐ.അന്വേഷണം നടത്താൻ സർക്കാർ നടപടി സ്വീകരിക്കണം. യഥാർത്ഥ പ്രതികളെ പിടികൂടുകയും വേണം. ഇനിയും വൈകിയാൽ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് ഡി.സി. സി. പ്രസിഡണ്ട് സതീശൻ പാച്ചേനി 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. ഷുഹൈബിന്റെ കൊലയിൽ നേതൃത്വപരമായ പങ്കും ആസൂത്രണവും സിപിഐ.(എം). ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ്സും പൊതു സമൂഹവും സംശയിക്കുന്നുണ്ട്.

പിടികൂടപ്പെട്ട ആകാശ്, റിജിൻ രാജ് എന്നിവരിൽ നിന്നും കൊലപാതകത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സിപിഐ.(എം). ജില്ലാ നേതൃത്വവും താഴെ തട്ടിലുള്ള ജില്ലാ നേതൃത്വവും ഒത്തു കളിച്ച് യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചിരിക്കയാണ്. കൊലപാതകം നടന്ന ശേഷം പൊലീസ് ഇടപെടൽ വൈകിയതും സിപിഐ.(എം). ന്റെ പങ്ക് വ്യക്തമാക്കുന്നുവെന്നും പാച്ചേനി പറഞ്ഞു. അതുകൊണ്ടു തന്നെ തങ്ങൾ സമര മുഖം കൂടുതൽ ശക്തമാക്കൻ തീരുമാനിച്ചിരിക്കയാണ്. പാർട്ടി സമ്മേളനങ്ങളിൽ മാത്രം ആത്മാർത്ഥമായ ശ്രദ്ധ പതിപ്പിക്കുന്ന മുഖ്യമന്ത്രി ഇതുവരേയും കൊല്ലപ്പെട്ട യുവാവിന്റെ വീട് സന്ദർശിക്കാൻ തയ്യാറായിട്ടില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ട് സമരമുഖത്ത് തുരടുക തന്നെ ചെയ്യുമെന്നും പാച്ചേനി പറഞ്ഞു.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് കലക്ട്രേറ്റ് കവാടത്തിന് മുന്നിലെ ഉപവാസ പന്തലിലെത്തി കെ.സുധാകരനെ അഭിവാദ്യം ചെയ്യുന്നത്. ആദ്യം 48 മണിക്കൂർ ഉപവാസ സമരം പ്രഖ്യാപിച്ചിറങ്ങിയ കെ.സുധാകരൻ ഗ്രൂപ്പ് ഭേദമെന്യേ കോൺഗ്രസ്സ് അണികളുടെ പിൻതുണ വർദ്ധിച്ച തോടെയാണ് അനിശ്ച്ചിതകാല ഉപവാസത്തിന് തയ്യാറെടുത്തത്. ഇത് രാഷ്ട്രീയമായി കോൺഗ്രസ്സിന് പുത്തൻ ഉണർവേകി. സിപിഐ.(എം). നെ ഇതുവരെ കണ്ണൂർ ജില്ലയിൽ പ്രതിരോധിച്ചു നിന്ന ബിജെപി. ഏറെ പിറകിലോട്ട് തള്ളപ്പെട്ടു. സിപിഐ.(എം). വിരോധികളുടെ ഭൂരിഭാഗ പിൻതുണയും ഒരാഴ്‌ച്ചക്കുള്ളിൽ കോൺഗ്രസ്സ് നേടിയെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി. പ്രസിഡണ്ട് എം. എം. ഹസ്സൻ എന്നിവരെ ഇറക്കി സിപിഐ.(എം). നെ ആശയപരമായി ചെറുക്കുന്നതിൽ കോൺഗ്രസ്സ് ഏറെ മുന്നോട്ട് പോയി.

ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും നേതാക്കളെ ഇറക്കി ഷുഹൈബ് കുടുംബ സഹായ ഫണ്ട് ശേഖരിക്കുന്നതിലും ജില്ലാ നേതൃത്വം വിജയിച്ചു. ഒന്നിച്ചിരിക്കാൻ അസ്വസ്ഥത പ്രകടിപ്പിക്കുന്ന കോൺഗ്രസ്സ് നേതാക്കൾ സത്യാഗ്രഹ പന്തലിലും പുറത്തും ഒന്നിച്ചു നീങ്ങുന്ന കാഴ്ച അണികൾക്കും ആവേശമായി. നിരവധി രക്തസാക്ഷികൾ ജില്ലയിൽ കോൺഗ്രസ്സിനുണ്ടായിട്ടും ഇത്രയേറെ ആരവമുണ്ടാക്കി സിപിഐ.(എം). നെ പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നില്ല. സിപിഐ.(എം). നെ ആശയപരമായി നേരിടാൻ കോൺഗ്രസ്സിനെ കണ്ടു പഠിക്കാൻ ബിജെപി. അണികൾ നേതൃത്വത്തെ പരിഹസിക്കുന്ന അവസ്ഥ വരെയെത്തി.

കടുത്ത സമ്മർദ്ദത്തെ തുടർന്ന് ജില്ലയിലെ സിപിഐ.(എം). അക്രമത്തിനെതിരെ രംഗത്തിറങ്ങാൻ ബിജെപി.യും തീരുമാനിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം അക്രമത്തിൽ പരിക്കേറ്റ കതിരൂർ സ്വദേശി പ്രവീണിന്റെ കുടുംബത്തെ ഇറക്കിയാണ് ബിജെപി. ഇന്ന് സമരമാരംഭിക്കുന്നത്. കതിരൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി.യുടെ സമരം. പ്രവീണിന്റെ കുടുംബവും സമരത്തിൽ പങ്കുചേരും.