തലശേരി: സിപിഎം പ്രവർത്തകനായ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറെ കുട്ടികളുമായി പോകവേ വഴിയിൽ തടഞ്ഞിട്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ബിജെപി - ആർ.എസ്.എസ് പ്രവർത്തകരെ വെറുതെവിട്ടയച്ചു. പിഞ്ചു വിദ്യാർത്ഥികളുമായി വരുന്ന കാർ വഴിയിൽ തടഞ്ഞ് നിർത്തി ഡ്രൈവറെ വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് മുഹമ്മദ് റയീസ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചത്.

15 വർഷം പിന്നിടുന്ന കൊലപാതക കേസ കൂടിയാണിത്. 2007 നവംബർ അഞ്ചിന് വൈകുന്നേരം നാലെ മുക്കാൽ മണിയോടെ തലശ്ശേരി കാവുംഭാഗത്തെ പോതിയോട് റോഡിൽ വെച്ച് ചിന്മയ സ്‌കൂളിലെ പത്ത് വിദ്യാർത്ഥികളുമായി വരുന്ന കെ.എൽ. - 2363 അംബാസിഡർ കാർ തടഞ്ഞ് നിർത്തി ഡ്രൈവർ കാവുംഭാഗത്തെ എം.കെ.സുധീർ കുമാറിനെ (42) വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

അക്രമത്തിൽ സുധീർ ബാബുവിന്റെ ഇടത് കൈപ്പത്തി അറ്റ് തെറിച്ചു പോവുകയും ചെയ്തിരുന്നു.പിറ്റെ ദിവസമാണ് കുറ്റിക്കാട്ടിൽ നിന്നും കൈപ്പത്തി കണ്ടെത്തിയതും. ബിജെപി.പ്രവർത്തകരായ കാവുംഭാഗത്തെ ദേവി സദനത്തിൽ ഒ.വി.നിഥിൻ മോഹൻ (40) ചെറുമഠത്തിൽ ഷാജു (32) പീടികയിൽ കണ്ടിഎൻ.പി.ജിതേഷ് കുമാർ (39) മീത്തലെ കയനോത്ത് യു.വി.ദീപ് തേഷ് (31) പി.എം. ഷിജിൽ (34) പെരീക്കര വീട്ടിൽ വിനേഷ് (31) എന്നിവരാണ് കേസിലെ പ്രതികൾ.

അന്നത്തെ തലശ്ശേരി അഡീഷണൽ എസ്‌ഐ.ആയിരുന്ന സി.എച്ച്.രാമകൃഷ്ണന്റെ പരാതിയിലാണ് കേസിന്റെ പ്രഥമ വിവരം രേഖപ്പെടുത്തിയത്.സംഘർഷാവസ്ഥ രൂക്ഷമായതിനാൽ പൊലീസ് പെട്രോളിങ് നടത്തവെയാണ് സംഭവം കണ്ടെത്തിയതും വി.കെ.പ്രദീപൻ, ടി.കെ.പ്രേമൻ, ഇ.സുധേഷ് പൊലീസ് ഓഫീസർമാരായ സി.പി.സന്തോഷ്, പി.കെ.ശിവദാസൻ, എം.ഹേമരാജൻ, കെ.പ്രേം കുമാർ, കെ.രാമചന്ദ്രൻ ,സുശീൽ കുമാർ, പി.വി.വേണുഗോപാൽ, എ.കെ.വൽസൻ, വി.ജി. കുഞ്ഞൻ, എം വിസുകുമാരൻ, ജയൻ, ആർ.ടി.ഒ.മാരായ രാജീവ് പുത്തലത്ത്, എംപി.സുഭാഷ്, ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എൻ.ആർ.കൃഷ്ണകുമാർ, ഡോ.പി.ബിന്ദു, ഡോ.ദിവ്യ സേതു, തുടങ്ങിയവരായിരുന്നു കേസിലെ സാക്ഷികൾ.

തലശേരിയിൽ സിപിഎം - ആർ.എസ്.എസ് കൊലപാതക പരമ്പരയിൽ ഏറ്റവും ക്രൂരമായ കൊലപത്രകങ്ങളിലൊന്നാണ് സുധീർ ബാബുവിന്റെത്. സിപിഎം പ്രവർത്തകൻ മാത്രമായ സുധീർ ബാബുവിനെ എണ്ണം തികയ്കാനായി കൊലപ്പെടുത്തിയതാണെന്ന വിമർശനം ഉയർന്നിരുന്നു. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധത്തിനു ശേഷം കുട്ടികളുടെ സമീപത്തു നിന്നും നടന്ന കൊലപാതകമായിരുന്നു സുധീർ ബാബുവിന്റെത്.