ഇടുക്കി: ഭൂ നിയമ ഭേദഗതി ഉത്തരവ് റദ്ദായതിലൂടെ കരുത്ത് കാട്ടിയത് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്നെ. പാർട്ടിയിൽ ചർച്ച ചെയ്യാതെയുള്ള നയം മാറ്റം അംഗീകരിക്കില്ലെന്ന് സുധീരന്റെ നിലപാടിന് മുന്നിൽ മുഖമന്ത്രി ഉമ്മൻ ചാണ്ടിയും റവന്യൂ മന്ത്രി അടൂർ പ്രകാശും കീഴടങ്ങുകയായിരുന്നു. എല്ലാം അടൂർ പ്രകാശിന്റെ വീഴ്ചയായി ചിത്രീകരിക്കുന്ന തരത്തിൽ കാര്യങ്ങൾ മാറ്റിയെടുക്കാൻ മുഖ്യമന്ത്രിക്കും കഴിഞ്ഞു. കോടതികളിൽ നിന്ന് ഏറ്റുവാങ്ങിണ്ടി വരുമായിരുന്ന വിമർശനമാണ് ഒഴിവാകുന്നത്. കേരളത്തിലെ അവശേഷിക്കുന്ന വനഭൂമി പോലും മാഫിയയ്ക്ക് സ്വന്തമാകുന്ന തരത്തിലായിരുന്നു നീക്കങ്ങൾ. ഫലത്തിൽ വനസംരക്ഷണത്തിനുള്ള അവസരമാണ് വീണ്ടും സൃഷ്ടിക്കപ്പെടുന്നത്.

 പുതിയ ഭേദഗതി നടപ്പാക്കിയിരുന്നെങ്കിൽ പരിസ്ഥിതി സംഘടനകളുടെ പരാതിയിൽ ഈ മാസം 23 ന് നടക്കുന്ന മെഗാപട്ടയമേള നിയമക്കുരുക്കിൽ അകപ്പെടുമായിരുന്നു. 2005 ജൂൺ ഒന്നിന് മുമ്പായി പത്ത് വർഷം വരെ കൈവശം ഇരിക്കുന്ന നാലേക്കർ വരെ ഭൂമിക്ക് പട്ടയം നൽകുന്നതിന് അനുശാസിക്കുന്ന ഭേദഗതി കൂടുതൽ ആളുകൾക്ക് പട്ടയം ലഭ്യമാക്കുന്നതിന് ഉപകരിക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ ഈ നിലപാട് ഭൂമി സംബന്ധമായി നിലനിൽക്കുന്ന നൂറുകണക്കിന് കേസുകൾക്ക് വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സർക്കാരിന്റെ കൈയിലുള്ള വനം ഭൂമി മാത്രം സംരക്ഷിക്കുന്ന തരത്തിലായിരുന്നു ഭേദഗതി. ഇതോടെ കോടതികളുടെ പരിഗണനയിലുള്ള വനം കേസുകളും പ്രതിസന്ധിയിലാകുമായിരുന്നു. കൈയേറ്റങ്ങൾക്ക് നിയമസാധുത നൽകുന്നതായിരുന്നു വിവാദ ഭേഗഗതികൾ.

സുധീരനൊപ്പം വിഡി സതീശനും ടിഎൻ പ്രതാപനും ചേർന്നതോടെ സർക്കാർ വെട്ടിലായി. പ്രതിപക്ഷ വലിയൊരു പ്രതിരോധം ഉയർത്തിയതുമില്ല. എന്നിട്ടും തീരുമാനം പിൻവലിക്കപ്പെട്ടു. കെപിസിസിയിൽ ആലോചിക്കാതെ ഇത്തരം തീരുമാനം എടുക്കാൻ ആരേയും അനുവദിക്കില്ലെന്ന് സുധീരൻ, മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് സർക്കാർ വെട്ടിലായത്. മലയോരമേഖലയിൽ സർക്കാർ ഭൂമിയിലെ 2005 ജൂൺ ഒന്ന് വരെയുള്ള കൈയേറ്റങ്ങൾക്ക് അംഗീകാരം നൽകുന്നതായിരുന്നു പിൻവലിച്ച ഉത്തരവ്. സർക്കാർ നൽകുന്ന ഭൂമി 25 വർഷം കഴിഞ്ഞേ കൈമാറാവൂ എന്നത് ഉൾപ്പെടെയുള്ള പല കർശനവ്യവസ്ഥകളും എടുത്ത് കളഞ്ഞുകൊണ്ടാണ് 1964ലെ കേരള ഭൂപതിവ് നിയമത്തിലും ചട്ടത്തിലും ഭേദഗതികൊണ്ടു വന്നത്.

ഇടുക്കി പോലുള്ള പ്രദേശങ്ങളിലെ പാവപ്പെട്ട കർഷകർക്ക് പരമാവധി സഹായം കിട്ടുക എന്ന സദുദ്ദേശ്യം മാത്രമായിരുന്നു ഭേദഗതിക്കു പിന്നിലെന്നാണ് ഉത്തരവ് പിൻവലിച്ചതായി അറിയിച്ച വാർത്താ സമ്മേളനത്തിൽ റവന്യൂ മന്ത്രി അടൂർ പ്രകാശ് പറഞ്ഞത്. എന്നാൽ ചെറുകിട കൈയേറ്റക്കാരെ തുണയ്ക്കാനെന്ന മട്ടിൽ കൊണ്ടുവന്ന ഭേദഗതി ഫലത്തിൽ മാഫിയകളെ സഹായിക്കുന്ന തരത്തിലായിരുന്നു തയ്യാറാക്കിയത്.

നടക്കാതെ പോകുന്നത് മാഫിയകളുടെ മോഹങ്ങൾ

പിൻവലിച്ച ചട്ട പ്രകാരം ചെറുകിട കൈയേറ്റങ്ങൾക്കൊപ്പം വലിയ തോതിൽ നേട്ടമുണ്ടാവുക വൻകിട കൈയേറ്റ ലോബികളും റിസോർട്ട് മാഫിയയുമായിരുന്നു. കൈയേറ്റത്തിന്റെ പേരിൽ നിലവിൽ പട്ടയ നടപടികൾ നിറുത്തിവച്ചിരിക്കുന്ന ചിന്നക്കനാൽ, മൂന്നാർ, വാഗമൺ, ദേവികുളം തുടങ്ങി അതിർത്തി മേഖലകളിൽ ഏക്കറുകണക്കിന് ഭൂമിയാണ് കൈയേറ്റലോബി കൈവശം വച്ചിരിക്കുന്നത്. ഇവയിൽ പലതും കേസിൽ ഉൾപ്പെട്ടവയാണ്. ചെറുകുടിലുകളും ഏറുമാടങ്ങളും നിർമ്മിച്ചാണ് ഇവിടെ ഭൂമി കൈയേറ്റം.

ഇത്തരത്തിൽ ജില്ലയിലെ 30,000 ഏക്കർ സർക്കാർ ഭൂമിയെങ്കിലും അന്യാധീനപ്പെടുമെന്നാണ് റവന്യൂ വകുപ്പ് അധികൃതർ നൽകുന്ന സൂചന. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരനടക്കം ആറ് ഉന്നതതല കമ്മിഷനുകൾ ഇടുക്കിയിലെ ഭൂമി കൈയേറ്റം അന്വേഷിച്ചിരുന്നു. സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾക്ക് ഇടയാക്കിയ അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് എല്ലാ കമ്മിഷനുകളും ശുപാർശ ചെയ്തിരുന്നത്. ഇവരുടെ കണ്ടെത്തലുകളെയും ശുപാർശകളെയും പുതിയ നിയമഭേദഗതി അപ്രസക്തമാക്കുമായിരുന്നു.

ഇടുക്കി ജില്ലയിൽ മാത്രം 320 കേസുകളാണ് വിജിലൻസിന്റെ പരിഗണനയിലുള്ളത്. ഇതിൽ 120 കേസുകളിൽ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ കേസുകളെല്ലാം അപ്രസക്തമാവുമായിരുന്നു. അതും സുധീരന്റേയും വിഡി സതീശന്റേയും കർശനമായ നിലപാടിലൂടെ നടക്കാതെ പോയി.

എല്ലാം അറിഞ്ഞിട്ടും നിയമ വകുപ്പ് കൂട്ടു നിന്നു

നിയമപരമായി വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അറിഞ്ഞുകൊണ്ട് ഭേദഗതിക്ക് നിയമവകുപ്പ് സമ്മതം മൂളിയത്. ഇതും ദുരൂഹതയാണ്. ഏലമലക്കാടുകളിൽ വരുന്ന 3000 വ്യാജപട്ടയങ്ങൾ ഈയൊരൊറ്റ ഉത്തരവ് കൊണ്ട് സാധൂകരിക്കപ്പെടുമായിരുന്നു. കാരണം, കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ സി.എച്ച്.ആറിനെയും (കാർഡമം ഹിൽ റിസർവ്) റവന്യൂ ഭൂമിയായി കണക്കാക്കണമെന്ന നിലപാടിലാണിപ്പോൾ സംസ്ഥാന സർക്കാർ. യഥാർത്ഥത്തിൽ വനഭൂമിയായ ഇവിടത്തെ വ്യാജപട്ടയങ്ങൾക്കെതിരെ സുപ്രീംകോടതി 2005ൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയതാണ്. അന്നത്തെ മന്ത്രിബന്ധുവും എംപിയും വരെ കൈക്കലാക്കിയ വ്യാജപട്ടയങ്ങളാണിവ.

അവ സാധൂകരിക്കപ്പെട്ടാൽ സുപ്രീംകോടതിയുടെ കടുത്ത ശാസന കേൾക്കേണ്ടിവരുമായിരുന്നു. ഉത്തരവ് പിൻവലിച്ചിരുന്നില്ലെങ്കിൽ പരിസ്ഥിതി സംഘടനകൾ സുപ്രീംകോടതിയിൽ പോകുമെന്ന് ഉറപ്പായിരുന്നു. നീണ്ടുപോകുന്ന മറ്റൊരു സങ്കീർണമായ വ്യവഹാരത്തിനും അത് വഴിവയ്ക്കുമായിരുന്നു. 1897ൽ തിരുവിതാംകൂർ മഹാരാജാവ് സംരക്ഷിതവനമായി വിജ്ഞാപനം ചെയ്തതാണ് ഏലമലക്കാടുകൾ. ഇടുക്കിയിലെ മൂന്നാർ, ദേവികുളം, കണ്ണൻദേവൻ മലനിരകൾ ഇതിന്റെ ഭാഗമാണ്. ഇവിടെയാണ് 1992നും 2003നുമിടയ്ക്ക് 3000 വ്യാജപട്ടയങ്ങൾ നൽകിയതായി അന്നത്തെ ഇന്റലിജൻസ് അഡിഷണൽ ഡി.ജി.പി രാജൻ മഥേക്കർ കണ്ടെത്തിയത്.

ഗോദവർമ്മൻ തിരുമുല്പാടും കേന്ദ്രസർക്കാരും തമ്മിലെ കേസിൽ ഈ റിപ്പോർട്ട് എടുത്തുകാട്ടിയാണ് 2005 ഒക്ടോബറിൽ സുപ്രീംകോടതി കൈയേറ്റങ്ങൾക്കെതിരെ കടുത്ത ആശങ്ക രേഖപ്പെടുത്തിയത്. പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ ഈ ഭൂമി കാട്ടാനകളുടെ സഞ്ചാരപഥമാണെന്ന് സുപ്രീംകോടതി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ കേസിൽ കൈയേറ്റക്കാർക്ക് അനുകൂലമായി വന്ന ഹൈക്കോടതി ഡിവിഷൻബെഞ്ച് വിധിക്കെതിരെ സംസ്ഥാനസർക്കാർ കക്ഷി ചേർന്നതാണ്.

ഒഴിവാകുന്നത് കോടതിയുടെ വിമർശനങ്ങൾ

കൈയേറ്റക്കാർക്ക് നഷ്ടപരിഹാരം നൽകാനായിരുന്നു വിധി. ഇതിനെതിരെ സർക്കാരും പരിസ്ഥിതിസംഘടനയായ വൺ എർത്ത്, വൺ ലൈഫും സമർപ്പിച്ച പുനഃപരിശോധനാഹർജി ഈ മാസം 13ന് കോടതിയിൽ വരികയാണ്. അതിൽ മൂന്നാറിലേത് കൈയേറ്റമെന്ന നിലപാടെടുത്ത റവന്യൂ സെക്രട്ടറിയെ പുതിയ ഭേദഗതി ഉത്തരവ് രണാങ്കണത്തിൽ ആയുധം നഷ്ടപ്പെട്ടവന്റെ അവസ്ഥയിലാക്കുമായിരുന്നു.

ഹൈക്കോടതിയുടെ വിമർശനവും നല്ലഅളവിൽ കിട്ടുമായിരുന്നു. കൈയേറ്റക്കാർക്ക് ലോട്ടറിയടിച്ച കോളാവുമായിരുന്നു. വൻകിട റിസോർട്ട് മാഫിയകൾക്ക് കോടികൾ നഷ്ടപരിഹാര ഇനത്തിൽ സർക്കാർ നൽകേണ്ടിയും വരുമായിരുന്നു. വിവാദ ഉത്തരവ് പിൻവലിച്ചതിനാൽ, ഇനി കോടതിയുത്തരവ് കൈയേറ്റക്കാർക്ക് അനുകൂലമായാലും ഉത്തരവാദി തങ്ങളല്ല എന്ന് പറഞ്ഞ് സർക്കാരിന് തടിതപ്പാം.

സുധീരനെ അടുർ പ്രകാശ് കണ്ടത് തീരുമാനം പിൻവലിച്ച ശേഷം

പുതിയ ഭേദഗതി സംബന്ധിച്ച വാർത്തകൾ പുറത്ത് വന്ന ഉടൻ റവന്യൂ മന്ത്രി അടൂർ പ്രകാശിനെ വിളിച്ച് വ്യാപകമായി ഭൂമി കൈയേറ്റത്തിന് വഴി വയ്ക്കുകയും മുന്നണിയുടെയും സർക്കാരിന്റെയും മേൽ ഒരിക്കലും മായ്ച്ച് കളയാനാവാത്ത കറുത്ത പാട് വീഴ്‌ത്തുകയും ചെയ്യുന്ന തീരുമാനം ഇത്ര ധൃതി പിടിച്ചെടുത്തതെന്തിനെന്ന് സുധീരൻ ചോദിച്ചു. തുടർന്ന് ഇന്നലെ വൈകിട്ട് തന്നെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ അടൂർ പ്രകാശിനോട് സുധീരൻ ആവശ്യപ്പെട്ടു.

പുതിയ തീരുമാനത്തെ എതിർക്കുന്ന ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസിനെയും സുധീരൻ യോഗത്തിലേക്ക് വിളിച്ചിരുന്നു. പക്ഷേ ഭേദഗതി ഉത്തരവ് പിൻവലിക്കുന്ന കാര്യം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ശേഷമാണ് മന്ത്രി അടൂർ പ്രകാശ് സുധീരനെ കാണാൻ അദ്ദേഹം ചികിത്സയിൽ കഴിയുന്ന ശാന്തിഗിരിയിലെത്തിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നലെ ഡൽഹിയിലായിരുന്നു. എന്നാൽ ഇതിനിടെ മുഖ്യമന്ത്രി നിയമോപദേശവും തേടിയിരുന്നു.

കോടതിയിൽ തിരിച്ചടി ഉണ്ടാവുമെന്ന നിയമോപദേശമാണ് ലഭിച്ചത്. തുടർന്നാണ് ഭേദഗതി പിൻവലിക്കാൻ തീരുമാനമായത്. പതിച്ച് നൽകുന്ന ഭൂമിയുടെ വിസ്തൃതി ഒരേക്കറിൽ നിന്ന് നാലേക്കർ ആക്കുന്നതിനോട് ആർക്കും വിയോജിപ്പില്ലായിരുന്നു. എന്നാൽ 2005 വരെയുള്ള കൈയേറ്റങ്ങൾക്ക് സാധുത നൽകുന്ന വ്യവസ്ഥയാണ് വിവാദത്തിന്റെ മൂർച്ഛ കൂട്ടിയത്.