തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ മറയാക്കി ബാറുകൾ തുറക്കാനായിരുന്നു ഉന്നതതല ഗൂഡാലോചന. എങ്ങനെ ഇതിനെ അട്ടിമറിക്കാമെന്ന ചിന്ത കെപിസിസി പ്രസിഡന്റ് വി എം സുധീരനുമുണ്ടായിരുന്നു. പക്ഷേ നിസ്സഹായനായിരുന്നു കെപിസിസി അധ്യക്ഷൻ. സംസ്ഥാനത്ത് 22 ഫോർ സ്റ്റാർ ബാറുകൾക്കുകൂടി പ്രവർത്തനാനുമതി നൽകാനുള്ള ഹൈക്കോടതി ഉത്തരവിന്റെ മറവിൽ ബാറുകൾ തുറക്കാൻ തുടങ്ങി. മറുവശത്ത് ബാറുടമകളാണ് വലുതെന്ന് വ്യക്തമാക്കി എക്‌സൈസ് വകുപ്പും. ബാർകോഴയിൽ കെഎം മാണി കൂടി കുരുങ്ങിയതോടെ ബാർ ഉടമകളെ പിണക്കാതെ ധനമന്ത്രിയെ രക്ഷിക്കണമെന്ന ചർച്ചയും സജീവമായി.

ഇതെല്ലാം സുധീരനെ നിശബ്ദനാക്കാനായിരുന്നു. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ഇടപെടൽ കൂടിയായപ്പോൾ സുധീരൻ പ്രതികരിക്കാതെയായി. ഇതോടെ കോടതി വിധിയുടെ മറവിൽ ബാറുടമകൾ സന്തോഷിക്കാൻ തുടങ്ങി. കെഎം മാണിക്കെതിരായ ആരോപണങ്ങളും ആയുധമാക്കി സർക്കാരിനെ പ്രതിസന്ധിയിലാക്കിയായിരുന്നു ഈ നീക്കങ്ങൾ. എല്ലാം കണ്ടും കേട്ടും സുധീരൻ ഇരുന്നു. ബാർ വിഷയത്തിൽ പുറത്തൊരു ചർച്ച പാടില്ലെന്ന കെപിസിസിയുടെ ഒത്തുതീർപ്പ് തീരുമാനം കൂടി കണക്കിലെടുത്തായിരുന്നു സുധീരന്റെ മൗനം. എകെ ആന്റണി മുൻകൈയെടുത്ത സമവായ ഫോർമുലയിൽ സുധീരൻ വീർപ്പുമുണ്ടുമ്പോൾ എല്ലാം ഭംഗിയായെന്ന് സർക്കാരും കരുതി. ഇതോടെ കോഴക്കഥകൾ അപ്രത്യക്ഷമായി. സിപിഐ(എം) സമ്മേളനത്തിലെ വി എസ് അച്യുതാനന്ദൻ-പിണറായി വിജയൻ പോരോടെ ബാർ വിവാദം വാർത്തകളിലും അപ്രത്യക്ഷമായി. എല്ലാം ശുഭമായെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും കരുതിയിരിക്കുമ്പോഴാണ് കാത്തിരുന്ന ആയുധം വീണ്ടും സുധീരന് കിട്ടിയത്.

അങ്ങനെ ബാർ വിഷയത്തിൽ സുധീരൻ വീണ്ടുമെത്തി. മഹാത്മാഗാന്ധിയുടെ സമ്പൂർണ്ണ മദ്യനിരോധന നയത്തിനെ അനുകൂലിക്കുന്ന കെപിസിസി പ്രസിഡന്റാണെന്ന് വീണ്ടും ആവർത്തിച്ചു. സുധീരനെ തളയ്ക്കാൻ കണ്ടെത്തിയ ആയുധം തന്നെയാണ് തിരിച്ചടിക്കുന്നത്. യഥാർത്ഥത്തിൽ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബാർ ലൈസൻസിന് അനുമതി നൽകരുതെന്നുള്ള കെപിസിസി. പ്രസിഡന്റിന്റെ സർക്കുലർ ഭരണഘടനാവിരുദ്ധമെന്നു ഹൈക്കോടതി വിധി അനുകൂലമാകുന്നത് സുധീരന് തന്നെയാണ്. വീണ്ടും ബാർ വിഷയവും അതിലെ കള്ളക്കളികളും വീണ്ടും ചർച്ചയാക്കുകയാണ് സുധീരൻ. അതിലെല്ലാം ഉപരി ബാർ വിഷയത്തിൽ കോടതികളുടെ താൽപ്പര്യമെന്തെന്ന ചോദ്യവും സുധീരൻ ഉയർത്തും. രാഷ്ട്രീയ പാർട്ടികളുടെ അവകാശത്തിലേക്കുള്ള കടന്നുകയറ്റമായി കോടതി വിധിയെ സുധീരൻ വിലയിരുത്തുമ്പോൾ മദ്യ നിരോധനം ആഗ്രഹിക്കുന്ന സമൂഹത്തിലെ വലിയൊരു വിഭാഗവും സുധീരന് പിന്നിൽ അണിനിരക്കും. ഫലത്തിൽ കെപിസിസി പ്രസിഡന്റിനെതിരായ കോടതി വിധിയെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പോലും നിർബന്ധിതമാകും.

ഇതിലൂടെ മദ്യനയത്തിൽ കൂടുതൽ വെള്ളം ചേർക്കാനുള്ള സർക്കാരിന്റെ ഗൂഡനീക്കങ്ങൾക്കും തിരിച്ചടിയാകും. ബാറുകൾക്ക് എതിരായ സർക്കുലറിലൂടെ കെപിസിസി. പ്രസിഡന്റ് ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചെന്നു കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കുലർ നിയമ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബാർ ഹോട്ടലിന് സൗകര്യങ്ങളും ബാർ ലൈസൻസും ഉണ്ടായിരുന്നിട്ടും മരട് മുനിസിപ്പാലിറ്റി അനുമതി നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി എറണാകുളം ജില്ലയിൽ മരടിലെ ക്രൗൺ പ്ലാസ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. രണ്ടാഴ്ചയ്ക്കുള്ളിൽ ഹർജിക്കാർക്ക് ബാർ ലൈസൻസ് അനുവദിക്കണമെന്നും ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്ക്, അലക്‌സാണ്ടർ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ലൈസൻസ് അനുവദിക്കുന്നതിനെതിരേ മരട് മുനിസിപ്പാലിറ്റി നൽകിയ ഹർജി കോടതി തള്ളി. പക്ഷേ കോടതിയിൽ അപ്പീൽ നൽകിയ മരട് മുനിസിപ്പാലിറ്റിയും കള്ളക്കളി നടത്തിയെന്ന ആക്ഷേപം ശക്തമാണ്. ലൈസൻസിനെതിരെ ഹർജി നൽകിയ മുനിസിപ്പാലിറ്റി കോടതിയിൽ വാദങ്ങൾ ദുർബ്ബലമാക്കി ബാറുടമയ്ക്ക് അനുകൂലമായി വിധി നേടിയെടുത്തുവെന്ന വാദം ശക്തമാണ്.

ഇതിനൊപ്പമാണ് ന്ാടകമെന്നോണം കെപിസിസിയുടെ സർക്കുലർ കോടതിയിൽ ഹാജരാക്കിയത്. ഇതിന്റെ പ്രസക്തി പോലും ആർക്കും മനസ്സിലായില്ല. സുധീരന്റെ സർക്കുലറിനെതിരെ ഡിവിഷൻ ബഞ്ച് പരാമർശം എത്തിയാൽ ബാക്കി കേസുകളിലും രാഷ്ട്രീയ താൽപ്പര്യമുയർത്തി നേട്ടമുണ്ടാക്കാനായിരുന്നു തന്ത്രം. എന്നാൽ കോടതിയുടെ പരാമർശങ്ങൾ സുധീരൻ ശക്തമായി തന്നെ പ്രതിരോധിക്കാൻ രംഗത്ത് വരുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. ജനകീയ പിന്തുണ ഉറപ്പാക്കി മേൽക്കോടതികളിൽ നിയമപോരാട്ടത്തിനും സുധീരൻ തയ്യാറാകും. ഗാന്ധിജിയുടെ മദ്യനയം സമൂഹത്തിൽ പ്രാവർത്തികമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കോടതിയിലും വാദിക്കും. മേൽക്കോടതി ഏതെങ്കിലും സാഹചര്യത്തിൽ സുധീരന് അനുകൂലമായി വിധി പുറപ്പെടുവിച്ചാൽ അത് ബാർ ലോബിക്ക് തന്നെ തിരിച്ചടിയാകും. അതിലെല്ലാം ഉപരി വാർത്താ സമ്മേളനങ്ങളിലും പൊതു ചടങ്ങുകളിലും ബാർ വിഷയം ഉയർത്താൻ വീണ്ടും സുധീരനെ പ്രാപ്തമാക്കുന്നതാണ് ഹൈക്കോടതിയുടെ ഇന്നലത്തെ നിരീക്ഷണങ്ങൾ.

സുധീരനെ വിമർശിച്ച കോടതി നടപടിയോട് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിയിക്കും പ്രതികരിക്കേണ്ടി വരും. എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ അറിവോടെയാണ് കെപിസിസി പ്രസിഡന്റിന്റെ സർക്കുലർ കോടതിയിൽ മരട് മുൻസിപ്പാലിറ്റി ഹാജരാക്കിയത്. സർക്കാർ അഭിഭാഷകൻ കേസിൽ ഹാജരായതുമില്ല. മരടിലെ ബാറിൽ ചില മന്ത്രിമാർക്ക് താൽപ്പര്യമുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിലാണ് കോടതി വിധിയും സുധീരന്റെ പുതിയ നീക്കങ്ങളും ശ്രദ്ധേയമാകുന്നത്.