തിരുവനന്തപുരം: തദ്ദേശത്തിൽ റിബലുകളാണ് കോൺഗ്രസിന്റെ പ്രധാന ഭീഷണി. നേതാക്കളുടെ പിന്തുണയോടെയാണ് പല റിബലുകളും മത്സരത്തിന് ഇറങ്ങുക. റിബലായി മത്സരിച്ച് ജയിച്ചാൽ തദ്ദേശത്തിൽ ഉറപ്പായും ഭരണ പങ്കാളിത്തം കോൺഗ്രസിൽ നിന്ന് തന്നെ നേടിയെടുക്കാം. അങ്ങനെ പതുക്കെ വീണ്ടും പാർട്ടിക്കാരനായി. അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റും കിട്ടും. ഇനി തോറ്റാൽ നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരുന്നാൽ മതി. അപ്പോൾ സംസ്ഥാന നേതാക്കൾ കൂട്ടമായി എത്തും. പ്രചരണത്തിന് ഇറങ്ങണമെന്ന് പറഞ്ഞ് കാലുപിടിക്കും. അങ്ങനെ വീണ്ടും പാർട്ടിയിലേക്ക്. ഇതാണ് കോൺഗ്രസിനെതിരെ വിമതരായി മത്സരിക്കുന്നവരുടെ ആത്മവിശ്വാസത്തിന്റെ കാതൽ.

തദ്ദേശത്തിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് മാനദണ്ഡങ്ങൾ ഉണ്ടാക്കിയത് പോലും വിമതരെ ഇല്ലായ്മ ചെയ്യാനാണ്. എന്നിട്ടും ഫലം കണ്ടില്ല. എ-ഐ ഗ്രൂപ്പ് മാനേജർമാർ തന്നെ പലയിടത്തും വിമതരെ ഇറക്കിയെന്നും സൂധീരന് അറിയാം. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് കെപിസിസി അധ്യക്ഷൻ പോവുന്നത്. വിമതർക്ക് തെറ്റുതിരുത്താൻ നിരവധി അവസരങ്ങൾ കൊടുത്തു. എന്നാൽ അതു പോലും വേണ്ടെന്ന് വച്ചതിന് പിന്നിൽ ഗ്രൂപ്പുകളുടെ കള്ളക്കളിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോൾ എല്ലാം ശരിയാകുമെന്നാണ് വിമതർക്ക് പലരും കൊടുത്തിരിക്കുന്ന ഉറപ്പ്. എന്നാൽ സംഘടനയെ നന്നാക്കാൻ പുകഞ്ഞ കൊള്ളി പുറത്തെന്ന നയം വേണമെന്നാണ് സൂധീരന്റെ നിലപാട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരോക്ഷമായി ഇതിനെ പിന്തുണയ്ക്കുന്നു. രമേശ് ചെന്നിത്തല മൗനത്തിലും. തെറ്റ് ചെയ്തുവെന്ന ബോധം വന്നാൽ അവരെ തിരിച്ചെടുക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം.

പാർട്ടി തീരുമാനം ലംഘിച്ച് മത്സരിക്കുന്ന വിമതസ്ഥാനാർത്ഥികൾ ഇനി പാർട്ടിയുടെ പേരിൽ മത്സരിക്കുന്നതിന് ആയുഷ്‌കാല വിലക്ക് ഏർപ്പെടുത്താനാണ് സുധീരന്റെ നീക്കം. കോൺഗ്രസിൽ വിമതരായി മത്സരിക്കുന്നവരെ പുറത്താക്കിയാലും പിന്നീട് കോൺഗ്രസിന്റെ ഭാഗമാകുകയും പാർട്ടി പദവികൾ നൽകുകയും ചെയ്യുന്നതായിരുന്നു കീഴ്‌വഴക്കം. ഇതിനെ ഗ്രൂപ്പ് നേതാക്കൾ പിന്തുണയ്ക്കുന്നതാണ് പ്രശ്‌നം. തന്റെ കാലത്ത് ഇത്തരക്കാർക്ക് പാർട്ടി പദവികൾ നൽകുകയോ പാർട്ടിയുടെ ഭാഗമായി മത്സരിക്കാൻ അനുവദിക്കുകയോ ഇല്ലെന്ന് സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്. വിമത സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിച്ച പ്രാദേശിക നേതാക്കൾക്കെതിരേയും നടപടി ഉണ്ടാകും. ഈ നേതാക്കളുടെ പട്ടിക തയാറാക്കാൻ എല്ലാ ജില്ലാ കോൺഗ്രസ് കമ്മറ്റികളോടും കെപിസിസി. ആവശ്യപ്പെട്ടിട്ടുണ്ട്. വിമതരെ പിന്തുണയ്ക്കുന്ന നേതാക്കളെ പാർട്ടിയുടെ അടുത്ത പുനഃസംഘടനയിൽ നിന്ന് ഒഴിവാക്കും.

ഇതിനൊപ്പമാണ് വിമതർക്കെതിരെ ആയുഷ്‌കാല വിലക്കിന്റെ സാധ്യത തേടുന്നത്. കോൺഗ്രസ് ഭരണ ഘടനാ പരിഷ്‌കാരത്തിന് എഐസിസിയുടെ അംഗീകാരം വേണം. വിമതരുയർത്തുന്ന വെല്ലുവിളിയുടെ സാഹചര്യം ഹൈക്കമാണ്ടിനെ ബോധിപ്പിക്കാനാണ് സൂധീരന്റെ നീക്കം. പാർട്ടി ഭരണഘടനാ ഭേദഗതിയിലൂടെ വിമത പ്രവർത്തനം വലിയ കുറ്റമായി കണ്ട് നടപടിയെടുപ്പിക്കാനാണ് നീക്കം. ഇതിന് കടമ്പകൾ ഏറെയുണ്ട്. ഏതായാലും താൻ കെപിസിസി അധ്യക്ഷനായിരിക്കുന്നിടത്തോളം കാലം വിമതരെ തിരിച്ചെടുക്കില്ലെന്ന് സുധീരൻ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹവും ഈ നീക്കത്തിന് അനുകൂലമാണ്.

വിമത സ്ഥാനാർത്ഥികൾക്കെതിരേ കർശന നടപടി എടുക്കണമെന്ന് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ എല്ലാ ഡി.സി.സികളോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ഡി.സി.സികളും വിമതർക്കെതിരേ കടുത്ത നിലപാട് ആരംഭിച്ചു കഴിഞ്ഞു.