കൊല്ലം: ചവറ തെക്കുംഭാഗം ഞാറമൂട് കിഴക്കുംമുറിയിൽ സ്വത്തിനായി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മകനും മരുമകൾക്കും കുരുക്കായതുകൊല്ലപ്പെടുന്നതിന് നാല് ദിവസം മുൻപ് വയോധിക അയൽവാസിയായ സ്ത്രീയോട് പറഞ്ഞ വിവരങ്ങളും മകൾക്കായി എഴുതി നൽകിയ കത്തുമാണ്. തെറ്റായ വിവരങ്ങൾ പൊലീസിന് കൈമാറി അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലീസിന് പിടിവള്ളിയായത് ഈ വെളിപ്പെടുത്തലുകളാണ്.

കിഴക്കുംമുറി പടിഞ്ഞാറ്റതിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ദേവകിയമ്മ(75)യെയാണ് മകൻ രാജേഷ് (42), ഭാര്യ ശാന്തിനി (35) എന്നിവർ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ദേവകിയമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മകൾ കൊല്ലം മങ്ങാട് നന്ദനം വീട്ടിൽ ശശികല സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് അന്വേഷണം രാജേഷിനെയും ശാന്തിനിയെയും കേന്ദ്രീകരിച്ചായത്. മകനും മരുമകളും ചേർന്ന് തന്നെ നിരന്തരം ദേഹോപദ്രവം ഏൽപിക്കുന്നതായി ദേവകിയമ്മ എഴുതി നൽകിയിരുന്ന കത്തുകൾ അയൽവാസി മകളെ ഏൽപിക്കുകയും അവർ ഇതു പൊലീസിനു കൈമാറുകയും ചെയ്‌തോടെയാണ് സ്വത്തിന് വേണ്ടി നടത്തിയ ക്രൂരകൃത്യം തെളിഞ്ഞത്.

'ഞാൻ ഏതു നിമിഷവും കൊല്ലപ്പെടാം, സ്വത്തിനു വേണ്ടി മകനും മരുമകളും അഞ്ചുമാസത്തോളമായി വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയാണ്. മാസങ്ങളായി ബന്ധുക്കളെയോ മകളെയോ കാണാൻ എനിക്ക് അനുവാദമില്ല. രണ്ടുമാസം മുൻപ് നിർബന്ധിച്ച് വിൽപത്രം എഴുതി വാങ്ങി. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ കത്ത് നിങ്ങൾ കൊല്ലത്തു താമസിക്കുന്ന എന്റെ മകൾക്ക് കൈമാറണം'. -കൊല്ലപ്പെടുന്നതിന് നാല് ദിവസം മുൻപ് വയോധിക അയൽവാസിയായ സ്ത്രീയോട് പറഞ്ഞ വിവരങ്ങളും മകൾക്കെഴുതിയ കത്തുമാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്.

ചോദ്യം ചെയ്യലിൽ കള്ളങ്ങൾ നിരത്തി പ്രതിരോധിക്കാനായിരുന്നു രാജേഷിന്റെയും ശാന്തിനിയുടെയും ശ്രമം. അമ്മ തൂങ്ങിമരിച്ചെന്നായിരുന്നു രാജേഷിന്റെ വാദം. തൂങ്ങാൻ ഉപയോഗിച്ചതെന്നു പറഞ്ഞ് ഒരു കൈലിമുണ്ടും പൊലീസിന് പ്രതികൾ കൈമാറി. ഫൊറൻസിക് സംഘത്തിലെ ഡോക്ടർ ബൽറാം, ഡോക്ടർ ദീപു, ഡോക്ടർ വിശാൽ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ആത്മഹത്യയ്ക്കുള്ള തെളിവുകൾ കണ്ടെത്താനായില്ല. ഫൊറൻസിക് അസിസ്റ്റന്റ് ഡോക്ടർ ദേവി വിജയനും ആത്മഹത്യാ സാധ്യത തള്ളിയതോടെ രാജേഷ് തന്നെയാണ് കൊലയാളിയെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. ഫൊറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ കൊലപാതകമെന്ന് സ്ഥിരീകരിച്ചു.

തൂങ്ങി മരിക്കാൻ ഉപയോഗിച്ചെന്നു പറയപ്പെടുന്ന കൈലിയുമായി വൈകാരിക പ്രകടനം രാജേഷ് തുടർന്നു കൊണ്ടിരുന്നു. കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം സംസ്‌കാരത്തിനു കിടത്തിയിരുന്നത്. ശ്വാസം മുട്ടിയാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയും ചെയ്തു. ദേവകിയമ്മയുടെ കഴുത്തിൽ ശക്തമായി എന്തോ ഉരഞ്ഞ പോലെയുള്ള പാടുകൾ ഉണ്ടായിരുന്നു. ഈ തുണിയിൽ തൂങ്ങിയാൽ ഇത്തരത്തിലുള്ള ഉരഞ്ഞ പാടുകൾ ഉണ്ടാകില്ലെന്നു ഫൊറൻസിക് വിദഗ്ദ്ധർ നിലപാട് എടുത്തതോടെ പ്രതികളെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പലതവണ ചോദ്യം ചെയ്തെങ്കിലും അമ്മ തൂങ്ങിമരിച്ചതാണെന്ന നിലപാടിൽ ഉറച്ചു നിന്ന പ്രതികൾ ചോദ്യം മുറുകിയതോടെ പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. ഒടുവിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവദിവസം രാത്രി ജോലി ആവശ്യത്തിനായി വീടിനു പുറത്തിറങ്ങിയപ്പോൾ വ്യായമത്തിനായി താൻ വലിച്ചു കെട്ടിയ ക്രോസ്ബാറിൽ അമ്മ തൂങ്ങി നിൽക്കുന്നത് കണ്ടുവെന്നായിരുന്നു രാജേഷിന്റെ ആദ്യമൊഴി. സംഭവം കണ്ടതിനു ശേഷം കസേരയുമായി ക്രോസ്ബാറിന്റെ അടുത്തെത്തി മൃതദേഹം സ്വയം അഴിച്ചു മാറ്റിയതിനു ശേഷം നിലത്ത് കിടത്തിയെന്നാണ് രാജേഷ് പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്.

ദേവകിയമ്മയുടെ പേരിലുള്ള 10 സെന്റ് കൈക്കലാക്കുന്നതിനു നിരന്തരം നടത്തിയ ഉപദ്രവങ്ങൾക്ക് ഒടുവിലാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, എസിപിമാരായ ബി.ഗോപകുമാർ, കെ.സജീവ്, പൊലീസ് ഇൻസ്പെക്ടർ ആർ.രാജേഷ്‌കുമാർ, എസ്ഐമാരായ എസ്.സുജാതൻ പിള്ള, അശോകൻ, സന്തോഷ്, വിജയകുമാർ, സ്പെഷൽ ബ്രാഞ്ച് എസ്ഐ ആർ.സുരേഷ് കുമാർ, എഎസ്ഐമാരായ സന്തോഷ്, സജി, ഹരികൃഷ്ണൻ, ഷാജിമോൻ, വനിത പൊലീസ് ഓഫിസർമാരായ നസീറ, മുനീറ, എം.എസ്.ഷീജ, ഷൈലജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.