പ്രമേഹം മാത്രമല്ല, രക്തസമ്മർദവും കൂട്ടാൻ പഞ്ചസാര വഴിയൊരുക്കുമെന്ന് റിപ്പോർട്ട്. ബിപിയുള്ളവർ ഉപ്പിനെക്കാൾ കാര്യമായി സൂക്ഷിക്കേണ്ടത് പഞ്ചസാരയെയാണെന്ന് ഗവേഷകർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് തലച്ചോറിലെ പ്രത്യേക മേഖലയെ ബാധിക്കുമെന്നും അത് ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. 

ന്യുയോർക്കിലെയും കൻസാസിലെയും ഗവേഷകരാണ് പഞ്ചസാരയും ബിപിയും തമ്മിലുള്ള ബന്ധം കണ്ടുപിടിച്ചത്. മാത്രമല്ല, ഉപ്പും ബിപിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന സമീപകാലത്തെ മറ്റൊരു പഠനവും ഇവർ എടുത്തുകാട്ടുന്നു. ഉപ്പുപയോഗം ബിപി കൂട്ടുമെന്ന കാലങ്ങളായുള്ള വിശ്വാസത്തെ തകർത്തെറിയുന്നതാണ് ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ.

ഒരു ദിവസം ഒരു ടീസ്പൂണിൽക്കൂടുതൽ ഉപ്പുകഴിക്കുന്നത് ശരീരത്തിന് അപകടകരമാണെന്നാണ് ഇതേവരെ കരുതിയിരുന്നത്. ഉപ്പിന്റെ അളവ് കൂടുന്നത് സ്‌ട്രോക്കിനുള്ള സാധ്യത കൂട്ടുമെന്നും ലോകമാകമാനമായി വർഷം തോറും മുപ്പതുലക്ഷത്തോളം പേർ ഇതുവഴി മരിക്കുന്നുണ്ടെന്നുമാണ് കണക്കാക്കിയിരുന്നത്.

എന്നാൽ, ഈ കാഴ്ചപ്പാടുകളെയാകെ തള്ളിക്കളയുന്നതാണ് ഡോ. ജയിംസ് ഡി നിക്കോളാന്റണിയോയുടെ നേതൃത്വത്തിലുള്ള പഠനം. അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധപ്പെടുത്തിയ ഗവേഷണറിപ്പോർട്ടിൽ, പഞ്ചസാരയാണ് ഉപ്പല്ല അപകടമെന്ന് അദ്ദേഹം വിവരിക്കുന്നു. ഉയർന്ന തോതിലുള്ള രക്തസമ്മർദത്തിന്റെ അടിസ്ഥാന കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവാണെന്നും ഉപ്പിന് ഇക്കാര്യത്തിൽ യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം പറയുന്നു.

ബിപി നിയന്ത്രിക്കുന്നതിന് ഏറ്റവും ഉചിതമായ മാർഗം പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയാണ്. പഞ്ചസാരയുടെ ഉപയോഗം കൂടുന്നതുകൊണ്ടുള്ള അപകടങ്ങളെക്കുറിച്ചുള്ള ഏറ്റവുമൊടുവിലത്തെ പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു ഗവേഷണം പഞ്ചസാരയുടെ ഉപയോഗം അമിത വണ്ണത്തിനും രണ്ടാം തലമുറ പ്രമേഹത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. ദിവസം അഞ്ചുമുതൽ ഏഴ് ടീസ്പൂൺ വരെയായി പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കണമെന്നാണ് ഗവേഷകർ നിർദേശിച്ചിരുന്നത്.