- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു മാസം മുൻപ് പുരാവസ്തു വകുപ്പ് നവീകരിച്ചത് 65 ലക്ഷം രൂപ മുടക്കി; വാഴുവേലിൽ തറവാട് വീണ്ടും കാടുകയറി; കവയിത്രി സുഗതകുമാരിയുടെ ഓർമകൾക്ക് പായലും പൂപ്പലും വിള്ളലും: ചെറുവിരൽ അനക്കാതെ സർക്കാരും ജനപ്രതിനിധികളും
പത്തനംതിട്ട: ഏഴു മാസം മുൻപ് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് 65 ലക്ഷം രൂപയുടെ നവീകരണപ്രവർത്തനം നടത്തിയ കവയിത്രി സുഗതകുമാരിയുടെ ജന്മഗേഹമായ ആറന്മുളയിലെ വാഴുവേലിൽ തറവാടിന് മേൽ വീണ്ടും കാടു പടർന്നു.
കവയിത്രിയുടെ ഓർമകൾക്ക് മേൽ പായലും പൂപ്പലും പടർന്നു കയറുന്നു. മുറ്റത്തും പടിപ്പുരയിലും പ്രധാന കവാടത്തിലേക്കും കാട് വളർന്നു തുടങ്ങി. വിശാലമായ തൊടി നിറയെ വള്ളിപ്പടർപ്പുകളാണ്. കുമ്മായം പൂശിയ മതിലുകളിൽ പായൽ വ്യാപിച്ചു. നിർമ്മിതിയിൽ വിള്ളലുകളും വീണു തുടങ്ങി. ഈ നില അൽപ നാളുകൾ കൂടി തുടർന്നാൽ നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷിയായി നില കൊണ്ട തറവാട് പൂർണമായും കാടിനുള്ളിലാകും. പരിസ്ഥിതിയെ സ്നേഹിച്ച സുഗതകുമാരിക്ക് ഒരു ട്രിബ്യൂട്ട് ആയിക്കോട്ടെ എന്ന് സർക്കാരും കരുതും.
ജനുവരിയിലാണ് വാഴുവേലിൽ തറവാടിന്റെ പുനരുദ്ധാരണം പൂർത്തിയായത്. 2018-ലെ പ്രളയത്തിൽ ഭാഗികമായി നശിച്ച തറവാട് സുഗതകുമാരിയുടെ അഭ്യർത്ഥന മാനിച്ച് മുഖ്യമന്ത്രി മുൻകൈയെടുത്താണ് പുരാവസ്തു വകുപ്പിനെ കൊണ്ട് പുനരുദ്ധരിക്കാനും സംരക്ഷിക്കാനും നടപടിയെടുത്തത്.
അന്നത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആറന്മുളയിലെത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഏകശാല, പ്രധാനശാല, അതിഥി മന്ദിരം, പടിപ്പുര, കളത്തട്ട്, കാവ്, നാഗപ്രതിഷ്ഠ എന്നിവ അടങ്ങുന്ന തറവാടും വളപ്പും പുനരുദ്ധരിക്കാനുള്ള നടപടികൾ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ നേതൃത്വത്തിലാണ് നടന്നത്. ആഞ്ഞിലി തടിയിൽ തീർത്ത അറയും ഭിത്തികളും തൂണുകളും മാറ്റി അതേ തനിമയോടെ പുതുക്കി നിർമ്മിച്ചു.
ഇതിനിടെ ആചാരങ്ങൾ ലംഘിച്ച് കാവിലെ നാഗരാജാവ്, നാഗയക്ഷി വിഗ്രഹങ്ങൾ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കറുത്ത പെയിന്റടിച്ച് വൃത്തി ഹീനമാക്കിയത് വിവാദങ്ങൾക്ക് വഴിയൊരുക്കി. ഒടുവിൽ പ്രധാന പാതയോരത്തെ കവാടം നവീകരിച്ച് ഗേറ്റ് സ്ഥാപിച്ചു. കുറച്ചു നാൾ ഇവിടെ ഒരു കാവൽക്കാരൻ ഉണ്ടായിരുന്നു. ഒരുനാൾ അയാൾ ഗേറ്റ് പൂട്ടി സ്ഥലം വിട്ടു. അതോടെ തറവാട്ടുവളപ്പിലേക്ക് കാട് പടർന്നു കയറാൻ തുടങ്ങി.
സാംസ്‌കാരിക വകുപ്പാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെങ്കിലും വീടും എഴുപത് സെന്റിൽ അധികം വരുന്ന പറമ്പും ട്രസ്റ്റിന്റെ കീഴിലാണ്. മുമ്പ് സുഗതകുമാരി, ഹൃദയകുമാരി, സുജാതാ ദേവി എന്നിവരായിരുന്നു ട്രസ്റ്റ് അംഗങ്ങൾ. ഇപ്പോൾ ട്രസ്റ്റിന്റെ ചെയർപേഴ്സൺ സുഗതകുമാരിയുടെ മകൾ ലക്ഷ്മിയാണ്.
ഏഴ് നൂറ്റാണ്ടിന്റെ പഴക്കമാണ് തറവാടിനുള്ളത്. ഒന്നര നൂറ്റാണ്ടു മുമ്പ് ആറന്മുള ക്ഷേത്രത്തിന് തീ പിടിച്ചപ്പോൾ ക്ഷേത്രത്തിലെ പ്രധാന വസ്തുക്കൾ വാഴുവേലിൽ തറവാട്ടിലേക്ക് മാറ്റിയിരുന്നു. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ഒരു കാലത്ത് ഈ തറവാട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്