തിരുവനന്തപുരം: കേരളത്തിൽ ജോലി തേടിയെത്തുന്ന ഇതരസംസ്ഥാനക്കാരെപ്പറ്റി ആശങ്കപ്പെട്ട് കവയിത്രി സുഗതകുമാരി നടത്തിയ പ്രസ്താവന വിവാദമാകുന്നു. മാതൃഭൂമി പത്രത്തിലെ 'കേട്ടതും കേൾക്കേണ്ടതും' എന്ന പംക്തിയിലാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്്‌നമായിരിക്കും അന്യസംസ്ഥാനങ്ങളിൽ നി്ന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റമെന്ന് വ്യക്തമാക്കി കവയിത്രിയുടെ അഭിപ്രായപ്രകടനം ഉണ്ടായത്.

ഇതോടെ വിഷയം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറുകയായും ഇതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കവയിത്രിയുടെ പേരു പറഞ്ഞില്ലെങ്കിലും അന്യസംസ്ഥാന തൊഴിലാളികൾ നമ്മുടെ നാട്ടിൽ നിന്ന് തൊഴിൽ തേടി പോകുന്നവരെ പോലെ ഇവിടെ എത്തുന്നവരാണ് എ്ന്നു വ്യക്തമാക്കി ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുകയുമായിരുന്നു.

'കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായിരിക്കും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റം. സാംസ്‌കാരികമായി വൻ ദുരന്തത്തിലേക്കാണ് ഇത് കേരളത്തെ കൊണ്ടുചെന്നെത്തിക്കുക. നമുക്ക് സാംസ്‌കാരികമായി ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്.

വിദ്യാഭ്യാസനിലവാരം കുറഞ്ഞവർ മാത്രമല്ല, ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണ ഇവരിൽ അധികവും. അവർ ഇവിടെ വീടുംവച്ച് ഇവിടെനിന്ന് കല്യാണവും കഴിച്ച് ഇവിടുത്തുകാരായി മാറും' എന്ന സുഗതകുമാരിയുടെ പ്രസ്താവനയാണ് ഇന്ന് പത്രത്തിൽ വന്നത്.

ഇത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടതോടെ സുഗതകുമാരിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചും നമ്മുടെ നാട്ടുകാർ അന്യനാട്ടിൽ തൊഴിൽ ചെയ്യുന്നുണ്ടെന്ന് മറക്കരുതെന്ന് ഓർമ്മിപ്പിച്ചും നിരവധിപേർ രംഗത്തെത്തി. വിദേശങ്ങളിലുൾപ്പെടെ പോയി ജോലിചെയ്യുന്നവരെ അപമാനിക്കുന്ന വിധത്തിലാണ് കവയിത്രി പ്രസംഗിക്കുന്നതെന്നും ഇവരുടെ മനസ്സിലിനി കവിതയുണ്ടാകില്ലെന്നുമെല്ലാമായി വിമർശനങ്ങൾ.

ലോകമെങ്ങും ജോലി തെണ്ടിപ്പോയി കല്യാണവും കഴിച്ചു അവിടെത്തന്നെ കൂടുന്ന പ്രവാസി മലയാളികളെയാണ് നിങ്ങൾ അപമാനിക്കുന്നതെന്നും സുഗതകുമാരിയിൽ നിന്ന് ഇത്തരത്തിൽ ഒരു അധഃപതനം പ്രതീക്ഷിച്ചില്ലെന്നുമെല്ലാം അഭിപ്രായപ്രകടനങ്ങൾ ഉണ്ടായി.

ഇതിനു പിന്നാലെയാണ് സുഗതകുമാരിയുടെ പേര് പ്രത്യക്ഷമായി പറയാതെ ഇതിനൊരു മറുപടിയെന്ന നിലയിൽ മുഖ്യമന്ത്രിയും അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ

തൊഴിൽ തേടി വിദേശങ്ങളിൽ പോകുന്ന മലയാളികളുടെ എണ്ണത്തിനു ഏകദേശം തുല്യമാണ് നമ്മുടെ സംസ്ഥാനത്ത് ജോലിക്കു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം. ഗൾഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്ന മലയാളികളുടെ ദുരിതങ്ങൾ പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്. സ്വന്തം നാടു വിട്ട് കേരളത്തിൽ ജോലിക്കെത്തുന്നവരുടെയും സ്ഥിതി സമാനമാണ് എന്ന് നമ്മൾ മനസിലാക്കണം. അവരെ നമ്മളിലൊരാളായി കാണാനുള്ള വിശാലത കേരളീയർ കാണിക്കണം. വ്യത്യസ്ത നാടുകളിൽ നിന്ന് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സംസ്‌ക്കാരമാണ് ചരിത്രപരമായി കേരളത്തിനുള്ളത്.
2013ൽ Gulati Institute of Finance and Taxation (GIFT) നടത്തിയ പഠനപ്രകാരം 25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഈ എണ്ണം ദിനം തോറും വർധിക്കുകയുമാണ്. ഇവരിൽ പലരുടെയും ജീവിതം തീർത്തും ദുരിതപൂർണമാണ്. വൃത്തിയുള്ള താമസസൗകര്യമോ, തൊഴിൽആരോഗ്യ പരിരക്ഷയോ ഭൂരിഭാഗത്തിനും ലഭ്യമല്ല. തൊഴിലുടമകളുടെ പലതരത്തിലുള്ള ചൂഷണങ്ങൾക്കും വിധേയരാകുന്നവരുമാണിവർ. ഇവരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് കേരള സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നതു കൊണ്ടു തന്നെ പല തരത്തിലുള്ള സാംക്രമികരോഗങ്ങൾ ഇവർക്കിടയിൽ പടർന്നുപിടിക്കാറുണ്ട്. ഇത് നമ്മുടെ പൊതുജനആരോഗ്യസംവിധാനത്തിനും ഭീഷണിയാകാറുണ്ട്. അതുകൊണ്ടു തന്നെ ഇവർക്ക് മെച്ചപ്പെട്ട ജീവിതസൗകര്യവും ആരോഗ്യവും ഉറപ്പുവരുത്തുക എന്നത് സംസ്ഥാനത്തിന്റെ സാമൂഹികകടമ കൂടിയാണ്.
ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷ്വറൻസും സ്മാർട് കാർഡുകളും ലഭ്യമാക്കുന്ന 'ആവാസ്', താമസസൗകര്യം ലഭ്യമാക്കുന്നതിനുള്ള 'അപ്നാ ഘർ' എന്നീ പദ്ധതികൾ കേന്ദ്രസഹായത്തോടെ നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇതരസംസ്ഥാനത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഈ പദ്ധതികൾ വലിയ പങ്കു വഹിക്കുമെന്ന് സർക്കാരിന് ഉറപ്പുണ്ട്.

 വിഷയവുമായി ബന്ധപ്പെട്ട് വന്ന ചില പ്രതികരണങ്ങൾ ഇങ്ങനെ: