കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കാലപ്പെടുത്തിയ കേസിലെ പ്രതികൾ സംസ്ഥാനം കടന്നെന്ന് സൂചന. കൊലപാതക ശേഷം പുലർച്ചേ തന്നെ സംഘം ഫോർ രജിസ്ട്രേഷൻ കാറിൽ സ്ഥലം വിട്ടിരിക്കാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. അതുകൊണ്ടു തന്നെ പൊലീസ് അന്വേഷണം കർണ്ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കയാണ്. മട്ടന്നൂരിൽ നിന്നും ഇരിട്ടി വഴി കേരളാ-കർണ്ണാടക അതിർത്തിയിലെത്താൻ ഒരു മണിക്കൂർ മാത്രമേ വേണ്ടൂ. അവിടെ നിന്ന് കർണ്ണാടകത്തിലെ പ്രധാന നഗരങ്ങളിലേക്കോ തമിഴ്‌നാട്ടിലേക്കോ പ്രതികൾ കടന്നിരിക്കാമെന്നാണ് നിഗമനം.

മുൻ കൂട്ടി തയ്യാറാക്കിയ അക്രമമായതിനാൽ തന്നെ ഈ മാർഗ്ഗം സ്വീകരിക്കാനാണ് കൂടുതൽ സാധ്യതയെന്ന് പൊലീസ് കരുതുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുന്നുണ്ട്. ഇതുവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തവരിൽ നിന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസിന് ലഭ്യമായിട്ടില്ല.

ഷുഹൈബിന്റെ കൊലപാതകത്തിന്റെ അന്വേഷണം മൂന്ന് സ്‌ക്വാഡുകളായി തിരിച്ചാണ് നടക്കുന്നത്. വെള്ള ഫോർ രജിസ്ട്രേഷൻ വാഗണർ കാറിൽ മുഖം മൂടി ധരിച്ച നാലംഗ സംഘമാണ് അക്രമം നടത്തിയത്. തെരൂർ എന്ന സ്ഥലത്ത് രാത്രി 11 മണിയോടെ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഷുഹൈബിനേയും സുഹൃത്തുക്കളേയും അക്രമിച്ചത്. ഷുഹൈബിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് അക്രമികൾ എത്തിയത്.

വെട്ടേറ്റ് വീണ ഷുഹൈബിനെ ഇരുന്നു കൊണ്ട് ആഞ്ഞു വെട്ടുകയായിരുന്നു അക്രമികൾ. 37 വെട്ട് ശരീരത്തിലേൽപ്പിച്ച ശേഷം മാത്രമാണ് അവർ രക്ഷപ്പെട്ടത്. നേരത്തെ യു.ഡി.എഫ്. -സിപിഐ.(എം). സംഘർഷവുമായി ബന്ധപ്പെട്ട് റിമാന്റിലായവർ ജാമ്യത്തിലിറങ്ങിയിരുന്നു. അവരാണ് ഷുഹൈബിനെ അക്രമിച്ചതെന്ന അനുമാനത്തിലാണ് പൊലീസ്. ഇവരെല്ലാം ഇപ്പോൾ മുങ്ങിയിരിക്കയാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും വ്യക്തമായ സൂചന ലഭിക്കുകയോ അന്വേഷണം എങ്ങോട്ട് തിരിച്ച് വിടണം എന്ന കാര്യത്തിലോ ഏകാഭിപ്രായമില്ല.

പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ ഷുഹൈബ് വധക്കേസ് സിബിഐ.യെ ക്കൊണ്ട് അന്വേഷിപ്പിക്കാൻ കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്നും ജില്ലാ നേതൃത്വത്തോട് സമ്മർദ്ദം ഏറിവരികയാണ്. പ്രത്യേകിച്ച് ഷുഹൈബിന്റെ നാടായ മട്ടന്നൂരിൽ നിന്നുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അക്കാര്യം ഉന്നയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് ജില്ലാ നേതൃത്വം നിയമപരമായ കാര്യങ്ങളും ആലോചിച്ചു വരികയാണ്. ഷുഹൈബിന് വെട്ടേറ്റ് ഒന്നര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് വാഹന പരിശോധനക്ക് തയ്യാറായതെന്ന ആരോപണവും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. അന്വേഷണം സിബിഐ.യെ ഏൽപ്പിക്കേണ്ടതിന് പ്രധാനകാരണമായി കാരണമായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഇക്കാര്യവും ചൂണ്ടിക്കാട്ടുന്നു. വാഹന പരിശോധന വൈകിപ്പിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു.

കോൺഗ്രസ്സുകാർ വധിക്കപ്പെട്ടാൽ അനുബന്ധമായി നടക്കുന്ന പ്രക്ഷോഭ പരിപാടികൾ സാധാരണ നിലയിൽ സംസ്ഥാന നേതാക്കൾ വരെ മാത്രമേ പങ്കെടുക്കാറുള്ളൂ. എന്നാൽ ഷുഹൈബ് കൊലക്കേസിലെ പ്രതിഷേധം സംസ്ഥാനം കടന്ന് ദേശീയ തലം വരെ എത്തിക്കഴിഞ്ഞു. യൂത്ത് കോൺഗ്രസ്സ് കലക്ട്രേറ്റ് പടിക്കൽ നടത്തിയ ഉപവാസത്തിൽ എ.ഐ. സി.സി. സെക്രട്ടറി കൃഷ്ണ അല്ലാവരു പങ്കെടുക്കുകയും അദ്ദേഹം ഷുഹൈബിന്റെ വീട്ടിൽ സന്ദർശനം നടത്തുകയും ചെയ്തത് സിപിഐ.(എം). നെ ഫലത്തിൽ പ്രതിരോധത്തിലാക്കി.

ടി.പി. ചന്ദ്രശേഖരൻ വധത്തിനു ശേഷം അക്രമികളുടെ വെട്ടിന്റെ എണ്ണം പറഞ്ഞ് ജനശ്രദ്ധ തിരിച്ചു വിടാനും കോൺഗ്രസ്സ് നേതൃത്വത്തിന് കഴിഞ്ഞു. 37 വെട്ട് എന്ന കോൺഗ്രസ്സ് പ്രചാരണം ടി.പി. ചന്ദ്രശേഖരൻ വധത്തിലെ 51 വെട്ടിന് തുല്യമായി ചർച്ച ചെയ്യപ്പെടുകയാണ്. കൊല്ലപ്പെട്ട പ്രവർത്തകൻ യൂത്ത് കോൺഗ്രസ്സ് നേതാവായതു കൊണ്ടു തന്നെ യൂത്ത് കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡണ്ട് അമരീന്ദ്രസിങ് രാജ് 21 ാം തീയ്യതി കണ്ണൂരിലെത്തുന്നുണ്ട്. അന്നേ ദിവസം കണ്ണൂർ പൊലീസ് ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്താനും യൂത്ത് കോൺഗ്രസ്സ് തീരുമാനിച്ചിരിക്കയാണ്. ഷുഹൈബിന്റെ കൊലപാതകത്തിൽ എ.ഐ. സി.സി. പ്രസിഡണ്ട് രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടതും കോൺഗ്രസ്സിന്റെ ചരിത്രത്തിലാദ്യം.