കാസർകോട്: വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കാസർകോട് ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ സുഹൈലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

ബോവിക്കാനം ആലനടുക്കത്തെ മഹ്മൂദ്- ആയിഷ ദമ്പതികളുടെ മകൾ സുഹൈലയെ എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുന്നതിന്റെ തലേന്ന് മാർച്ച് 30 നാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണം സംബന്ധിച്ച് ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെ വിഷയത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ആദൂർ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്റെ പരാതി. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

പെൺകുട്ടിയുടെ സഹോദരനും, സ്‌കൂൾ പി.ടിഎ പ്രസിഡണ്ടുമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ശരിയായ അന്വേഷണം നടന്നില്ലെങ്കിൽ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പരീക്ഷ നടക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് രാത്രി 7 മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. എത്ര തട്ടി വിളിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ആത്മഹത്യാ കുറിപ്പ് ഇട്ടാണ് സുഹൈല മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്ത് വരുമെന്നാണ് കുടുംബം പറയുന്നത്.

(വിഷുവും ദുഃഖ വെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)