കോതമംഗലം: രണ്ട് നിലയിൽ നിന്നും മൂന്ന് നിലയിലേക്ക് ഉയരുന്ന വീട്. വീടിന്റെ ഗെയിറ്റിൽ പോലും സി സി ടിവി കാമറ. സഞ്ചാരം ആഡംബര വാഹനങ്ങളിൽ. സുരക്ഷയ്ക്ക് പ്രത്യേക സംഘം ഒപ്പമുണ്ടെന്നും സൂചന. ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതികളും സഹോദരികളുമായ സുഹാനയും സാഹീനയും താമസിക്കുന്ന കുടുംബ വീടിനെക്കുറിച്ചും ഇവരുടെ നാട്ടിലെ ജീവിത സാഹചര്യത്തെക്കുറിച്ചും നേരിലെത്തി അന്വേഷണം നടത്തിയ പൊലീസ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.

ബംഗാൾ മാൾഡ ജില്ലയിൽ കാലിയചോക് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഉത്തർദാരീയപൂരിലാണ് ഇവരുടെ താമസം. ഊന്നുകൽ എസ് ഐ ടി എം സൂഫീയുടെ നേതൃത്വത്തലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇവരുടെ ബംഗാളിലെ വീട്ടിലെത്തി തെളിവെടുത്തിരുന്നു. ദേശിയപാതയിൽ നിന്നും കഷ്ടി 200 മീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇവരുടെ വിട് പ്രദേശത്തെ വലിയ മന്ദിരങ്ങളിലന്നാണെന്നാണ് പൊലീസ് പങ്കുവയ്ക്കുന്ന വിവരം.

ജീപ്പ് ,കാറ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡിൽ നിന്നും തിരിയുന്ന മൂന്ന് അടിയോളം വീതിയിലുള്ള പാത പിന്നിട്ടുവേണം ഇവരുടെ വീട്ടിലെത്താൻ. ഈ സാഹചര്യത്തിൽ വീട്ടിലേക്ക് എത്തുന്നവരെക്കുറിച്ച് ഉള്ളിലുള്ളവർക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഊന്നുകൽ പൊലീസ് ആദ്യം ചെല്ലുമ്പോൾ വീട്ടിൽ ആളനക്കമുണ്ടായിരുന്നു. എന്നാൽ വീടിന്റെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയപ്പോൾ ഉടൻ നേരിൽച്ചെല്ലുന്നത് ബുദ്ധയല്ലന്ന് കണ്ട് മടങ്ങി. കൂടുതൽ പൊലീസുമായി സ്ഥത്തെത്തുമ്പോൾ വീട് പൂട്ടിയ നിലിലായിരുന്നു.

പൂട്ട് പൊളിച്ച് അകത്തുകടന്നാൽ ഉള്ളിലുള്ളവർ വെടിവച്ചിടാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടികാണിച്ച് സഹായത്തിനെത്തിയ ബംഗാൾ പൊലീസ് സംഘം കാര്യമായി സഹകരിക്കാതെ പിൻവലിഞ്ഞു. ഗെയിറ്റിൽ സ്ഥാപിച്ചിരുന്ന സി സി ടിവി കാമറ വഴി ഉള്ളിലുള്ളവർ പുറത്തുള്ളവരുടെ നീക്കങ്ങൾ മനസ്സിലാക്കി ആക്രമിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു ബംഗാൾ പൊലീസിന്റെ 'ഭീഷിണി'. ഇതോടെ വീടിനുള്ളിക്കടന്നുള്ള പരിശോധന വേണ്ടെന്ന് വച്ച് ഊന്നുകൽ പൊലീസ് ഇവിടെ നിന്നും മടങ്ങി. എൻ ഐ എയും ,ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും മാറി മാറി അന്വേഷിച്ചെങ്കിലും കേസിൽ ഇതുവരെ സുപ്രധാന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലന്നാണ് അറിയുന്നത്.

കഴിഞ്ഞ മാസം 2-നാണ് കള്ളനോട്ട് കൈവശം സൂക്ഷിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത സ്വദേശിനികളായ സഹോദരികളെയും കോട്ടയം ഏലിക്കുളം പനമറ്റം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ അനൂപ് വർഗ്ഗീസിനെയും ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തത്. കോടതി റിമാന്റ് ചെയ്തിരുന്ന ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ദിവസങ്ങളോളം നിരന്തരമെന്ന വണ്ണം അന്വേഷണ ഏജൻസികൾ ഇവരെ ചോദ്യം ചെയ്‌തെങ്കിലും പുതിയ വിവരങ്ങളൊന്നും ലഭിച്ചില്ല. കൊൽക്കത്ത സ്വദേശിനികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ശേഖരിക്കുന്നതിനായിട്ടാണ് ഇവർ താമസിച്ചുവന്നിരുന്ന മുബൈയിലും ബംഗാളിലെ വീട്ടിലും ഊന്നുകൽ എസ് ടി എം സൂഫിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. എ സി പി സുജിത് ദാസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പൊലീസ് സംഘം തെളിവെടുപ്പിന് തിരിച്ചത്.

സഹോദരിമാരിൽ സുഹാനയ്്ക്ക് ബംഗാളി സീരിയൽ -സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരിൽ ഇത് വ്യക്തമാക്കുന്ന അംഗത്വ കാർഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വർഷങ്ങളായി ബഹ്‌റനിൽ പലവിധ ബിസിനസുകൾ നടത്തിവന്നിരുന്ന ആളാണ് അനൂപ്.കേസിൽ അറസ്റ്റിലായ യുവതികളിൽ ഒരാളായ സാഹീനുമായി ചേർന്ന് അടുത്തകാലത്ത് താൻ ബിസിനസ് ആരംഭിച്ചതായി അനൂപ് പൊലീസിൽ സമ്മതിച്ചിട്ടുണ്ട്. സഹോദരിമാരിൽ മൂത്തയാളാണ് സുഹാന. തങ്ങൾ മുംബൈയിൽ താമിച്ചിരുന്നതായി ഇരുവരും പൊലീസിന് മൊഴിനൽകിയിരുന്നു.മുബൈ പൊലീസ് സമാന കേസിൽ ഇവരെ പിടികൂടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തിരുന്നതായും ഊന്നുകൽ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

അനൂപിന്റെ ബാങ്ക് അക്കൗണ്ടുകൾ പിശോധിച്ചതിൽ നിന്നും അടുത്തകാലത്തൊന്നും ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇയാളുടെ കൈയിൽ നിന്നും കണ്ടെത്തിയ പണത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. കൊച്ചി -ധനുഷ്‌കോടി ദേശിയപാതയിലെ തലക്കോട് ഭാഗത്ത് വച്ച്് ഇവർ സഞ്ചരിച്ചിരുന്ന റെന്റേകാറിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ 7,64,960 രൂപ പൊലീസ് കണ്ടെത്തുകയായിരുന്നു.പരിശോധിച്ചപ്പോൾ ഈ നോട്ടുകെട്ടുകളിൽ നിന്നും പതിനൊന്ന് 2000 ത്തിന്റെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊന്നുകൽ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹകരണത്തോടെയാണ് കാർ തടഞ്ഞുനിർത്തി പരിശോധിച്ചത്. മൂന്നാർ സന്ദർശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ.വാളറയിൽ കൊച്ചി -ധനുഷ് കോടി ദേശീയ പാതക്കരികിലുള്ള ഒരു കടയിൽ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ട് നൽകിതാണ് മൂവർ സംഘം പൊലീസിൽ കുടുങ്ങാൻ കാരണം. ഇവർ പോയ ശേഷം നോട്ട് പരിശോധിച്ചപ്പോൾ വ്യജനാണെന്ന് ബോധ്യമായ കടയുടമ ഇവർ ഇവിടെ നിന്നും പുറപ്പെട്ട നേര്യമംഗലം ഭാഗത്തേ സുഹൃത്തുക്കളെയും ഊന്നുകൽ പൊലീസിലും വിവരമറിയിക്കുകയായിരുന്നു.