മരക്കൂട്ടം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീ കോടതി വിധി വന്നതിന് ശേഷം ആദ്യമായി മല കയറുന്ന യുവതി എന്ന ഖ്യാതിയിലേക്കുള്ള ദൂരം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിന് രാജിന് മരക്കൂട്ടത്ത് അവസാനിപ്പിക്കേണ്ടി വന്നു. ഒരു യുവതി മല കയറുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ ശബരിമലയിൽ നിന്നും സന്നിധാനത്തേക്കുള്ള യാത്രയിലായുന്ന അയ്യപ്പന്മാരും ഇവരുടെ അടുത്തേക്ക് എത്തുകയായിരുന്നു. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടും അവർക്ക് മല കയറാൻ കഴിഞ്ഞില്ല. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള യാത്ര മധ്യേ മരക്കൂട്ടത്ത് വിശ്രമിക്കുന്നതിനിടയിലാണ് പ്രതിഷേധക്കാർ എത്തിയത്. ഇതേ തുടർന്ന് മല കയറണ്ട എന്നും പ്രശ്‌നങ്ങൾ ഉണ്ടാക്കി അങ്ങോട്ട് പോകേണ്ടതില്ലെന്നും അവർ തീരുമാനിക്കുകയായിരുന്നു.

പുലർച്ചെ പ്രതിഷേധക്കാരില്ലാത്ത സമയം നോക്കിയാണ് ശബരിമല നട തുറന്ന് രണ്ടാം ദിവസം യുപി സ്വദേശിനിയും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറുമായ സുഹാസിനി രാജും സഹപ്രവർത്തകനായ ഒരു വിദേശ യുവാവും സന്നിധാനത്തേക്ക് പോകാൻ കാനന പാതയിലെത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് ഇവർ മല കയറിയത്. എന്നാൽ മല കയറി തുടങ്ങി മരങ്ങൂട്ടത്ത് എത്താനായപ്പോൾ പ്രതിഷേധക്കാർ വലിയ തോതിൽ ഇരച്ചെത്തുകയും പ്രതിഷേധം തുടങ്ങുകയും ചെയ്തതോടെ സുഹാസിനി തന്നെ യാത്ര അവസാനിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

ആൾക്കൂട്ട അക്രമം ശക്തമാകുമെന്നും അത് തടയാൻ പൊലീസിന് പോലും കഴിയില്ല എന്നും ജീവൻ പോലും നഷ്ടപ്പെട്ടേക്കും എന്ന ഘട്ടത്തിലാണ് അവർ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മരക്കൂട്ടത്തിനടുത്ത് വലിയ പ്രതിഷേധമാണ് അവർ ഉപയോഗിച്ചത്. എന്നാൽ മുകളിലേക്ക് പോകുന്ന വഴി മുഴുവൻ ഭക്തർ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നുണ്ടായിരുന്നു. നിങ്ങൾ തയ്യാറാണെങ്കിൽ ഞങ്ങൾ എത്തിക്കും എന്ന നിലപാടിലായിരുന്നു പൊലീസ്.

സുഹാസിനി പമ്പയിൽ നിന്നുള്ള പ്രവേശന കവാടം കടന്ന് മുന്നോട്ട് പോകും വരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. അതുകഴിഞ്ഞ് പരമ്പരാഗത കാനനപാത പിന്നിട്ട് മുകളിലേക്ക് കയറിയതോടെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ തയ്യാറാക്കിയ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റാണ് സുഹാസിനി.

ആദ്യം ഇവർ പമ്പ പിന്നിട്ട് മുന്നോട്ടു വന്നപ്പോൾ ആരും തന്നെ അത് കാര്യമാക്കിയില്ല. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയതാകും അതുകൊണ്ട് തന്നെ അവർ മലകയറും എന്ന് ആരും തന്നെ പ്രതീക്ഷിച്ചുമില്ല. വളരെ പെട്ടെന്നാണ് അപ്രതീക്ഷിതമായി അവർ കാനനപാതയിലേക്ക് പ്രവേശിച്ചത്. പരമ്പരാഗത പാത കടന്ന് ഏകദേശം 50 മീറ്റർ മുന്നിലേക്ക് എത്തിയപ്പോൾ ആണ് ഇവർ മല കയറുന്നു എന്ന് മനസ്സിലാക്കിയത്. 100 മീറ്റർ പിന്നിട്ടതോടെ ഭക്തർ പ്രതിഷേധവുമായി വലിയ ശബ്ദത്തിൽ ശരണം വിളിച്ച് അടുത്തേക്ക് എത്തിയെങ്കിലും കൂടുതൽ പൊലീസ് എത്തി സുരക്ഷയ്ക്ക് എത്തുകയായിരുന്നു.