കണ്ണൂർ: ചൈൽഡ് ലൈൻപരാതിയിൽ പൊലീസ് മൊഴിയെടുക്കാൻ എത്തിയതിനു പിന്നാലെ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി ജീവനൊടുക്കി. കണ്ണൂരിലെ മലയോര മേഖലയിലെ 17കാരിയാണ് മരിച്ചത്.

പെൺകുട്ടിയെ വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. വീടിനടുത്തുള്ള ബന്ധുവും രണ്ടു മക്കളുടെ അച്ഛനുമായ ഒരാളുമായി സ്‌നേഹത്തിലാണെന്ന് സ്‌കൂളിൽ നടന്ന കൗൺസലിംഗിൽ പെൺകുട്ടി പറഞ്ഞിരുന്നു.

ഇയാൾ വീട്ടിൽ വരാറുണ്ടെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ചൈൽഡ് ലൈനിൽ പരാതിയായി എത്തുകയും കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാൻ ചൈൽഡ് ലൈൻ ആറളം പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ വനിതാ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.

തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഒരു പരാതിയും ഇല്ലെന്നുമുള്ള മൊഴിയാണ് പെൺകുട്ടി നൽകിയതെന്ന് ആറളം എസ്‌ഐ പ്രസാദ് പറഞ്ഞു. പിന്നീട് വൈകുന്നേരം അഞ്ചോടെ പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലിസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്.