ആലപ്പുഴ : കുടുംബത്തിന്റെ പ്രാരബ്ധം അകറ്റാൻ ഭർത്താവ് വിദേശത്ത് ജോലിക്കു പോയ തക്കം നോക്കി രണ്ടു മക്കളുടെ മാതാവായ വീട്ടമ്മ കുട്ടിക്കാമുകനുമായി ചുറ്റിയടിച്ചു. ഒടുവിൽ ജോലി മതിയാക്കി ഭർത്താവ് തിരികെ വരുന്നുവെന്നറിഞ്ഞപ്പോൾ കാമുകനുമായി ലോഡ്ജ് മുറിയിൽ പ്രണയം പങ്കിട്ടശേഷം തൂങ്ങിമരിച്ചു.

കഴിഞ്ഞ ബുധനാഴ്ച ആലപ്പുഴ കല്ലുപാലത്തിനു സമീപമുള്ള ലോഡ്ജിലാണ് നാടിനെ ഞെട്ടിച്ച് കൂട്ടആത്മഹത്യ നടന്നത്. കൈനകരി കുപ്പപുറം വിഷ്ണു സദനത്തിൽ വിഷ്ണു (23), അയൽവാസിയായ വീട്ടമ്മ മൃദുല (33) എന്നിവരാണ് തൂങ്ങിമരിച്ചത്. മൃദുല ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. ഇവരെ കുട്ടനാട്ടിലെ കുപ്പപ്പുറത്തേക്ക് വിവാഹം കഴിച്ചു കൊണ്ടുവന്നതാണ്. പൊതുവെ ശാന്തസ്വഭാവക്കാരിയായ മൃദുല നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. കാണാൻ ചന്തവും ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന സ്വഭാവവും മൃദുലയ്ക്ക് സംശയത്തിന് ഇടംനൽകാതെ പ്രണയം തുടങ്ങാൻ എളുപ്പവഴിയായി. അയൽവാസിയായ പയ്യനും അത്രവലിയ കുഴപ്പക്കാരനല്ലായിരുന്നു. അതുകൊണ്ടുതന്നെ വീട്ടമ്മയും പയ്യനും തമ്മിലുള്ള അടുപ്പവും ഭവന സന്ദർശനവും നാട്ടുംപുറത്തുകാരായ അയൽക്കാരിൽ അത്ര സംശയം ഉണ്ടാക്കിയില്ല. ഈ സാഹചര്യം മുതലാക്കിയാണ് ഇരുവരും പ്രണയം തുടങ്ങിയത്.

കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിലായിരുന്ന ഇവർ പട്ടണത്തിൽ വച്ചായിരുന്നു അധികവും കണ്ടുമുട്ടിയിരുന്നത്. പട്ടണത്തിലെ പേരുകേട്ട സ്‌കൂളിൽ കുട്ടികളെ എത്തിക്കാൻ വരുന്ന വീട്ടമ്മ പിന്നീട് വൈകുന്നേരമാണ് തിരികെ പോകുന്നത്. അതുവരെ കുട്ടികാമുകനുമായി കറങ്ങി നടക്കുകയായിരുന്നു. ഇതിനിടയിലാണ് ലോഡ്ജ് മുറിയിൽ സംഗമിക്കാമെന്ന് തീരുമാനിക്കുന്നത്. പിന്നീട് പലതവണ ഇവർ ഇതേ ലോഡ്ജിൽ തങ്ങിയതായി അറിയുന്നു. അതുകൊണ്ടുതന്നെയാണ് ലോഡ്ജ് ഉടമ ഇവർക്ക് മുറി അനുവദിച്ചതും. എന്നാൽ കഴിഞ്ഞ ബുധനാഴ്ച കമിതാക്കൾ ഒന്നിച്ചു മരിക്കാനുള്ള തീരുമാനവുമായിട്ടാണെത്തിയത്. വിദേശത്തുള്ള ഭർത്താവ് നാട്ടിലേക്ക് തിരിക്കുന്നതായി മൃദുലയ്ക്ക് വിവരം ലഭിച്ചിരുന്നു. ഭർത്താവ് പ്രതിമാസം 15,000 രൂപവീതം വീട്ടുചെലവിലേക്ക് അയച്ചു കൊടുക്കുമായിരുന്നു. ഈ പണം കാമുകനുമായി ചുറ്റിയടിക്കാൻ വിനിയോഗിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഭർത്താവ് നാട്ടിലെത്തിക്കഴിഞ്ഞാൽ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നു കരുതിയാണ് ആത്മഹത്യക്ക് തീരുമാനിച്ചതെന്ന് ചിലർ പറയുന്നു. അതേസമയം നാട്ടുകാരിൽ ചിലർ ഭർത്താവിനെ നാട്ടിലെ വിവരങ്ങൾ അറിയിച്ചിരുന്നതായും പ്രചരിക്കുന്നുണ്ട്. ഭാര്യ അയൽവാസിയായ ചെറുപ്പക്കാരനുമായി ചുറ്റിയടിക്കുന്ന വിവരങ്ങൾ സുഹൃത്തുക്കൾ വഴി അറിഞ്ഞ ഭർത്താവ് നാട്ടിലേക്ക് തിരിച്ചെന്ന വിവരമാണ് മൃദുലയ്ക്കും അവസാനമായി ലഭിച്ചത്. ഇതറിഞ്ഞതോടെയാണ് മരണം മാത്രം വഴിയെന്ന് തീരുമാനിച്ചത്. എന്നാൽ മരിച്ച ചെറുപ്പക്കാരന്റെ വീട്ടുകാർ തങ്ങളുടെ മകനെ പ്രണയം നടിച്ച് വീട്ടമ്മ കീഴപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തുണ്ട്. ഇത് ശരിവെക്കുകയാണ് നാട്ടുകാരിൽ ഭൂരിഭാഗവും.

വീട്ടമ്മയും രണ്ടുകുഞ്ഞുങ്ങളുടെ മാതാവുമായ മൃദുല കാര്യമായ പണിയൊന്നുമില്ലാതെ നടക്കുന്ന പയ്യനെ വശീകരിച്ച് തന്റെ ഇംഗിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഇതുസംബന്ധിച്ചു പല കിംവദന്തികളും നാട്ടിൽ പരക്കുന്നുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമെ അറിയാൻ കഴിയുകയുള്ളു. ഏതായാലും സൗത്ത് പൊലീസ് കേസെടുത്തു കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.

കല്ലുപാലത്തിന് സമീപം വല്ലുവേള്ളിൽ ലോഡ്ജിലാണ് ഇവർ തൂങ്ങി മരിച്ചത്. ആലപ്പുഴ, കുപ്പപുറം, വിഷ്ണുനിവാസിൽ വിഷ്ണു എന്ന മേൽവിലാസമാണ് ഇവർ ലോഡ്ജിൽ നൽകിയത്. യുവതിയുടെ പേരോ അഡ്രസോ നൽകിയതുമില്ല. പതിവ് രീതിയനുസരിച്ച് ഇവർ പറഞ്ഞ അഡ്രസ് കുറിച്ചുവച്ച ലോഡ്ജ് മാനേജർ ഐഡി പ്രൂഫ് ചോദിച്ചെങ്കിലും റൂമിൽ ബാഗ് വച്ച ശേഷം നൽകാമെന്ന് അറിയിച്ചു. തുടർന്ന് റൂമിലേക്ക് പോയ ഇവർ ഏറെ വൈകീട്ടും ഇവർ തിരികെ വരാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. വൈകീട്ട് ആറ് മണിയോടെ ഇവരുടെ മൊബൈലിൽ തുടർച്ചയായി ബെല്ല് അടിക്കുന്നത് തുടർന്നതോടെയാണ് മാനേജർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ തൂങ്ങിമരിച്ചതാണെന്ന് കണ്ടെത്തിയത്.