കാലിഫോർണിയയിലെ ബെറ്റ്സി ഡേവിസ് എന്ന 41കാരി ജൂലൈ ആദ്യം തന്റെ അടുത്ത സുഹൃത്തുക്കൾക്ക് ഒരു ഇമെയിൽ അയച്ചിരുന്നു. തന്റെ വീട്ടിൽ വച്ച് നടക്കുന്ന രണ്ട് ദിവസത്തെ പാർട്ടിയിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണമായിരുന്നു അത്. ഇത് നിങ്ങൾ ഇതിന് മുമ്പ് പങ്കെടുത്ത പാർട്ടികളിൽ നിന്നും വ്യത്യസ്തമായ ഒന്നാണെന്നും അതിനാൽ വൈകാരികമായ ബലം, തുറന്ന മനസ് തുടങ്ങിയ നിരവധി കാര്യങ്ങൾ ഉറപ്പാക്കിയിട്ട് മാത്രമേ ഇതിൽ പങ്കെടുക്കാൻ വരാവൂ എന്നും ആരും തന്റെ മുമ്പിൽ വച്ച് കരയരുതെന്നും അവർ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ചിരിക്കുമെന്നുറപ്പുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ബെറ്റ്സി നടത്തിയ പാർട്ടിയിൽ പാട്ടും കൂത്തും നടക്കുന്നതിനിടയിൽ ഈ സ്ത്രീ വിഷം കുത്തി വയ്ച്ച് സന്തോഷത്തോടെ ചിരിച്ച് കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം മരണത്തിലേക്ക് നീങ്ങുകയും ചെയ്തു.

കാലിഫോർണിയയിൽ അടുത്തിടെ ഡോക്ടർമാരുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കിയിരുന്നു. ഇത് പ്രകാരം ഇവിടെ നടക്കുന്ന ആദ്യത്തെ ആത്മഹത്യയാണ് ബെറ്റ്സി നടത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ഇനി ഇവിടെ ആത്മഹത്യകളുടെ പെരുമഴയായിരിക്കുമെന്നുറപ്പാണ്.

ആർട്ടിസ്റ്റായ ഈ ബെറ്റ്സി ദീർഘകാലമായി എഎൽഎസ് അഥവാ ലൗ ഗെഹ്രിഗ്സ് ഡിസീസ് ബാധിച്ച് നരകിക്കുന്ന അവസ്ഥയിലായിരുന്നു. കുറേക്കാലമായി മാറാരോഗത്താൽ കഷ്ടപ്പെടുന്നവർക്ക് ഡോക്ടർമാരുടെ സഹായത്താൽ സുഖകരമായ മരണം ഉറപ്പാക്കുന്ന നിയമത്തിനാണ് കാലിഫോർണിയ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. ജൂലൈ 23- 24 തീയതികളിലെ വീക്കെൻഡിൽ നടത്തിയ പാർട്ടിക്കായി വിശദമായ ഷെഡ്യൂളായിരുന്നു ബെറ്റ്സി തയ്യാറാക്കിയിരുന്നത്.

ന്യൂയോർക്ക്, ഷിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിമാനത്തിൽ കയറി നിരവധി സുഹൃത്തുക്കൾ തെക്കൻ കാലിഫോർണിയയിലെ പർവതത്തിന് സമീപമുള്ള പട്ടണമായ ഓജായിലെ ബെറ്റ്സിയുടെ വീട്ടിൽ പാർട്ടിക്കെത്തിയിരുന്നു. ഇതിന് പുറമെ കാലിഫോർണിയയിലുള്ള നിരവധി സുഹൃത്തുക്കളും ബന്ധുക്കളും എത്തിച്ചേർന്നിരുന്നു. ഇവരെല്ലാവരും മരണത്തിലേക്ക് പോകാൻ ഒരുങ്ങുന്ന ബെറ്റ്സിക്ക് ചുറ്റും കൂടി നിൽക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്.

പാർട്ടിക്കെത്തിയവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും മദ്യവും വിളമ്പിയിരുന്നു. ചിലർ ആടുകയും പാടുകയും ചെയ്തിരുന്നു. ഇതിന് പുറമെ ബെറ്റ്സിക്ക് ഇഷ്ടപ്പെട്ട സിനിമകൾ അവരുട മുറിയിൽ പ്രദർശിപ്പിക്കുന്നുമുണ്ടായിരുന്നു.തുടർന്ന് സുഹൃത്തുക്കൾ ഒന്നിച്ച് കൂടി ബെറ്റ്സിക്ക് വിടപറയുകയായിരുന്നു. അതിന് മുമ്പ് അവർ ഒരുമിച്ച് കൂടി ഒരു ഫോട്ടോയെടുത്തിരുന്നു.തുടർന്ന് ബെറ്റ്സി വീൽചെയറിൽ ബെഡിനടുത്തേക്ക് നീങ്ങുകയും അതിൽ കിടന്ന് ഡോക്ടറുടെ നിർദേശപ്രകാരമുള്ള മോർഫിൻ, പെന്റോബാർബിറ്റൽ, ക്ലോറൽ ഹൈഡ്രേറ്റ് എന്നിവയുടെ മിശ്രിതം കുത്തി വയ്ക്കുകയുമായിരുന്നു.സുഹൃത്തുക്കളെ വിളിച്ച് കൂട്ടി മരണത്തിലേക്ക് പോയ തന്റെ സഹോദരിയുടെ ആശയത്തെ താൻ സ്നേഹിക്കുന്നുവെന്നാണ് സഹോദരി കെല്ലി ഡേവിസ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇത് തനിക്ക് താങ്ങാൻ പറ്റാത്ത കാര്യമാണെന്നും അവർ പറയുന്നു.

ഇത്തരത്തിലുള്ള ആത്മഹത്യയ്ക്ക് കാലിഫോർണിയ അംഗീകാരം നൽകി ഒരുമാസത്തിനകമാണ് ബെറ്റ്സി അത് നടപ്പിലാക്കിയിരിക്കുന്നത്. മറ്റ് നാല് സ്റ്റേറ്റുകളിൽ ഡോക്ടർ-അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാണ്. എന്നാൽ ഈ നിയമത്തെ ചിലർ അഥവാ മെഡിക്കൽ ബില്ലുകൾ താങ്ങാൻ പറ്റാത്തവരെ പോലുള്ളവർ ദുരുപയോഗം ചെയ്യുമെന്ന് ഈ നിയമത്തെ എതിർക്കുന്നവർ മുന്നറിയിപ്പേകുന്നുണ്ട്.സ്വന്തം ഇഷ്ടപ്രകാരമുള്ള മരണം മാസങ്ങളുടെ തീരുമാനത്തിലൂടെയാണ് ബെറ്റ്സി നിശ്ചയിച്ചുറപ്പിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ രോഗബാധകാരണം തന്റെ ശരീരത്തിന്റെ നിയന്ത്രണം ക്രമേണ ക്രമേണ നഷ്ടപ്പെടുന്നതിൽ ഇവർ ആകെ അസ്വസ്ഥയായിരുന്നു. ഇതേ തുടർന്നുള്ള നരകയാതനകളാണ് ഇവരെക്കൊണ്ട് ഈ കടുത്ത തീരുമാനമെടുപ്പിച്ചിരിക്കുന്നത്. തുടർന്ന് ജാപ്പാനീസി കിമോണയെന്ന വസ്ത്രം ധരിച്ച് പ്രിയപ്പെട്ട കൂട്ടുകാരുടെ സാന്നിധ്യത്തിൽ ഇവർ മരണതീരത്തേക്ക് ചിരിച്ച് കൊണ്ട് യാത്രയാവുകയുമായിരുന്നു.