- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാഴ്ച്ചക്കിടെ രണ്ടാം കർഷകന്റെ ആത്മഹത്യ ശ്രമം; കോട്ടയം ജില്ലയിൽ കർഷകർക്ക് തിരിച്ചടിയായി നെല്ല് സംഭരണം വൈകുന്നു;പാടത്ത് കൂട്ടിയിട്ടിരിക്കുന്നത് 13,000 ക്വിന്റൽ നെല്ല് ; പ്രതിഷേധത്തിൽ അണിനിരന്നത് നൂറിലേറെ കർഷകർ
ഏറ്റുമാനൂർ: നെല്ലുസംഭരണം വൈകുന്നതിൽ കോട്ടയം ജില്ലയിൽ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു.അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ രണ്ട് കർഷകരാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം നീണ്ടൂർ പഞ്ചായത്തിലെ മാക്കോതറ-നൂറുപറ പാടശേഖരത്തിൽ, ആർപ്പൂക്കര മഠത്തേടത്ത് തോമസാണ് പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. പൊലീസെത്തി ഇദ്ദേഹത്തെ പിൻതിരിപ്പിച്ചു. 50 ഏക്കറിലാണ് ഇദ്ദേഹത്തിന് കൃഷിയുള്ളത്.കഴിഞ്ഞയാഴ്ച കല്ലറയിലും സമാനസംഭവം ഉണ്ടായിരുന്നു.
നൂറുപറ-മാക്കോത്തറ, നീണ്ടൂർ-കൈപ്പുഴക്കരി, കൈപ്പുഴ-കൈപ്പുഴക്കരി എന്നീ പാടശേഖരങ്ങളിലെ 400 കർഷകരിൽനിന്നായി ശേഖരിച്ച 13,000 ക്വിന്റൽ നെല്ലാണ് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. വേനൽമഴയുടെ ഭീതിയിലാണ് കർഷകർ. മഴപെയ്താൽ എത്രയുംപെട്ടെന്ന് പാടത്തുനിന്ന് നെല്ലുനീക്കാൻ കർഷകർ നിർബന്ധിതരാകും. അപ്പോൾ മില്ലുടമകൾ പറയുന്ന തൂക്കത്തിൽ നെല്ലുനൽകേണ്ട അവസ്ഥയിലെത്തും കർഷകർ. കൊയ്ത്തുകഴിഞ്ഞ് രണ്ടാഴ്ചയായിട്ടും സപ്ലൈകോയുടെ കീഴിലുള്ള മില്ലുടമകൾ സംഭരണത്തിന് തയ്യാറാകാതെവന്നതാണ് പ്രതിസന്ധിക്ക് കാരണം.
ക്വിന്റലിന് ആറുകിലോയിലേറെ കിഴിവുചോദിച്ച് മില്ലുടമകൾ വിട്ടുനിൽക്കുകയാണ്. 300 ഏക്കർവരുന്ന ചോഴിയപ്പാറ, 280 ഏക്കർവരുന്ന വിരിപ്പുകാലാ, 180 ഏക്കർവരുന്ന താഴത്തെകുഴി, 80 ഏക്കർവരുന്ന കെട്ടിനകം എന്നീ പാടശേഖരങ്ങൾ കൊയ്ത്തിന് പാകമായ നിലയിലാണ്. കോവിഡ് പ്രതിസന്ധിമൂലം കടക്കെണിയിലായ കർഷകർ സാമ്പത്തികബാധ്യതയാൽ നട്ടംതിരിയുകയാണ്.
ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി കർഷകർ രംഗത്തെത്തിയത്.പ്രതിഷേധത്തിൽ നൂറുകണക്കിന് കർഷകരാണ് അണിനിരന്നത്. സംഭരണത്തിനായി മറ്റു പാടശേഖരങ്ങളിലേക്ക് പോവുകയായിരുന്ന ലോറികളും തടഞ്ഞു. നെല്ല് കത്തിച്ചും പ്രതിഷേധമുണ്ടായി. കൃഷിക്കാർ പിന്നീട് കോട്ടയത്ത് പാഡി ഓഫീസിൽ ഉപരോധവും നടത്തി.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ചൊവ്വാഴ്ച പാഡി ഓഫീസർ പാടശേഖരത്തിലെത്തി കർഷകരുമായി ചർച്ച നടത്തും.