തിരൂർ: എത്രയൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും സ്വന്തം മക്കളുടെ കാര്യത്തിൽ എല്ലാം മറക്കുന്നവരാണ് മാതാപിതാക്കൾ. അവർക്ക് യാതൊരു കുറവും വരുത്താതെ എല്ലാം ചെയ്യാൻ തയ്യാറാകും. ഇങ്ങനെ സ്വന്തം മകളെയും മാന്യമായി വിവാഹം ചെയ്തയക്കാനാണ് കാളാട് സ്വദേശി പാട്ടശേരി വീട്ടിൽ ഇസ്മായിൽ(50) എന്ന പിതാവും ആഗ്രഹിച്ചത്. അതുകൊണ്ടാണ് അദ്ദേഹം കാരുണ്യത്തിന്റെ മിശിഹയെന്ന് സ്വയം അവകാശപ്പെടുന്ന ബോബി ചെമ്മണ്ണൂരിന്റെ ജൂവലറിയുടെ തിരൂർ ഷോറൂമിൽ നിന്നും ആഭരണങ്ങൾ വാങ്ങാൻ തീരുമാനിച്ചും. മുഴുവൻ പണം നൽകിയില്ലെങ്കിലും ചെറിയ സാവകാശത്തിൽ പണം നൽകിയാൽ മതിയെന്ന ജൂവലറിക്കാരുടെ വാഗ്ദാനത്തിൽ ഇസ്മായിൽ വീഴുകയായിരുന്നു. എന്നാൽ, ചെറിയ മാസത്തെ സാവകാശത്തിന്റെ പേരിൽ സ്വർണ്ണത്തിന് വൻതുകയാണ് ഇവർ ഈടാക്കിയത്. പണിക്കൂലിയുടെ പേരിൽ വൻതുക ആഭരണങ്ങൾക്ക് ഈടാക്കിയതോടെയാണ് ഇദ്ദേഹം താൻ അകപ്പെട്ടത് വൻകെണിയിലാണെന്ന് ബോധ്യമായത്. ഒടുവിൽ ജൂവലറിക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് ആത്മഹത്യ ചെയ്യാൻ തുനിഞ്ഞതും.

ഈ വർഷം ഫെബ്രുവരിയിലാണ് മകളുടെ വിവാഹത്തിനായി ഇസ്മായിൽ തിരൂരിലെ ജൂവലറിയുടെ ബ്രാഞ്ചിൽ നിന്നും സ്വർണം വാങ്ങിയത്. ജൂവലറിയുടെ കമ്മീഷൻ ഏജന്റായ സാജിത എന്ന സ്ത്രീ മുഖേനായാണ് അദ്ദേഹം ആഭരണം എടുക്കാൻ തീരുമാനിച്ചത്. ഇത് പ്രകാരം, അഞ്ച് ലക്ഷത്തോളം രൂപയുടെ സ്വർണം വാങ്ങി. പണം അടക്കാനായി ഏതാനും മാസത്തെ സാവകാശവും നൽകിയിരുന്നു. തുടക്കത്തിൽ മൂന്ന് ലക്ഷത്തി ലഅറുപതിനായിരം രൂപയാണ് നൽകിയത്. എന്നാൽ മുഴുവൻ സ്വർണ്ണത്തിന്റെയും വില അപ്പോൾ നിശ്ചയിക്കാതെ പണം നൽകിയ ആഭരണങ്ങളുടെ വില മാത്രമാണ് രേഖപ്പെടുത്തിയത്. മുഴുവൻ സ്വർണ്ണത്തിന്റെ ബില്ലും നൽകാൻ തയ്യാറായില്ല.

സ്വർണം നൽകുന്നതിന് മുമ്പായി ഇസ്മായിൽ മുദ്രപത്രങ്ങളിൽ ഒപ്പിട്ടു കൊടുത്തിരുന്നു. കൂടാതെ നിയമവിരുദ്ധമായിരുന്നിട്ടും ബ്ലാക് ചെക് ലീഫുകളും ജൂവലറിക്കാർ വാങ്ങിവച്ചു. പിന്നീട് സാമ്പത്തിക ഞെരുക്കത്താൽ നിശ്ചിത തീയതി കഴിഞ്ഞിട്ടും ജൂവലറിക്കാർക്ക് പണം നൽകാൻ സാധിച്ചില്ല. ഇതോടെ അടക്കേണ്ട പണം കുത്തനെ ഉയർത്തുകയാണ് ചെമ്മണ്ണൂർ ജൂവലറിക്കാർ ചെയ്തതെന്നാണ് ഇസ്മായിലിന്റെ ബന്ധുക്കൾ നൽകുന്ന സൂചന. ഇതോടെ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച് ഇടപാട് തീർക്കാൻ സാധിക്കാത്ത വിധത്തിലേക്ക് സംഖ്യ വളർന്നു. പണിക്കൂലിയുടെ പേരിലായിരുന്നു ജൂവലറി അമിത തുക ഈടാക്കിയത്. ഈ പണിക്കൂലി അമിതമായി തോതിൽ ഉയർത്തിയതോടെ ഇസ്മായിലിന് എളുപ്പം കടം തീർക്കാൻ സാധിക്കാതെ വന്നു.

ഇതിനിടെ ഇടനിലക്കാരിയായ സാജിതയിൽ നിന്നും ജൂവലറി സ്വർണ്ണാഭരണങ്ങൾ പിടിച്ചുവാങ്ങിയിരുന്നു. ഇസ്മായിൽ പണം അടക്കാത്തതിന്റെ പേരിൽ സാജിതയുടെ പക്കൽ നിന്നും 19 പവനാണ് പിടിച്ചുവാങ്ങിയത്. ഇസ്മയിൽ പണം അടച്ചാൽ മാത്രമേ സ്വർണം വിട്ടുനൽകൂവെന്നാണ് ഇവരോട് ചെമ്മണ്ണൂർ ജൂവലറിക്കാർ പറഞ്ഞിരിക്കുന്നത്. ഇതിനിടെ സ്ഥലം വിറ്റ് കടം തീർക്കാൻ ഇസ്മയിൽ ശ്രമിച്ചുവരികയായിരുന്നു. ഉമ്മയുടെ പേരിലുള്ള ഭൂമി വിൽക്കാനായിരുന്നു പരിപാടി. ഇക്കാര്യം പറഞ്ഞ് സാവകാശം തേടുകയും ചെയ്തു. എന്നാൽ എളുപ്പത്തിൽ വിൽപ്പന നടക്കാതിരിന്നതും ഇസ്മായിലിനെ പ്രതിരോധത്തിലാക്കി.

ഭൂമിസംബന്ധമായ കാര്യം കൂടി സംസാരിക്കാൻ വേണ്ടിയാണ് ഇസ്മായിൽ ഇന്ന് ജൂവലറിയിൽ എത്തിയത്. എന്നാൽ പണവും ഭൂമിയും നഷ്ടമാകുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ കടുത്ത മാനസിക സമ്മർദ്ദത്തിൽപെട്ടാണ് ഇയാൾ ആത്മഹത്യക്ക് തുനിഞ്ഞതെന്നാണ് സൂചന. ഇതിനിടെ കാര്യങ്ങളെ കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ജൂവലറി മാനേജരുടെ പരാതിയിൽ ഇസ്മായിലിനെതിപെ പൊലീസ് കേസെടുക്കും. ആത്മഹത്യാശ്രമവും ജൂവലറിയിൽ അതിക്രമിച്ച് കയറിയതിനും ഉപകരണങ്ങൾക്ക് നാശനഷ്ടം വരുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുക്കുക. ഇക്കാര്യം തിരൂർ എസ്.ഐ വിശ്വനാഥൻ അറിയിച്ചു.

അതിനിടെ കേസിൽ തങ്ങൾക്കെതിരെ കാര്യങ്ങൾ നീങ്ങാതിരിക്കാനുള്ള ശ്രമങ്ങളും ബോബിയുടെ കമ്പനി നടത്തുന്നുണ്ട്. പൊലീസിന് നൽകിയ പരതിയിൽ 7 ലക്ഷം രൂപയുടെ സ്വർണം വാങ്ങിയെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇത്രയും തുകയുടെ സ്വർണം തങ്ങൾക്ക് വാങ്ങിയിട്ടില്ലെന്നാണ് ഇസ്മയിലിന്റെ ബന്ധുക്കൾ സൂചിപ്പിക്കുന്നത്. വ്യക്തമായ ബില്ലുകൾ നൽകാത്തതിനാൽ ജൂവലറിക്കാർ പറയുന്ന തുക അംഗീകരിക്കേണ്ട നിർബന്ധിതാവസ്ഥയിലാണിവർ.