പത്തനാപുരം : നഴ്‌സിങ് വിദ്യാർത്ഥിനി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് കോളേജ് അധികൃതരുടെ പീഡനം കൊണ്ട് തന്നെ. പട്ടാഴി വടക്കേക്കര സ്വദേശി സുപ്രിയയുടെ ആത്മഹത്യശ്രമത്തിൽ അടൂർ ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോേളജ് പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു. മൂന്ന് അദ്ധ്യാപകരേയും പ്രതിചേർത്തിട്ടുണ്ട്. ഇതോടെ വിവാദം ഒഴിവാക്കാൻ കേസെടുത്ത അദ്ധ്യാപകരെ കോളേജ് മാനേജ്മന്റെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

മൂന്നാംവർഷ ബി.എസ്സി. നഴ്‌സിങ് വിദ്യാർത്ഥിനിയായ സുപ്രിയയുടെ ആത്മഹത്യാ ശ്രമം ഇതോടെ വിവാദത്തിലാവുകയാണ്. വിവാദ വ്യവസായി എബ്രഹാം കലമണ്ണിലാണ് ഈ മെഡിക്കൽ കോളേജിന്റെ ചെയർമാൻ. ക്ലിനിക്കൽ പരിശീനത്തിന് പോകാതിരുന്നാൽ നടപടിയെടുക്കുമെന്ന് അദ്ധ്യാപകർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ മനോവിഷമമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് കോളേജ് അധികൃതർ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എബ്രഹാം കലമണ്ണിൽ തന്നെ ഇവരെ സസ്‌പെന്റ് ചെയ്തത്. എന്നാൽ സംഭവത്തിൽ കോളേജ് മാനേജ്‌മെന്റിനും പങ്കുണ്ടെന്നാണ് വിമർശനം ഉയരുന്നത്. എന്നാൽ മാർക്ക് കുറയുമെന്ന് ഭയം മാത്രമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന തരത്തിലാണ് പൊലീസ് നലപാട്.

കഴിഞ്ഞദിവസം വൈകിട്ടായിരുന്നു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം. നിരവധി നാളുകളായി കുട്ടിയെ മെഡിക്കൽ കോളേജ് അധികൃതർ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. കോളേജിൽനിന്ന് എത്തിയ സുപ്രിയ അമിത അളവിൽ ഉറക്കഗുളിക കഴിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് അധികൃതരുടെ തുടർച്ചയായ ശകാരത്തിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വീട്ടുകാർ ആരോപിച്ചു. ഇതിന് കാരണം മാനേജ്‌മെന്റാണെന്നും പറയുന്നു. ഇതോടെയാണ് കേസ് എടുക്കാൻ പൊലീസ് തയ്യാറായത്. പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.

കോളേജ് മാനേജ്‌മെന്റിനെതിരെ കുട്ടി നൽകിയ മൊഴി ഇങ്ങനെ- ഒരു ദിവസം കോളേജ് ഹോസ്റ്റലിൽ വച്ച് കുട്ടിക്ക് വയ്യാതെയായി. സുഹൃത്തുക്കൾ ചെന്ന് വാർഡനോട് പറഞ്ഞു. അദ്ധ്യാപിക കൂടിയായ വാർഡനോട് വീട്ടിൽ അറിയിക്കണമെന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞു. അടുത്ത ദിവസം കോളേജിലെ മറ്റൊരു ടീച്ചറിന്റെ സെന്റ് ഓഫായിരുന്നു. ഈ കുട്ടി സെന്റ്ഓഫ് പാർട്ടിയിൽ ഇനി ഞങ്ങൾക്ക് നാഥനില്ലാതായെന്ന് പറഞ്ഞു. ഇത് പ്രിൻസിപ്പളായ ശ്രീജ രവിചന്ദിന് ഇഷ്ടപ്പെട്ടില്ല. തുടർന്നാണ് പ്രശ്‌നം തുടങ്ങിയത്. മര്യാധയ്ക്ക് പെരുമാറിയില്ലെങ്കിൽ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്ന് പറഞ്ഞു. മൂന്ന് വർഷമായി കോളേജിലെ ഒന്നാം റാങ്കുകാരി കൂടിയാണ് സുപ്രിയ.

അതിനിടെ ക്വിസ് കോമ്പറ്റീഷന് കോളേജ് നിയോഗിച്ചെങ്കിലും സുപ്രീയ പോയില്ല. തുടർന്ന് നോട്ടീസ് ബോർഡിൽ കുട്ടിയുടെ പേരിൽ പരാതികൾ പതിപ്പിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കൾ വിളിച്ചു അറിയിച്ചു. ടീച്ചർമാരോട് അപമര്യാധയായാണ് പെരുമാറുന്നതെന്നും ഇത് ഇന്റേണൽ മാർക്കിനെ ബാധിക്കുമെന്ന സൂചനയാണ് സുഹൃത്തുക്കൾ നൽകിയത്. ഇതാണ് ആത്മഹത്യാ ശ്രമത്തിന് കുട്ടിയെ പ്രേരിപ്പിച്ചത്. പ്രിൻസിപ്പളായ ശ്രീ രവിചന്ദ്, അദ്ധ്യാപികമാരായ ശാലിൻ, ഹന, രാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇതൊക്കെ നടന്നതെന്നാണ് കുട്ടി പൊലീസ് മൊഴി നൽകിയത്. എന്നാൽ ആരോപണങ്ങൾ ഗുരുതരമല്ലെന്നും മാർക്ക് കുറഞ്ഞതിലെ മനോവിഷമം മാത്രമാകും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു.

വിവാദ വ്യവസായിയുടെ മെഡിക്കൽ കോളേജ് ആയതിനാൽ കേസിൽ അന്വേഷണം ശരിയായ ദിശയിൽ പോകുമോ എന്ന സംശയം ബന്ധുക്കൾക്കുണ്ട്. സോളാർ കേസിലും ആറന്മമുള വിവാദത്തിലും ഉയർന്ന് കേട്ട പേരാണ് എബ്രഹാം കലമണ്ണിന്റേത്. കോളേജിലെ പിടിഎ യോഗത്തിൽ കോളേജ് മാനേജ്‌മെന്റിനെതിരെ സുപ്രിയയുടെ അച്ഛൻ നിലപാട് എടുത്തിരുന്നു. പഠന സൗകര്യങ്ങളെ കുറിച്ച് വിമർശനവും ഉയർത്തി. കോളേജിലെ പിടിഎ പ്രസിഡന്റ് കൂടിയായിരുന്നു സുപ്രിയയയുടെ അച്ഛൻ. ഈ സാഹചര്യത്തിലാണ് മാനേജ്മന്റിനെതിരെ സംസാരിക്കേണ്ടി വന്നത്.

ഇതിന് ശേഷമാണ് കോളേജ് പ്രിൻസിപ്പലും അദ്ധ്യാപകരും പെൺകുട്ടിയോട് മോശമായി പെരുമാറാൻ തുടങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ എബ്രഹാം കലമണ്ണിനെതിരേയും നടപടി വേണമെന്നാണ് ആവശ്യം.