കോട്ടയം: വീട്ടിൽ നിന്ന് ഒളിച്ചോടിപ്പോയ യുവതി തിരിച്ചെത്തിയപ്പോൾ വീട്ടുകാർ സ്വീകരിച്ചില്ല. ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേയ്ക്ക്. പാമ്പാടിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.പൊലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. മീനടം മഞ്ഞാടി സ്വദേശിനിയാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

രണ്ടാഴ്ച മുൻപ് പെൺകുട്ടി വീടുവിട്ട് പാദുവയിലുള്ള കാമുകനോടൊപ്പം ഇറങ്ങിപ്പോയി. അടുത്ത ദിവസം ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഒരാഴ്ചകഴിഞ്ഞപ്പോൾ മുതൽ യുവതിയുടെ സ്വഭാവം ശരിയല്ലന്ന് പറഞ്ഞ് കാമുകന്റെ വീട്ടുകാർ ബഹളം ആരംഭിച്ചു. ബഹളം സഹിക്കവയ്യാതായപ്പോൾ യുവതി സ്വന്തം വീ്ട്ടിലേയ്ക്ക് പോരുന്നതിന് തീരുമാനിച്ചു.

അതിൻപ്രകാരം വെള്ളിയാഴ്ച വൈകുന്നേരം യുവതി വീട്ടിൽ എത്തി. തുടർന്ന് വീട്ടുകാർ സ്വീകരിക്കാതെ വന്നതോടെയാണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ഞാടി കവലയിൽ നിന്ന് ഓട്ടോയിൽ പാമ്പാടി ടൗണിൽ എത്തി. അവിടെ നിന്നും പൊലീസ് സ്റ്റേഷനിലേയ്ക്ക് ഓടികയറി വിവരം പറയുകയായിരുന്നു.

ഉടൻ തന്നെ സിഐ സാജു വർഗീസ്, എസ്ഐ ടി.ശ്രീജിത്ത് എന്നിവർ ഉടൻ സിഐയുടെ വാഹനത്തിൽ കയറ്റി യുവതിയെ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചു. വയറു കഴുകി അടിയന്തര ശുശ്രൂഷ ഉറപ്പാക്കുകയും ചെയ്തു. പിന്നിട് വീട്ടുകാരെ പൊലീസ് വിളിച്ചു വരുത്തി പറഞ്ഞയച്ചു. കേസ് കോട്ടയം വനിതാ സെല്ലിന് കൈമാറി. വനിതാ സെൽ അടുത്ത ദിവസം ഇരുകൂട്ടരെയും വിളിപ്പിച്ചതായാണ് അറിയുന്നത്.